ന്യൂനപക്ഷ മോർച്ച നേതാവ് ബിജു മാത്യുവിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെയാണ് പാർട്ടി മണ്ഡലം കമ്മിറ്റികൾ രംഗത്തെത്തിയത്. വിജയ സാധ്യതയുള്ള അറന്മുളയിൽ ജനപ്രിയ സ്ഥാനാർത്ഥി വേണമെന്നാണ് ഇവരുടെ ആവശ്യം.
പത്തനംതിട്ട: സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി ആറന്മുളയിൽ ബിജെപിക്കുള്ളിൽ തർക്കം. ന്യൂനപക്ഷ മോർച്ച നേതാവ് ബിജു മാത്യുവിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെയാണ് പാർട്ടി മണ്ഡലം കമ്മിറ്റികൾ രംഗത്തെത്തിയത്.
വിജയ സാധ്യതയുള്ള അറന്മുളയിൽ ജനപ്രിയ സ്ഥാനാർത്ഥി വേണമെന്നാണ് ഇവരുടെ ആവശ്യം. ബിജുവിനെ സ്ഥാനാർത്ഥിയാക്കിയാൽ മണ്ഡലം കമ്മിറ്റികൾ രാജി വയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി. പഞ്ചായത്ത് മെമ്പർമാരും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രതിഷേധത്തിന് ആർ എസ് എസിൻ്റെ പിന്തുണയും ഉണ്ട്.
സംസ്ഥാനത്ത് 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുക. തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥിപട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും സ്ഥാനർത്ഥികളാകണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. തൃശ്ശൂരിലോ തിരുവനന്തപുരത്തോ സുരേഷ് ഗോപി മത്സരിക്കണമെന്നാണ് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. മത്സരിക്കുന്ന കാര്യത്തിൽ വിമുഖത കാട്ടിയ സുരേഷ് ഗോപിയുമായി ദേശീയ നേതാക്കൾ സംസാരിച്ചു. സുരേഷ് ഗോപി തൃശൂർ മത്സരിച്ചാൽ തിരുവന്തപുരത്ത് കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. നിലവിൽ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്.