ഇനി ആര് വന്നാലും എന്ത് സംഭവിച്ചാലും തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് താൻ തന്റെ നിലപാട് പ്രഖ്യാപിക്കുമെന്നും എവി ഗോപിനാഥ് വ്യക്തമാക്കി
പാലക്കാട്: ജില്ലയിൽ കോൺഗ്രസിന്റെ അന്ത്യകൂദാശയ്ക്ക് സമയമായെന്ന് ഇടഞ്ഞ് നിൽക്കുന്ന നേതാവ് എവി ഗോപിനാഥ്. പല സീറ്റുകളും കച്ചവടം നടത്തിയെന്ന് പ്രവർത്തകർക്കിടയിൽ സംസാരമുണ്ട്. എന്നാൽ പാലക്കാട് ജില്ലയിൽ ജനം യുഡിഎഫിന് വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അങ്ങിനെയേ തനിക്ക് പറയാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെ സീറ്റ് വിഭജിച്ച് നൽകുന്നത് ഇത് ആദ്യമായാണ്. കോൺഗ്രസ് പ്രവർത്തകരെ മാനസികമായി വേദനിപ്പിക്കുന്ന നിലപാടാണ്. തിങ്കളാഴ്ച മൂന്ന് മണിക്ക് താൻ തന്റെ നിലപാട് പ്രഖ്യാപിക്കും. ആരെയും കാത്ത് നിൽക്കാതെ മുന്നോട്ട് പോകും. പാലക്കാട് ജില്ലയിൽ ഒരു പാർട്ടി ആവശ്യപ്പെടാതെ തന്നെ സീറ്റ് നൽകി. ലീഗ് ആവശ്യപ്പെടാതിരുന്നിട്ടും കോങ്ങാട് സീറ്റ് മുസ്ലിം ലീഗിന് നൽകി. പട്ടാമ്പി ചോദിച്ചിട്ടും കൊടുത്തില്ല. നെന്മാറ കോൺഗ്രസിന്റെ സീറ്റ് സിഎംപിക്ക് കൊടുത്തു. പ്രവർത്തകർക്ക് വലിയ ആശങ്കയുണ്ട്. സീറ്റ് കച്ചവടം നടന്നെന്ന് ആരോപണങ്ങൾ നിലനിൽക്കുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ട് പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
undefined
ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകും. കച്ചവടം നടക്കുന്നുവെന്ന പ്രവർത്തകരുടെ തോന്നൽ പെട്ടെന്ന് മായ്ച്ച് കളയാൻ പറ്റില്ല. താഴേത്തട്ടിലെ ഗുരുതരമായ ആരോപണങ്ങൾ മനസിലാക്കി പ്രവർത്തകരുടെ വികാരം മനസിലാക്കി തെറ്റിദ്ധാരണയുണ്ടെങ്കിൽ മാറ്റാൻ നേതൃത്വം നൽകണം. ജില്ലയിൽ ബിജെപി ശക്തിയാർജിച്ചു. ശക്തമായ ത്രികോണ മത്സരത്തിന് പാലക്കാട് സാധ്യതയുണ്ട്. ഘടകകക്ഷികൾക്ക് അവർ ആവശ്യപ്പെടാത്ത സ്ഥലത്ത് സീറ്റ് കൊടുക്കുന്നത് പൊതുവേ ജനത്തിന് ഇത് കച്ചവടമാണോയെന്ന സംശയം ഉയർത്തും. താൻ പാർട്ടിയിൽ തന്നെയുണ്ടെങ്കിൽ ഷാഫി പറമ്പിൽ മുതൽ വിടി ബൽറാം വരെ എല്ലാവരെയും വിജയിപ്പിക്കാൻ ശ്രമിക്കും.
സീറ്റ് കച്ചവടത്തെ കുറിച്ച് ഹൈക്കമാന്റ് തന്നെ അന്വേഷിക്കണം. കെപിസിസി അല്ല വേണ്ടത്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ്. താൻ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന വിശ്വാസം ഇപ്പോഴും ഉണ്ടെന്നും ഉമ്മൻ ചാണ്ടിയിലാണ് തന്റെ പ്രതീക്ഷയെന്നും എവി ഗോപിനാഥ് വ്യക്തമാക്കി.