എലത്തൂര്‍ വിട്ടുകൊടുക്കില്ലെന്ന് എന്‍സികെ; പത്രിക പിന്‍വലിക്കില്ലെന്ന് കോണ്‍ഗ്രസ്സും ഭാരതീയ നാഷണല്‍ ജനതാദളും

By Web Team  |  First Published Mar 21, 2021, 8:47 PM IST

കോണ്‍ഗ്രസ് നിയജകമണ്ഡലം കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം പത്രിക നല്‍കിയ ദിനേശ് മണി മത്സരരംഗത്ത് നിന്ന് പിന്‍മാറില്ലെന്ന് വ്യക്തമാക്കി. 


കോഴിക്കോട്: സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്ന് എന്‍സികെ വ്യക്തമാക്കിയതോടെ എലത്തൂരില്‍ കോണ്‍ഗ്രസിന് പ്രതിസന്ധി രൂക്ഷമായി. എന്‍സികെയ്ക്ക് പുറമെ പത്രിക നല്‍കിയ കോണ്‍ഗ്രസ്, ഭാരതീയ നാഷണല്‍ ജനതാദള്‍ നേതാക്കളും പത്രിക പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടിലാണ്. വേണ്ടത്ര കൂടിയാലോചനയില്ലാതെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം കെ രാഘവന്‍ വിമര്‍ശിച്ചു

കോണ്‍ഗ്രസ് നിയജകമണ്ഡലം കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം പത്രിക നല്‍കിയ ദിനേശ് മണി മത്സരരംഗത്ത് നിന്ന് പിന്‍മാറില്ലെന്ന് വ്യക്തമാക്കി. എന്‍സികെ മുന്നണിയില്‍ എത്തും മുന്‍പ് എലത്തൂര്‍ സീറ്റ് യുഡിഎഫ് നല്‍കിയെന്നാണ് ഭാരതീയ നാഷണല്‍ ജനതാദളിന്‍റെ നിലപാട്. അതിനാല്‍ സീറ്റിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. എന്‍സികെ ആവട്ടെ അവര്‍ക്കാണ് സീറ്റ് നല്‍കിയതെന്നും വ്യക്തമാക്കുന്നു.

Latest Videos

undefined

എലത്തൂരില്‍ ഈ പ്രതിസന്ധിക്ക് കാരണം വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എം കെ രാഘവന്‍റെ അഭിപ്രായം. എം കെ രാഘവന്‍റെ ഈ പ്രസ്താവനയ്ക്കെതിരെ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ രംഗത്തെത്തി. രാഘവന്‍റെ പരസ്യപ്രസ്താവന ശരിയായില്ലെന്നാണ് ഹസ്സന്‍റെ വിമര്‍ശനം. ഘടക കക്ഷികള്‍ക്ക് നല്‍കിയ സീറ്റ് അവര്‍ വേണ്ടെന്ന് പറഞ്ഞാലെ ബദല്‍ ആലോചിക്കുവെന്നും ഹസ്സന്‍ വ്യക്തമാക്കി.

എം കെ രാഘവനെതിരെ എന്‍സികെ സ്ഥാനാര്‍ത്ഥി സുള്‍ഫീക്കര്‍ മയൂരിയും രംഗത്തെത്തി. രാഘവനും കോഴിക്കോട്ടുകാരനല്ല. മുന്നണി മര്യാദ രാഘവന്‍ കാണിക്കണമെന്ന് സുള്‍ഫിക്കര്‍ മയൂരി പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി ഇന്നലെ കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്‍റ് കെവി തോമസ് കോഴിക്കോട്ട് കോണ്‍ഗ്രസ്സ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. സമവായ സാധ്യതകള്‍ കെവി തോമസ് കെപിസിസി നേതൃത്ത്വത്തെ അറിയിച്ചിട്ടുണ്ട്.

യുഡിഫ് സ്ഥാനാര്‍ത്ഥിയായി എന്‍സികെയിലെ സുള്‍ഫിക്കര്‍ മയൂരിയെ പ്രഖ്യാപിച്ചതോടെയാണ് എലത്തൂരില്‍ കോണ്‍ഗ്രസ്സ് പ്രാദേശിക നേതൃത്ത്വം എതിര്‍പ്പുമായി രംഗത്തെത്തിയത്. മണ്ഡലത്തില്‍ സ്വാധീനമില്ലാത്ത പാര്‍ട്ടിക്ക് സീറ്റ് നല്‍കിയെന്നായിരുന്നു കോണ്‍ഗ്രസ്സിന്‍റെ പരാതി.

click me!