'നേമം ഉരുക്കുകോട്ട'; പോറലേല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ലെന്ന് ബിജെപി, സിപിഎമ്മിന് വിമര്‍ശനം

By Web Team  |  First Published Feb 11, 2021, 8:02 PM IST

ഒ രാജഗോപാലിലൂടെ സംസ്ഥാനത്ത് താമര വിരിഞ്ഞ ഏക മണ്ഡലമാണ് നേമം. കേരളത്തിന്‍റെ ഗുജറാത്തെന്ന് കുമ്മനം വിശേഷിപ്പിച്ച മണ്‍ഡലം. സീറ്റ് നിലനിര്‍ത്തുകയെന്നത് ബിജെപിക്ക് അഭിമാനപ്രശ്നം കൂടിയാണ്. 


തിരുവനന്തപുരം: നേമം മണ്ഡലം ബിജെപിയുടെ ഉരുക്ക് കോട്ടയാണെന്നും, പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. വികസനത്തെ അട്ടിമറിക്കാനുള്ള സിപിഎമ്മിന്‍റെ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനും പാര്‍ട്ടി തുടക്കമിട്ടു. ബിജെപിക്കെതിരെ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും സുരേന്ദ്രന്‍ വെല്ലുവിളിച്ചു.

ഒ രാജഗോപാലിലൂടെ സംസ്ഥാനത്ത് താമര വിരിഞ്ഞ ഏക മണ്ഡലമാണ് നേമം. കേരളത്തിന്‍റെ ഗുജറാത്തെന്ന് കുമ്മനം വിശേഷിപ്പിച്ച മണ്‍ഡലം. സീറ്റ് നിലനിര്‍ത്തുകയെന്നത് ബിജെപിക്ക് അഭിമാനപ്രശ്നം കൂടിയാണ്. നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ വികസനം ചര്‍ച്ചയാക്കി ഒരു മുഴം മുമ്പേ എറിയുകയാണ് ബിജെപി. വികസനം മുടക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. 85 ശതമാനം ഭൂമിയും ഏറ്റെടുത്ത തിരുമല തൃക്കണ്ണാപുരം റോഡ് വികസനം സിപിഎം ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ചുവപ്പ് നാടയില്‍ കുരുക്കിയിടുകയാണ്. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വില്ലേജ് ഓഫീസും തുറന്ന് കൊടുക്കുന്നില്ല. വികസന അട്ടിമറിക്കെതിരെ ഒ രാജഗോപാല്‍ സംഘടിപ്പിച്ച 24 മണിക്കൂര്‍ സത്യാഗ്രഹം സംസ്ഥാന അദ്ധ്യക്ഷന്‍ ഉദ്ഘാടനം ചെയ്തു.

Latest Videos

ഇടത് വലത് മുന്നണികളുടെ എതിര്‍പ്പിനെ മറികടന്നും മണ്‍ഡലത്തിലെ അടിസഥാന സൗകര്യ വികസനത്തില്‍ ഏറെ മുന്നോട്ട് പോകാനായെന്നാണ് ബിജെപിയുടെ അവകാശവാദം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 21 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ 14 എണ്ണത്തിലും വിജയിച്ചു. ആറിടത്ത് രണ്ടാമതെത്തി. 90 പിന്നിട്ട രാജഗോപാല്‍ ഇക്കുറി മത്സര രംഗത്തുണ്ടാകില്ല. കുമ്മനം രാജശേഖരന്‍റെ പേരിനാണ് മുന്‍തൂക്കം. വര്‍ഗ്ഗീയതക്തെതിരെ സിപിഎം പ്രചാരണം കടുപ്പിച്ചതോടെ, നേമത്ത് വികസനം സജീവവിഷയമാക്കാനാണ് ബിജെപിയുടെ നീക്കം. 

click me!