കോൺഗ്രസ് സ്ഥാനാർത്ഥിപട്ടിക നാളെ; സ്ക്രീനിംഗ് കമ്മിറ്റി ഇന്നും തുടരും, ഇരിക്കൂറിനായി എയും ഐയും രംഗത്ത്

By Web Team  |  First Published Mar 9, 2021, 6:49 AM IST

കണ്ണൂരിലെ കോണ്‍ഗ്രസിന്‍റെ ഉരുക്ക് കോട്ടയായ ഇരിക്കൂറിലെ സ്ഥാനാർത്ഥി നിർണയം യുഡിഎഫിന് തലവേദനയാവുകയാണ്. 39 കൊല്ലം എംഎൽഎ ആയിരുന്ന കെ സി ജോസഫ് ഇനി ഇരിക്കൂറിലേക്ക് ഇല്ലെന്ന് പറഞ്ഞെങ്കിലും പകരം ആര് എന്ന ചോദ്യം ബാക്കിയാണ്. 


തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിന് സ്ക്രീനിംഗ് കമ്മിറ്റി ഇന്നും ചേരും. എംപിമാരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകും അന്തിമ പട്ടിക തയ്യാറാക്കുക. ഹൈക്കമാൻഡ് പ്രതിനിധികൾക്കൊപ്പം ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി, ചെന്നിത്തല എന്നിവരും സ്ക്രീനിംഗ് കമ്മിറ്റിയിലുണ്ട്. യുവാക്കൾക്ക് പ്രാതിനിധ്യമെന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശത്തിന്മേലും ചർച്ച നടക്കും. നാളെ ചേരുന്ന തെരഞ്ഞെടുപ്പ്‌ സമിതിയിൽ അന്തിമ പട്ടിക സമർപ്പിക്കാനാണ് നിർദേശം. മുല്ലപ്പള്ളിയുടെ സ്ഥാനാർത്ഥിത്വത്തിലും ഇന്ന് തീരുമാനമായേക്കും.

അതേസമയം, കണ്ണൂരിലെ കോണ്‍ഗ്രസിന്‍റെ ഉരുക്ക് കോട്ടയായ ഇരിക്കൂറിലെ സ്ഥാനാർത്ഥി നിർണയം യുഡിഎഫിന് തലവേദനയാവുകയാണ്. കെ സി ജോസഫിന്റെ പകരക്കാരനായി സോണി സെബാസ്റ്റ്യന്റെയും സജീവ് ജോസഫിന്റെയും പേരുകൾക്ക് പുറമെ ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ കെ വി ഫിലോമിനയെ കൂടി പരിഗണിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസിന് സീറ്റ് നൽകുന്നതിലൂടെ മലയോരത്തെ ക്രിസ്ത്യൻ വിഭാഗത്തെ ഒപ്പം കൂട്ടാനാകുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ.

Latest Videos

undefined

39 കൊല്ലം എംഎൽഎ ആയിരുന്ന കെ സി ജോസഫ് ഇനി ഇരിക്കൂറിലേക്ക് ഇല്ലെന്ന് പറഞ്ഞെങ്കിലും പകരം ആര് എന്ന ചോദ്യം ബാക്കിയാണ്. മണ്ഡലത്തിൽ നിന്നുള്ള ഒരാളെ തന്നെ മത്സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവർത്തകരുടെ വികാരം. കഴിഞ്ഞ തവണ സീറ്റ് നിഷേധിക്കപ്പെട്ട സോണി സെബാസ്റ്റ്യനെയാണ് എ ഗ്രൂപ്പ് പരിഗണിക്കുന്നത്. എന്നാൽ കെസി ജോസഫ് കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുകയാണെങ്കിൽ ഇരിക്കൂർ സീറ്റ് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടേക്കാം. ഇതിനിടെ കെപിസിസി സെക്രട്ടറി സജീവ് ജോസഫിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഐ ഗ്രൂപ്പ് മുന്നോട്ട് വച്ചുകഴിഞ്ഞു. കെ സി വേണുഗോപാലിന്‍റെ പിന്തുണയും സജീവിനാണ്. യുഡിഎഫ് കണ്ണൂർ ജില്ലാ കണ്‍വീനർ പി ടി മാത്യുവിന്‍റെ പേരും കേൾക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി മോഹം വിടാത്ത കെസി ജോസഫ് ഇരിക്കൂറിൽ ക്യാമ്പ് ചെയ്ത് സോണി സെബാസ്റ്റ്യനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എൽഡിഎഫാകട്ടെ സീറ്റ് കേരള കോണ്‍ഗ്രസിന് കൈമാറി മണ്ഡലം തിരിച്ചുപിടിക്കാൻ ഒരുകൈ ശ്രമിക്കുകയാണ്. സജി കുറ്റ്യാണിമറ്റമായിരിക്കും എൽഡിഎഫ് സ്ഥാനാർത്ഥി.

സിപിഐയുടെ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നൽകിയതിലൂടെ എൽഡിഎഫ് കണ്ണ് വയ്ക്കുന്നത് ഇരിക്കൂറിലെ സാമുദായിക വോട്ടുകളാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി ഉണ്ടാകാതിരിക്കാൻ ശ്രദ്ധാപൂ‍ർവ്വമാണ് യുഡിഎഫ് നീങ്ങുന്നത്.

click me!