'പാർട്ടി പുന:സംഘടന മാത്രമാണ് പരിഹാരം'; നിലപാട് കടുപ്പിച്ച് എ വി ​ഗോപിനാഥ്; പെരിങ്ങോട്ടുകുറിശ്ശിയിൽ യോ​ഗം

By Web Team  |  First Published Mar 11, 2021, 5:07 PM IST

കൂടെയുള്ള പ്രവർത്തകരെ വഞ്ചിച്ച് പോകാൻ തനിക്ക് ആകില്ല. കോൺഗ്രസ് അഖിലേന്ത്യാ നേതാക്കളെ വരെ വിവരം അറിയിച്ചു. ദുഃഖങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാൻ നേതാക്കൾക്ക് കഴിയുന്നില്ല. 


പാലക്കാട്: കോൺ​ഗ്രസ് പുന:സംഘടന ഉണ്ടായേ തീരൂ എന്ന് എ വി ​ഗോപിനാഥ്. അതിൽ നിന്ന് മാറിയുള്ള ഒരു തീരുമാനവും അംഗീകരിക്കില്ല. പ്രവർത്തകരുടെ വികാരം മനസ്സിലാക്കാതെ മുന്നോട്ട് പോകാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നും ​ഗോപിനാഥ് പറഞ്ഞു.

സ്വന്തം പാർട്ടിയിൽ നിന്ന് ചവിട്ടുകൾ ഏൽക്കുമ്പോൾ എന്ത് ചെയ്യും.  കൂടെ നിൽക്കേണ്ടവർ, സംരക്ഷിക്കേണ്ട ആളുകൾ പിൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയിട്ട് 20 വർഷമായി. ഇതു വരെ താൻ മനസ്സ് തുറന്നിട്ടില്ല. കൂടെയുള്ള പ്രവർത്തകരെ വഞ്ചിച്ച് പോകാൻ തനിക്ക് ആകില്ല. കോൺഗ്രസ് അഖിലേന്ത്യാ നേതാക്കളെ വരെ വിവരം അറിയിച്ചു. ദുഃഖങ്ങളും പ്രയാസങ്ങളും മനസ്സിലാക്കാൻ നേതാക്കൾക്ക് കഴിയുന്നില്ല. സുഖം മാത്രം അറിയുന്നവരാണ് പാർട്ടിയുടെ തലപ്പത്തുള്ളവർ. 

Latest Videos

undefined

പാർട്ടിയിൽ മാറ്റം അനിവാര്യമാണ്. ​ഗ്രൂപ്പിസം കോൺ​ഗ്രസിന്റെ ആണിവേര് അറുക്കും. കോൺ​ഗ്രസിന് ജീവൻ നൽകിയ പ്രവർത്തകർ പ്രതിസന്ധിയിലാണ്. തന്റെ ശബ്ദം മാത്രം നേതൃത്വം മറ്റൊരു അർത്ഥത്തിലെടുത്തു. നേതാക്കളുമായുള്ള ചർച്ചകൾ പ്രതീക്ഷിച്ച പോലെ മുന്നോട്ട് പോകുന്നില്ല. നേരിയ പ്രതീക്ഷ മാത്രമാണ് ഇപ്പോഴുള്ളത്. അതുമായി കാത്തിരിക്കും. നാളെ രാത്രിവരെ അനുകൂലതീരുമാനത്തിനായി കാത്തിരിക്കുമെന്നും ​ഗോപിനാഥ് പറഞ്ഞു. .

പെരിങ്ങോട്ടുകുറിശ്ശിയിൽ തന്നെ അനുകൂലിക്കുന്നവരെ വിളിച്ചുകൂട്ടി എ വി ​ഗോപിനാഥ് ഇന്ന് യോ​ഗം ചേർന്നിരുന്നു. പ്രശ്നപരിഹാരം വൈകുന്നതിനെ തുടർന്നാണ് ഭാവി പരിപാടികൾ തീരുമാനിക്കാൻ യോഗം ചേർന്നത്. ഗോപിനാഥ് എന്ത് തീരുമാനമെടുത്താലും ഒപ്പമുണ്ടെന്ന് പ്രവർത്തകർ പറയുന്നു. പെരിങ്ങോട്ടുകുറിശ്ശി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രവർത്തകർ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. 

click me!