'പ്രശ്നങ്ങൾ നേരത്തെ പരിഹരിക്കേണ്ടതായിരുന്നു', കോൺഗ്രസിലെ പൊട്ടിത്തെറിയിൽ ഹൈക്കമാൻഡിന് അതൃപ്തി

By Web Team  |  First Published Mar 15, 2021, 1:53 PM IST

ദില്ലിയിൽ ഏഴു ദിവസത്തെ ചർച്ചയ്ക്ക് ശേഷം കോൺഗ്രസ് പട്ടിക പുറത്തിറക്കിയ ഉടനുള്ള ഈ പ്രതിഷേധം പാർട്ടി കേന്ദ്ര നേതാക്കളെയും ഞെട്ടിച്ചു.


ദില്ലി: കോൺഗ്രസ് പട്ടികയ്ക്കു ശേഷമുള്ള പൊട്ടിത്തെറിയിൽ ഹൈക്കമാൻഡിന് കടുത്ത അമർഷം. വനിത പ്രാതിനിധ്യം കൂട്ടണമെന്ന സോണിയ ഗാന്ധിയുടെ നിർദ്ദേശം നടപ്പാകാത്തതിലും അതൃപ്തിയുണ്ട്. ഇന്നു രാത്രിയോടെ തർക്ക സീറ്റുകളിൽ ധാരണയായേക്കും എന്നും എഐസിസി വൃത്തങ്ങൾ അറിയിച്ചു.

ദില്ലിയിൽ ഏഴു ദിവസത്തെ ചർച്ചയ്ക്ക് ശേഷം കോൺഗ്രസ് പട്ടിക പുറത്തിറക്കിയ ഉടനുള്ള ഈ പ്രതിഷേധം പാർട്ടി കേന്ദ്ര നേതാക്കളെയും ഞെട്ടിച്ചു. 55 ശതമാനം പുതുമുഖങ്ങളുമായി വന്ന പട്ടികയുടെ പ്രഖ്യാപനം പാർട്ടിക്ക് ഗുണം ചെയ്യുമെന്നായിരുന്നു എഐസിസി കണക്കുകൂട്ടൽ. അതു കൊണ്ടാണ് എഐസിസി പട്ടിക പുറത്തിറക്കുക എന്ന പതിവ് മാറ്റി മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ ഇത് പ്രഖ്യാപിക്കുക എന്ന നിർദ്ദേശം നല്കിയത്. എന്നാൽ ഇതിനു പിന്നാലെയുള്ള ലതിക സുഭാഷിൻറെ പ്രതിഷേധം പട്ടിക കൊണ്ട് നേടാമായിരുന്ന മുൻതൂക്കം ഇല്ലാതാക്കിയെന്നാണ് വിലയിരുത്തൽ. വനിതാ പ്രാതിനിധ്യം കൂട്ടണമെന്ന് സോണിയ ഗാന്ധി തന്നെ നിർദ്ദേശം നല്കിയിരുന്നു. 

Latest Videos

undefined

പത്തു ശതമാനം വനിതകളുണ്ടെന്നും മുസ്ലിം ലീഗും ഇത്തവണ ഒരു വനിതയ്ക്ക് സീറ്റ് നല്കിയെന്നും ചൂണ്ടിക്കാട്ടി പട്ടികയ്ക്ക് അംഗീകാരം വാങ്ങി. ലതിക സുഭാഷിൻറെ ആവശ്യം എല്ലാ മുതിർന്ന നേതാക്കളുടെയും മുന്നിൽ ഉണ്ടായിരുന്നെങ്കിലും ഇത്ര വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ആരും കരുതിയില്ല. സംസ്ഥാന നേതാക്കൾ ഇത് പറഞ്ഞു തീർക്കേണ്ടതായിരുന്നു എന്ന വികാരമാണ് ഹൈക്കമാൻഡിനുള്ളത്. 

വട്ടിയൂർക്കാവിൽ പിസി വിഷ്ണുനാഥിനെതിരെ ഉൾപ്പടെ തർക്ക സീറ്റുകളിൽ പരിഗണിക്കുന്നവർക്കെതിരെയും എഐസിസിയിലേക്ക് പരാതി പ്രളയമാണ്. നാളെ രാവിലെയോടെ എല്ലാം പ്രഖ്യാപിക്കാം എന്ന പ്രതീക്ഷയാണ് നേതാക്കൾ പ്രകടിപ്പിക്കുന്നത്. ഒറ്റപ്പാലത്തുൾപ്പടെ ഹൈക്കമാൻഡ് ഇടപെടൽ അവസാന നിമിഷം പട്ടികയിലുണ്ടായി. സ്ഥാനാർത്ഥിനിർണ്ണയത്തിനു ശേഷമുള്ള തർക്കങ്ങൾ തീർക്കാൻ എഐസിസി തന്നെ നേരിട്ട് ഇടപെട്ടേക്കും

click me!