പൊന്നാനി, മഞ്ചേശ്വരം അടക്കം സ്ഥാനാർത്ഥി നിർണ്ണയത്തിൽ താഴെ തട്ടിൽ കടുത്ത എതിർപ്പ് നിലനിൽക്കുന്ന മണ്ഡലങ്ങളിലും ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.
തിരുവനന്തപുരം: സിപിഎം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും.രാവിലെ 11 മണിക്കാണ് പ്രഖ്യാപനം. 85 മണ്ഡലങ്ങളിലാണ് സിപിഎമ്മും പാർട്ടി പിന്തുണക്കുന്ന സ്വതന്ത്രരും മത്സരിക്കുന്നത്. പൊന്നാനി, മഞ്ചേശ്വരം അടക്കം സ്ഥാനാർത്ഥി നിർണ്ണയത്തിൽ താഴെ തട്ടിൽ കടുത്ത എതിർപ്പ് നിലനിൽക്കുന്ന മണ്ഡലങ്ങളിലും ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.
മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ആര്‍ ജയാനന്ദയുടെ പേര് മണ്ഡലം കമ്മിറ്റി തള്ളിയിരുന്നു. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റിലും ധാരണയായില്ല. തര്‍ക്കം പരിഹരിക്കാൻ ഇന്ന് രാവിലെ 10 മണിക്ക് മണ്ഡലം കമ്മിറ്റി വിളിച്ചിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ പങ്കെടുക്കും. പ്രാദേശിക തലത്തില്‍ പ്രതിഷേധം ശക്തമാണെങ്കിലും പൊന്നാനിയില്‍ പി. നന്ദകുമാര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.
undefined
കുറ്റ്യാടിയും റാന്നിയും കേരള കോൺഗ്രസിന് വിട്ടുനൽകാനുള്ള തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല. കേരളാ കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയതില്‍, കുറ്റ്യാടിയില്‍ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ ഇന്നും പ്രതിഷേധിക്കും. സംഘടിക്കാൻ ആഹ്വാനം ചെയ്ത് ഇന്നലെ രാത്രി മണ്ഡലത്തിന്‍റെ പല ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ വോട്ട് ചെയ്യാൻ ആഗ്രഹമുള്ളവര്‍ പ്രതിഷേധ പരിപാടിയില്‍ എത്തിച്ചേരണമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. കേരളാ കോണ്‍ഗ്രസിന് സീറ്റ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രാദേശിക നേതാക്കള്‍ ഇന്നലെ സിപിഎം കേന്ദ്ര കമ്മിറ്റിക്ക് ഇ-മെയിൽ അയച്ചിരുന്നു.
വോട്ടഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടം മണ്ഡല പര്യടനം ഇന്ന് തുടങ്ങും. ചെന്പിലോട് നിന്ന് രാവിലെ പത്തുമണിക്കാണ് പര്യടനം തുടങ്ങുക. മൂന്ന് ബൂത്തിലുള്ള വോട്ടർമാരെ ഒരു കേന്ദ്രത്തിൽ ഇരുത്തിയാകും മുഖ്യമന്ത്രി സംസാരിക്കുക. തുടർ ദിവസങ്ങളിൽ എൽഡിഎഫിലെ പ്രമുഖ നേതാക്കൾ പിണറായിക്കായി വോട്ടുചോദിക്കാനെത്തും. നാളെ വൈകുന്നേരം നടക്കുന്ന ധർമ്മടം മണ്ഡലം കൺവെൻഷനിൽ ഇ പി ജയരാജൻ , കാനം രാജേന്ദ്രൻ എന്നീ നേതാക്കൾ പങ്കെടുക്കും. ഈ മാസം പതിനാറ് വരെ ധർമ്മടത്ത് തങ്ങുന്ന പിണറായി നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം സംസ്ഥാനമൊട്ടാകെയുളള എൽഡിഎഫ് പ്രചാരണത്തിന് ഇറങ്ങും.