ശബരിമല വിഷയത്തിൽ രാഷ്ട്രീയമില്ലെന്നാണ് കൊട്ടാരത്തിന്റെ നിലപാട്. കൊട്ടാരവുമായി ബന്ധപ്പെട്ട ഒരാളെ സ്ഥാനാർത്ഥിയാക്കാനായി ബിജെപി ശ്രമം നടത്തിയിരുന്നു
പത്തനംതിട്ട: പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാർത്ഥിയാക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞു. സ്ഥാനാർത്ഥിയാകാനില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധികൾ വ്യക്തമാക്കി. സ്വതന്ത്ര സ്ഥാനാർത്ഥിയാകാനും കൊട്ടാരം പ്രതിനിധികൾ വിസമ്മതം അറിയിച്ചു.
ശബരിമല വിഷയത്തിൽ രാഷ്ട്രീയമില്ലെന്നാണ് കൊട്ടാരത്തിന്റെ നിലപാട്. കൊട്ടാരവുമായി ബന്ധപ്പെട്ട ഒരാളെ സ്ഥാനാർത്ഥിയാക്കാനായി ബിജെപി ശ്രമം നടത്തിയിരുന്നു ഇതിനായി പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും ബിജെപിയുടെ ആവശ്യം കൊട്ടാരം പ്രതിനിധികൾ തള്ളുകയായിരുന്നു.
undefined
കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശി കുമാര വര്‍മ, സെക്രട്ടറി നാരായണ വര്‍മ എന്നിവരെയാണ് ബിജെപി മത്സരിക്കാനായി സമീപിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ കൊട്ടാരത്തില്‍ നേരിട്ടെത്തി ചർച്ച നടത്തിയിരുന്നു. ആറന്മുള മണ്ഡലമായിരുന്നു ബിജെപിയുടെ പദ്ധതിയിലുണ്ടായിരുന്നത്. കൊട്ടാരത്തിൽ നിന്നൊരാളെ മത്സരിപ്പിച്ചാൽ ശബരിമല വിഷയം സംസ്ഥാനമൊട്ടാകെ ചർച്ചയാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.
ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേമം ഉൾപ്പടെയുള്ള എട്ട് എ പ്ളസ് മണ്ഡലങ്ങളിൽ വിജയം ഉറപ്പാക്കുകയാണ് ഇത്തവണ ബിജെപിയുടെ ലക്ഷ്യം. ദില്ലിയിലെത്തിയ കേരള നേതാക്കളും കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ നേതാക്കളും ഇന്ന് സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കും. കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, എം ടി രമേഷ് ഉൾപ്പടെയുള്ള പ്രധാന നേതാക്കളെല്ലാം പട്ടികയിലുണ്ട്.
കേന്ദ്ര മന്ത്രി വി മുരളീധരൻ മത്സരിക്കാൻ സാധ്യതയില്ല. പകരം കഴക്കൂട്ടത്ത് ആര് എന്നതിൽ ആശയകുഴപ്പമാണ്. സുരേഷ് ഗോപി, ശോഭ സുരേന്ദ്രൻ എന്നിവര്‍ മത്സരിക്കുന്ന കാര്യത്തിൽ ദേശീയ നേതൃത്വത്തിന്‍റേതാകും അന്തിമ തീരുമാനം. പാലക്കാട് ഇ ശ്രീധരൻ തന്നെ സ്ഥാനാര്‍ത്ഥിയാകും.