പൊന്നാനിയിൽ കെ.ടി.ജലീലിനെ മത്സരിപ്പിക്കാനും പി.നന്ദകുമാറിനെ പകരം തവനൂരിൽ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താനുമാണ് സിപിഎം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മലപ്പുറം: പൊന്നാനി സീറ്റിൽ പ്രാദേശിക നേതൃത്വത്തിൻ്റെ പ്രതിഷേധം തണ്ണുപ്പിച്ച് പ്രശ്നം പരിഹരിക്കാൻ പുതിയ ഫോര്‍മുലയുമായി സിപിഎം. പി. നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി തവനൂര്‍, പൊന്നാനി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ വച്ചു മാറ്റാനാണ് ജില്ലാ നേതൃത്വം ആലോചിക്കുന്നത്.
പൊന്നാനിയിൽ കെ.ടി.ജലീലിനെ മത്സരിപ്പിക്കാനും പി.നന്ദകുമാറിനെ പകരം തവനൂരിൽ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താനുമാണ് സിപിഎം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൊന്നാനിയിലും ചിരപരിചിതനായ നേതാവാണ് കെ.ടി.ജലീൽ എന്നതാണ് അദ്ദേഹത്തെ അവിടെ ഇറക്കാൻ മലപ്പുറം ജില്ലാ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. മന്ത്രിയെന്ന നിലയിൽ പൊന്നാനിയിൽ സജീവമായി ഇടപെട്ട ജലീൽ നന്ദകുമാറിനേക്കാളും അണികൾക്ക് സ്വീകാര്യനായിരിക്കുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.
സിപിഎമ്മിൻ്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടിക നാളെ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കേയാണ് പുതിയ ഫോര്‍മുലയുമായി സിപിഎം ജില്ലാ നേതൃത്വം രംഗത്തു വന്നത്. ജില്ലാ നേതൃത്വത്തിൻ്റെ ഈ നിര്‍ദേശത്തിൽ സംസ്ഥാന നേതൃത്വം ഇതുവരെ മനസ്സ് തുറന്നിട്ടില്ല. അതേസമയം പൊന്നാനിയിൽ കെ.ടി.ജലീലിനെ ഇറക്കിയാലും ടി.എം.സിദ്ധീഖിന് അവസരം നിഷേധിച്ചതിലുള്ള പ്രതിഷേധം തണ്ണുപ്പിക്കാനാവുമോ എന്ന കാര്യം കണ്ടറിയണം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കൾ പൊന്നാനിയിലെത്തി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.