ഡോ. പി.കെ ജമീലയുടെ പേരു വന്ന തരൂർ , അരുവിക്കര പൊന്നാനി ഒറ്റപ്പാലം കൊയിലാണ്ടി തുടങ്ങിയവയാണ് തർക്കം നിലനിൽക്കുന്ന പ്രധാന സീറ്റുകൾ
തിരുവനന്തപുരം: അന്തിമ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരുന്നു. സംസ്ഥാന സമിതി ആദ്യഘട്ടത്തിൽ അംഗീകരിച്ച പട്ടികയ്ക്ക് മേലുള്ള ജില്ലാ കമ്മിറ്റികളുടെ ശുപാർശകളടക്കം സെക്രട്ടേറിയേറ്റ് പരിശോധിക്കും. സംസ്ഥാന സമിതി അംഗീകാരം നൽകിയ പല പേരുകളിലും ജില്ലാ സെക്രട്ടറിയേറ്റുകളുടെ എതിർപ്പ് നിലനിൽക്കുന്നതിനാൽ തർക്ക മണ്ഡലങ്ങളിൽ സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ തീർപ്പ് കൽപിക്കും.
ഡോ. പി.കെ ജമീലയുടെ പേരു വന്ന തരൂർ , അരുവിക്കര പൊന്നാനി ഒറ്റപ്പാലം കൊയിലാണ്ടി തുടങ്ങിയവയാണ് തർക്കം നിലനിൽക്കുന്ന പ്രധാന സീറ്റുകൾ. ഇന്ന് തന്നെ അന്തിമ പട്ടികക്ക് രൂപം നൽകി ബുധനാഴ്ചയോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് സി പി എം നീക്കം. റാന്നി ചാലക്കുടി അടക്കം ഉറച്ച സീറ്റുകൾ ഘടകകക്ഷികൾക്ക് നൽകുന്നതിലും എതിർപ്പ് നിലനിൽക്കുകയാണ്. തുടർച്ചയായി രണ്ട് ടേം വ്യവസ്ഥയിൽ ഇളവുണ്ടാകില്ലെന്ന് ജില്ലാ യോഗങ്ങളിൽ തന്നെ സംസ്ഥാന നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു.
undefined
അതേസമയം സിപിഐ നേതൃയോഗങ്ങളും ഇന്ന് നടക്കും. തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ മണ്ഡലം കമ്മിറ്റികളിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിശോധിച്ച് ക്രോഡീകരിക്കും. ഇതിലെ മുൻഗണനാക്രമത്തിൽ മൂന്ന് പേരുടെ പേരുകൾ സാധ്യതാ പട്ടികയായി പരിഗണിക്കും. ഈ ലിസ്റ്റ് സംസ്ഥാന കമ്മിറ്റിക്ക് ഇന്ന് തന്നെ കൈമാറും. മന്ത്രി വി എസ് സുനിൽകുമാറിന്‍റെ സ്ഥാനാർഥി സാധ്യത ഉറ്റുനോക്കുന്ന തൃശൂരിൽ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ്, അസി.സെക്രട്ടറി പി ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഷീല വിജയകുമാർ, മന്ത്രി സുനിൽകുമാറിന്‍റെ പി എസ് ടി പ്രദീപ് കുമാർ, കോർപ്പറേഷൻ കൗൺസിലർ സാറാമ്മ റോബ്സൺ എന്നിവരുടെ പേരുകളാണ് ഉയർന്നത്. മന്ത്രിയുടെ പേര് മണ്ഡലം കമ്മിറ്റികൾ മുന്നോട്ടുടുവെച്ചിട്ടില്ല. ഒല്ലൂരിൽ കെ രാജൻ, നാട്ടികയിൽ ഗീത ഗോപിയുടെ പേരിനൊപ്പം എൻ കെ ഉദയപ്രകാശിന്‍റെയും, കൊടുങ്ങല്ലൂരിൽ വി ആർ സുനിൽകുമാറിന്‍റെയും കൈപ്പമംഗലത്ത് ഇ ടി ടൈസറെയും പേരുകളുമാണ് മണ്ഡലം കമ്മിറ്റികൾ മുന്നോട്ടു വെച്ചിരിക്കുന്നത്.
സ്ഥാനാർഥി പട്ടിക തയാറാക്കാനുള്ള സി പി ഐ കൊല്ലം ജില്ലാ നിർവാഹക സമിതിയും ഇന്ന് യോഗം ചേരും. പതിനൊന്നു മണിക്ക് ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരന്‍റെ നേതൃത്വത്തിൽ ചേരുന്ന യോഗം മൂന്നു പേരുടെ പട്ടികയടങ്ങുന്ന പാനലാവും സംസ്ഥാന നേതൃത്വത്തിനു കൈമാറുക. കരുനാഗപ്പള്ളിയിൽ സിറ്റിങ് എം എൽ എ ആർ രാമചന്ദ്രൻ തന്നെ വീണ്ടും മൽസരിക്കാനാണ് സാധ്യത. ചടയമംഗലം, പുനലൂർ സീറ്റുകളിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയേക്കും. ചാത്തന്നൂരിൽ ജി എസ് ജയലാലിനെ മൂന്നാമതും മൽസരിപ്പിക്കണോ എന്ന കാര്യത്തിലും ചർച്ചയുണ്ടാവും.
അതേസമയം ഇടതുമുന്നണിയിൽ ചങ്ങനാശേരി സീറ്റിലെ തർക്കം തലവേദനയാകുകയാണ്. സിപിഐ - ജോസ് കെ മാണി തർക്കം തുടർന്നതോടെ ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗവും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. നാല് സീറ്റുകൾ നൽകാത്തതിൽ പ്രതിഷേധിച്ച് ശ്രേയാംസ് കുമാറും ഷെയ്ക്ക് പി ഹാരിസും യോഗത്തിൽ നിന്ന് വിട്ടു നിന്നു. എൻ സി പിയും ജെ ഡി എസും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.