വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി നിക്ഷിപ്ത താത്പര്യത്തോടെ , കൃത്രിമമായി സൃഷ്ടിച്ചതാണ് ഈ സര്‍വ്വേഫലങ്ങളെന്നായിരുന്നു പ്രതിപക്ഷനേതാവിന്‍റെ കുറ്റപ്പെടുത്തല്‍.
തിരുവനന്തപുരം: അഭിപ്രായ സര്‍വ്വേകള്‍ തടയാന്‍ നിലിവില്‍ നിയമമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പക്ഷപാതപരവും കൃത്രിമവുമായ തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ തടയണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്. ഏഷ്യാനെറ്റ് സീഫോര്‍ സര്‍വ്വേ മുതല്‍ ഇതുവരെ പുറത്തുവന്ന എല്ലാ സര്‍വ്വേഫലങ്ങളും ഇടതുമുന്നണിയുടെ തുടര്‍ഭരണമാണ് പ്രവചിച്ചത്. പ്രതിപക്ഷ നേതാവിന്‍റേ റേറ്റിംഗ് ദയിനീയവുമായിരുന്നു.
വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി നിക്ഷിപ്ത താത്പര്യത്തോടെ , കൃത്രിമമായി സൃഷ്ടിച്ചതാണ് ഈ സര്‍വ്വേഫലങ്ങളെന്നായിരുന്നു പ്രതിപക്ഷനേതാവിന്‍റെ കുറ്റപ്പെടുത്തല്‍. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ഈ നീക്കം തടയണമെന്നാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് ചെന്നിത്തല കത്ത് നല്‍കുകയും ചെയ്തിരുന്നു. അഭിപ്രായ സര്‍വ്വേകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ ഇന്നും രംഗത്തെത്തി.
സർവ്വേകളിലൂടെ പ്രതിപക്ഷത്തെ തകർക്കാനാകില്ലെന്നും, വിമർശിക്കുന്നവരെ സർവ്വേയിലൂടെ പിന്നിലാക്കി ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമമെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. സര്‍വ്വേകള്‍ യാഥാര്‍ത്ഥ്യ ബോധമില്ലാത്തതെന്നും പിന്നിൽ ബോധപൂര്‍വമായി ഗൂഢാലോചനയെന്നും പി കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. അതേസമയം തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ അഭിപ്രായം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.