ഇടത് മുന്നണി യോഗത്തിന് ശേഷം നടന്ന സിപിഎം-സിപിഐ ചർച്ചയിലും സിപിഐ ഈ നിലപാടിലുറച്ചു നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ തന്നെ 11 സീറ്റുകളുറപ്പിച്ച ജോസ് കെ മാണി ചങ്ങനാശേരി വേണ്ടി കടുംപിടുത്തം തുടരുകയാണ്.
തിരുവനന്തപുരം: ഇടത് മുന്നണിയിൽ തർക്കം തീരാതെ ചങ്ങനാശേരി സീറ്റ്. സിപിഐ-ജോസ് കെ മാണി തർക്കം തുടർന്നതോടെ ഇന്നത്തെ ഇടതുമുന്നണി യോഗവും തീരുമാനമാകാതെ പിരിഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ ചർച്ചയിലും തീരുമാനമായില്ല. കാഞ്ഞിരപ്പള്ളി അടക്കം നാലു സീറ്റുകൾ വീട്ടുനൽകിയ സിപിഐയ്ക്ക് ഒറ്റ നിർബന്ധമേയുള്ളു. പകരം ചങ്ങനാശേരി വേണം. ഇടത് മുന്നണി യോഗത്തിന് ശേഷം നടന്ന സിപിഎം-സിപിഐ ചർച്ചയിലും സിപിഐ ഈ നിലപാടിലുറച്ചു നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ തന്നെ 11 സീറ്റുകളുറപ്പിച്ച ജോസ് കെ മാണി ചങ്ങനാശേരി വേണ്ടി കടുംപിടുത്തം തുടരുകയാണ്.
അതേസമയം നിർണായക എൽഡിഎഫ് യോഗത്തിന് മുന്നോടിയായി എൽജെഡിയും കലാപക്കൊടി ഉയർത്തി. 4 സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ശ്രേയംസ് കുമാറും ഷെയ്ക്ക് പി ഹാരിസും ഇടതുമുന്നണി യോഗം ബഹിഷ്കരിച്ചു. പകരമെത്തിയ വർഗീസ് ജോർജ് എൽഡിഎഫിൽ പാർട്ടി പ്രതിഷേധം അറിയിച്ചു. തിരു-കൊച്ചി മേഖലയിൽ ഒരു സീറ്റു കൂടിയാണ് ആവശ്യം.
ഇന്നത്തോടെ സീറ്റ് വിഭജനത്തിൽ അന്തിമധാരണയാകുമെന്നായിരുന്നു സിപിഎം പ്രതീക്ഷ. എന്നാൽ 3 കക്ഷികളുയർത്തിയ ഭിന്നതയാണ് അന്തിമ തീരുമാനത്തിനുള്ള തടസ്സം. 4 സീറ്റ് ജെഡിഎസിന് നൽകിയതും എൽജെഡിയെ ചൊടിപ്പിക്കുന്നു. കോവളത്തും തിരുവല്ലയിലും അങ്കമാലിയിലും ചിറ്റൂരിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ജെഡിഎസ് പ്രചാരണത്തിലേക്ക് കടക്കുകയാണ്. തർക്കത്തിനൊടുവിൽ നീലലോഹിതൻ നാടാർ പാർട്ടി അംഗീകാരം നേടി. അങ്കമാലിയിൽ ജോസ് തെറ്റയിൽ , തിരുവല്ലയിൽ മാത്യു ടി തോമസ്, ചിറ്റൂരിൽ കൃഷ്ണൻ കുട്ടി എന്നിവർ മത്സരിക്കും. എൻസിപിയും സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകി. എലത്തൂരിൽ ശശീന്ദ്രൻ, കുട്ടനാട്ടിൽ തോമസ് കെ തോമസ്, കോട്ടക്കലിൽ മമ്മൂട്ടി എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾ.