കോൺഗ്രസ് സ്ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേർന്നേക്കും
ദില്ലി: സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കുമ്പോൾ കോൺഗ്രസിൽ കെ ബാബുവിനെ ചൊല്ലി തർക്കം. തൃപ്പൂണിത്തുറയിൽ കെ ബാബുവിന് സീറ്റ് നൽകിയാൽ പാർട്ടി വലിയ വില നൽകേണ്ടി വരുമെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. ഇതോടെ തൃപ്പൂണിത്തുറയിൽ സൗമിനി ജെയ്‌നെയും സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ട്. കെ ബാബുവിന് തൃപ്പൂണിത്തുറയിൽ സീറ്റ് നൽകുകയാണെങ്കിൽ മൂവാറ്റുപുഴയിൽ ജോസഫ് വാഴക്കനും സീറ്റ് നൽകണമെന്നാണ് വാദം. ഹൈക്കമാന്റ് സർവേയുടെ പേരിൽ വാഴക്കനെ മാറ്റനിർത്തുന്നതിൽ ഐ ഗ്രൂപ്പ് അതൃപ്തി അറിയിച്ചു.
നേമത്ത് സ്ഥാനാർത്ഥിയായാൽ, നിലവിൽ ഏൽപ്പിച്ചിരിക്കുന്ന പ്രചാരണ സമിതി അധ്യക്ഷ ചുമതലയിൽ നിന്ന് ഒഴിയുമെന്ന് കെ മുരളീധരൻ വ്യക്തമാക്കി. സീറ്റ് മാറി മത്സരിക്കാനുള്ള ഹൈക്കമാന്റ് നിർദ്ദേശത്തിൽ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
കോൺഗ്രസ് സ്ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേർന്നേക്കും. സ്ഥാനാർത്ഥികളെ വൈകുന്നേരത്തോടെ പ്രഖ്യാപിക്കാനാണ് നീക്കം. ഉമ്മൻ ചാണ്ടിയോ, കെ മുരളീധരനോ നേമത്ത് സ്ഥാനാർഥിയാക്കുന്നതിൽ ഇന്ന് തീരുമാനം അറിയാനാവും. ഹൈക്കമാന്റ് നിർദേശത്തിൽ ഉമ്മൻ ചാണ്ടി ഇതുവരെ മനസ്സ് തുറന്നിട്ടില്ല. എന്നാൽ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുരളീധരൻ അറിയിച്ചിട്ടുണ്ട്. ബിജെപി വെല്ലുവിളി നേരിടാൻ വട്ടിയൂർക്കാവിലും ശക്തനായ സ്ഥാനാർത്ഥി വേണമെന്നാണ് ഹൈക്കമാന്റ് നിലപാട്.