കൽപ്പറ്റ സീറ്റ് തർക്കം: കെപിസിസി വൈസ് പ്രസിഡന്റ് കെസി റോസക്കുട്ടി രാജിവച്ചു

By Web Team  |  First Published Mar 22, 2021, 12:56 PM IST

വയനാട്ടിലെ കോൺഗ്രസ് നേതാക്കൾക്ക് ഒരു വിലയും ഇല്ല എന്നതിന് തെളിവാണ് ടി സിദ്ദിഖിൻ്റെ സ്ഥാനാർത്ഥിത്വമെന്നാണ് ആക്ഷേപം. 


വയനാട്: കോൺഗ്രസിൽ നിന്ന് ഒരു വനിതാ നേതാവ് കൂടി രാജിവച്ചു. കെപിസിസി വൈസ് പ്രസിഡൻ്റ് കെ സി റോസക്കുട്ടി ടീച്ചറാണ് രാജിവച്ചത്. പാർട്ടിയുടെ പ്രാഥമിമ അംഗത്വത്തില്‍ നിന്ന് വരെയാണ് രാജി.  പാർട്ടിയിൽ നിരന്തരമായി സ്ത്രീകൾ അനുഭവിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് റോസക്കുട്ടി ടീച്ചർ വ്യക്തമാക്കി. കെപിസിസി വൈസ് പ്രസിഡൻ്റ് സ്ഥാനം, എഐസിസി അംഗത്വം എന്നീ സ്ഥാനങ്ങളും രാജിവച്ചിട്ടുണ്ട്. സമീപ കാലങ്ങളിൽ പാർട്ടിയിൽ സ്ത്രീകൾക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നാണ് കെ സി റോസക്കുട്ടി പറയുന്നത്. 

Latest Videos

undefined

കോൺഗ്രസിന് മതനിരപേക്ഷ ശക്തികളെ കെട്ടിപടുക്കാൻ സാധിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ റോസക്കുട്ടി ലതിക സുഭാഷിനോട് കാണിച്ചത് ഏറെ വേദനിപ്പിച്ചുവെന്നും കൂട്ടിച്ചേർത്തു. ലതിക തലമുണ്ഡനം ചെയ്ത ശേഷം കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതികരണം വേദനിപ്പിച്ചു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് ഉറപ്പിക്കാൻ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയേണ്ടി വന്നുവെന്നും റോസക്കുട്ടി പറയുന്നു. 

വയനാട് ജില്ലയിൽ ഹൈക്കമാൻഡിന്റെ ഒരു ഗ്രൂപ്പ് കൂടി വരുമോ എന്ന് ഭയപ്പെടുന്നുവെന്നും മാനസികമായി പ്രയാസപ്പെട്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും പറഞ്ഞ റോസക്കുട്ടി പൊതു പ്രവർത്തനം വിടാൻ താൽപര്യമില്ലെന്നും വ്യക്തമാക്കി. വയനാട്ടിൽ നിന്നുള്ള ആളുകളെ കൽപ്പറ്റയിൽ സ്ഥാനാർത്ഥിയാക്കാൻ ഏറെ പരിശ്രമിച്ചുവെങ്കിലും കോൺഗ്രസിലെ മുതിർന്ന നേതാക്കൾ അംഗീകരിച്ചില്ലെന്നാണ് ആരോപണം. വയനാട്ടുകാരെ അവഗണിക്കുന്നതിൽ പ്രതിഷേധമുണ്ടെന്നും  റോസക്കുട്ടി ടീച്ചർ പറഞ്ഞു. വയനാട്ടിലെ കോൺഗ്രസ് നേതാക്കൾക്ക് ഒരു വിലയും ഇല്ല എന്നതിന് തെളിവാണ് ടി സിദ്ദിഖിൻ്റെ സ്ഥാനാർത്ഥിത്വമെന്നാണ് ആക്ഷേപം. 

ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടൊ എന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഇപ്പോൾ ലതിക സുഭാഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്നും കെ സി റോസക്കുട്ടി ടീച്ചർ അറിയിച്ചു. കെ സി വേണുഗോപാലും ഉമ്മൻചാണ്ടിയും അടക്കമുള്ള നേതാക്കളുമായി സംസാരിച്ചുവെന്നും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇവരെ അറിയിച്ചിട്ടുണ്ടെന്നും റോസക്കുട്ടി വ്യക്തമാക്കി. 

കൽപ്പറ്റ സീറ്റ് ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഒരാൾക്ക് കൊടുത്തത് രാജിയുടെ ഒരു പ്രധാന കാരണമാണെന്ന് ആവർത്തിച്ച കോൺഗ്രസ് വനിതാ നേതാവ് താൻ രാജി തീരുമാനത്തിന് മുമ്പ് ലതിക സുഭാഷുമായി സംസാരിച്ചിരുന്നുവെന്നും വെളിപ്പെടുത്തി. വയനാട്ടിൽ നിന്ന് ഒരാൾക്ക് കൽപ്പറ്റയിൽ മത്സരിക്കാൻ കൊടുത്തിരുന്നെങ്കിൽ രാജി ഒഴിവാക്കാമായിരുന്നുവെന്നാണ് നിലപാട്. 

click me!