ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും സിറ്റിംഗ് നടത്തുക. തലശ്ശേരി ഗുരുവായൂർ സ്ഥാനാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കൊച്ചി: നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി സ്ഥാനാർത്ഥികൾ ഇന്ന് ഹൈക്കോടതയിൽ ഹർജി നൽകും. ഇന്ന് ഉച്ചയ്ക്ക് തന്നെ ഹർജി കോടതി പരിഗണിക്കും. പ്രത്യേക സിറ്റിംഗ് നടത്തി കേസ് കേൾക്കണമെന്നാണ് സ്ഥാനാർത്ഥികളുടെ അഭിഭാഷകന്റെ ആവശ്യം. ഇത് കോടതി അംഗീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും സിറ്റിംഗ് നടത്തുക. തലശ്ശേരി, ഗുരുവായൂർ സ്ഥാനാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
തലശ്ശേരി മണ്ഡലം സ്ഥാനാർത്ഥിയും ബിജെപിയുടെ കണ്ണർ ജില്ലാ അധ്യക്ഷനുമായ എൻ ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. സ്ഥാനാർത്ഥിക്ക് ചിഹ്നം അനുവദിച്ചുള്ള ദേശീയ അദ്ധ്യക്ഷന്‍റെ ഒപ്പോട് കൂടിയ കത്ത് ഇല്ല എന്നതാണ് തള്ളാനുള്ള കാരണം. ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും സ്വീകരിക്കാതായതോടെ കണ്ണൂരിൽ ബിജെപിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രത്തിൽ പാർട്ടിക്ക് സ്ഥാനാർത്ഥിയില്ലാത്ത സ്ഥിതിയായി. കഴിഞ്ഞ തവണ 22000ത്തിലേറെ വോട്ട് ബിജെപിക്ക് ലഭിച്ച മണ്ഡലമാണ് തലശ്ശേരി. ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി നിവേദിതയുടെ പത്രിക സംസ്ഥാന അദ്ധ്യക്ഷന്‍റെ ഒപ്പില്ലാത്തതിനാലാണ് തള്ളിയത്.
ഇതിന് പുറമേ ദേവികുളത്തും എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക വരണാധികാരി തള്ളിയിരുന്നു. എഐഎഡിഎംകെയിലെ ആർഎം ധനലക്ഷ്മിയായിരുന്നു ദേവികുളത്തെ എൻഡിഎ സ്ഥാനാർത്ഥി.