സിപിഎം പിന്തുണയ്ക്കുമോ എന്ന കാര്യം ഇന്ന് അറിയാം. മരിക്കുന്നതു വരെ കോൺഗ്രസ് ആകുമെന്ന് പ്രവചിക്കാനാവില്ലെന്ന് ഗോപിനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പാലക്കാട്: ഷാഫി പറമ്പിലിനെതിരെ മത്സരിക്കാനൊരുങ്ങി മുൻ ഡിസിസി അധ്യക്ഷൻ എ വി ഗോപിനാഥ്. അദ്ദേഹത്തെ സിപിഎം പിന്തുണയ്ക്കുമോ എന്ന കാര്യം ഇന്ന് അറിയാം. മരിക്കുന്നതു വരെ കോൺഗ്രസ് ആകുമെന്ന് പ്രവചിക്കാനാവില്ലെന്ന് ഗോപിനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
25 വർഷം പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ വി ഗോപിനാഥ് ആലത്തൂരിൽ നിന്ന് എംഎൽഎ ആയിട്ടുമുണ്ട്. ഷാഫി പറമ്പിലിനെതിരെ മത്സരിക്കാൻ തന്നെ സിപിഎം സമീപിച്ചു എന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യത്തിന് തന്നെ പാർട്ടി (കോൺഗ്രസ്) ഇതുവരെ അന്വേഷിച്ചിട്ടില്ല. മരിക്കുന്നതു വരെ കോൺഗ്രസാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇനിയത് നടക്കുമെന്ന് തോന്നുന്നില്ല. കോൺഗ്രസിലെ ഒരു വ്യക്തിയോടും തനിക്ക് പ്രതിജ്ഞാബദ്ധതയില്ല. അഞ്ചു കൊല്ലം തന്നെ ആരും അന്വേഷിച്ചില്ല. തന്നെ ഉപേക്ഷിച്ചവരെ തനിക്കും ഉപേക്ഷിക്കേണ്ടി വരും. കമ്മ്യൂണിസ്റ്റ് വിരോധത്തിനൊപ്പം നിന്ന ആളായിരുന്നു താൻ. പക്ഷേ, എന്തു ചെയ്യാൻ കഴിയും എന്നും എ വി ഗോപിനാഥ് ചോദിച്ചു.