ട്വന്റി 20 ഇല്ലായിരുന്നെങ്കിൽ യുഡിഎഫ് എറണാകുളം ജില്ലയിൽ 14 സീറ്റും നേടിയേനെയെന്നും വിഡി സതീശൻ പറഞ്ഞു.
പറവൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് കോൺഗ്രസ് നേതാവും പറവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ വി.ഡി.സതീശൻ. യുഡിഎഫിൽ നിന്നും അകന്ന ഹിന്ദുവോട്ടർമാർ മുന്നണിയിലേക്ക് തിരിച്ചെത്തിയെന്നും സതീശൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണി സംവിധാനം സംസ്ഥാനത്ത് നിർജീവമായിരുന്നു. പലയിടത്തും പ്രചാരണത്തിൽ പോലും
അവർ സജീവമായിരുന്നില്ല. ഇതെല്ലാം സിപിഎം - ബിജെപി ധാരണയുടെ തെളിവാണ്. ഇക്കുറി യുഡിഎഫ് ഭരണത്തിലെത്തിയാൽ അതിൻ്റെ മുഴുവൻ ക്രെഡിറ്റും സ്ഥാനാർത്ഥി പട്ടികയ്ക്കാണ്. സ്ഥാനാ൪ത്ഥി പട്ടിക വഴി കോൺഗ്രസ്സിൽ നടന്നത് തലമുറമാറ്റമാണ്.
രണ്ടാം നിര നേതാക്കളായ താൻ ഉൾപ്പടെയുള്ളവ൪ നി൪ദ്ദേശിച്ച 80 ശതമാനം പേരുകളേയും നേതൃത്വം സ്ഥാനാ൪ത്ഥികളായി അംഗീകരിച്ചു. യുഡിഎഫിന് ഒരു സാധ്യതയും ഇല്ലാതിരുന്ന മണ്ഡലങ്ങളിൽ ഇവർ ബുൾഡോസ൪ പോലെ എത്തി മത്സരമുണ്ടാക്കി. നിസാരം സീറ്റുകളിലാണ് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവയ്പ്പ് നടന്നത്. ഇതൊരിക്കലും വിജയസാധ്യതയെ ബാധിക്കില്ല. ട്വന്റി ട്വന്റി ഇല്ലായിരുന്നെങ്കിൽ യുഡിഎഫ് എറണാകുളം ജില്ലയിൽ 14 സീറ്റും നേടിയേനെയെന്നും വിഡി സതീശൻ പറഞ്ഞു.