ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന്; അമിത് ഷായെ കാണാൻ യാക്കോബായ ബിഷപ്പുമാർ ദില്ലിക്ക്

By Web Team  |  First Published Mar 11, 2021, 6:38 AM IST

നേമത്ത് കുമ്മനം ഉറപ്പിച്ചെങ്കിലും യുഡുഎഫിൻറെ കരുത്തനായ സ്ഥാനാർത്ഥി വന്നാൽ ബിജെപി കുമ്മനത്തെ മറ്റൊരിടത്തേക്ക് മാറ്റാനും സാധ്യതയുണ്ട്


തൃശ്ശൂർ: കേരള നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി പട്ടികക്ക് അന്തിമരൂപം നൽകാനായി ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഇന്ന് തൃശൂരിൽ യോഗം ചേരും. കഴക്കൂട്ടം ,കോന്നി, തിരുവനന്തപുരം, വട്ടിയൂർകാവ്, മഞ്ചേശ്വരം സീറ്റുകളിൽ ഇനിയും സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല. വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും കോൺഗ്രസ് സ്ഥാനാർത്ഥിയെ കൂടി അറിഞ്ഞ ശേഷം അന്തിമ തീരുമാനമെടുക്കാനാണ് ധാരണയെന്നാണ് വിവരം. അതേസമയം യാക്കോബായ ബിഷപ്പുമാർ അമിത് ഷായെ കാണാൻ ഇന്ന് ദില്ലിക്ക് പോകും.

നേമത്ത് കുമ്മനം ഉറപ്പിച്ചെങ്കിലും യുഡുഎഫിൻറെ കരുത്തനായ സ്ഥാനാർത്ഥി വന്നാൽ ബിജെപി കുമ്മനത്തെ മറ്റൊരിടത്തേക്ക് മാറ്റാനും സാധ്യതയുണ്ട്. മഞ്ചേശ്വരത്ത് ഇടത് സ്ഥാനാ‍ർത്ഥിയെ പരിഗണിച്ചാകും ബിജെപി സ്ഥാനാർത്ഥിയെ നിർത്തുക. ഈ അഞ്ചിൽ ഒരിടത്താകും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കുക. സുരേഷ് ഗോപിയുടെ കാര്യത്തിലും തീരുമാനം വരാനുണ്ട്. മത്സരിക്കാനില്ലെന്ന് പറഞ്ഞ സുരേഷ് ഗോപിക്ക് മേൽ കേന്ദ്ര നേതൃത്വം കടുത്ത സമ്മർദ്ദമാണ് ചെലുത്തുന്നത്. തൃശൂരിൽ മത്സരിക്കാനാണ് ആവശ്യം. നിർബന്ധമെങ്കിൽ ഗുരുവായൂരിൽ നിൽക്കാമെന്ന സുരേഷ് ഗോപിയുടെ നിർദ്ദേശം പാർട്ടി അംഗീകരിക്കുന്നില്ല. സാധ്യതപട്ടികയുമായി സുരേന്ദ്രൻ നാളെ ദില്ലിക്ക് പോകും. ദില്ലിയിൽ പാർലമെൻററി ബോർഡ് ചേർന്നാകും പ്രഖ്യാപനം.

Latest Videos

അമിത് ഷാ അടക്കമുളള ബിജെപി കേന്ദ്ര നേതാക്കളുമായുളള കൂടിക്കാഴ്ചയ്ക്കായി യാക്കോബായ ബിഷപ്പുമാരുടെ സംഘം ഇന്ന് ദില്ലിക്ക് പോകും. തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണക്കാനും എറണാകുളത്തെ അഞ്ച് മണ്ഡലങ്ങളിൽ എൻ ഡി എയ്ക്കായി സഭാ സ്ഥാനാർഥികളെ മൽസരിപ്പിക്കാനുമാണ് ആലോചന. പളളിത്തർക്കത്തിൽ ഓർത്ത‍ഡോക്സ് സഭയുമായി സമവായമുണ്ടാക്കുന്നതിന് ഇടപെടാമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം നൽകിയിരിക്കുന്ന വാഗ്ദാനം. നാളെയാണ് അമിത് ഷാ അടക്കമുളള നേതാക്കളുമായി ബിഷപ്പുമാരുടെ കൂടിക്കാഴ്ച. മെത്രാപ്പൊലീത്തൻ ട്രസ്റ്റി ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസിന്‍റെ നേതൃത്വത്തിൽ നാല് ബിഷപ്പുമാരാണ് ദില്ലിക്ക് പോകുന്നത്.

click me!