ലീഗിന് മുഖ്യമന്ത്രിപദം കിട്ടണോ? നിർണായക ചോദ്യത്തിന് ജനങ്ങളുടെ മറുപടിയെന്ത്?

By Web Team  |  First Published Feb 21, 2021, 8:57 PM IST

ലീ​ഗിന് മുഖ്യമന്ത്രി പദം വേണോ? യുഡിഎഫിൽ ആധിപത്യം ലീ​ഗിനാണോ? മുസ്ലീം വോട്ടർമാർ പറയുന്നു



തിരുവനന്തപുരം: വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫ് ബാന്ധവം കേരളത്തിന്റെ വർത്തമാനകാല രാഷ്ട്രീയസാഹചര്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. മുന്നണിയിൽ മുസ്ലീംലീ​ഗിന്റെ പ്രസക്തി എത്രത്തോളം എന്ന ചോദ്യവും ഇതോട് ചേർത്ത് ഉയർന്നു. വെൽഫെയർ പാർട്ടി യുഡിഎഫിനോട് അടുക്കുമ്പോൾ മുസ്ലീം ലീ​ഗ് അകലുമോ എന്നും സംശയമുനകളുയർന്നു. മുസ്ലീംവോട്ടുകൾ സംബന്ധിച്ചും ആകാംക്ഷയേറെയാണ്. ഈ സാഹചര്യത്തിൽ നിരവധി ചോദ്യങ്ങളാണ് മുസ്ലീം വിഭാ​ഗത്തോട് മാത്രമായി ഏഷ്യാനെറ്റ് ന്യൂസ് - സി ഫോർ പ്രീ പോൾ സർവ്വേയിൽ ചോദിച്ചത്. സർവ്വേയിൽ പങ്കെടുത്ത വോട്ടർമാരിൽ 40 ശതമാനം പേർ അഭിപ്രായപ്പെട്ടത് മുസ്ലിം ലീഗിന് മുഖ്യമന്ത്രി പദം ലഭിക്കേണ്ടതുണ്ട് എന്നാണ്.  ഇല്ല എന്ന് 20 ശതമാനവും ഒന്നും പറയാൻ കഴിയില്ലെന്ന് 40 ശതമാനവും പ്രതികരിച്ചു. 

യുഡിഎഫിൽ ആധിപത്യം മുസ്ലിം ലീഗിനാണോ? ഭരണം കിട്ടിയാൽ ലീഗ് കൂടുതൽ അധികാരം ആവശ്യപ്പെടുമോ? എന്ന ചോദ്യത്തോട് അനുകൂലമായി പ്രതികരിച്ചത് 41 ശതമാനം പേരാണ്. അല്ല എന്ന് 31 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്ന് 28 ശതമാനം അഭിപ്രായം രേഖപ്പെടുത്തി. 

Latest Videos

undefined

ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ മുസ്ലിം വിഭാഗം കാര്യമായി പിന്തുണച്ചു. നിയമസഭയിലും അങ്ങനെ തന്നെ ആയിരിക്കുമോ? എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു 30 ശതമാനത്തിന്റെ മറുപടി. അല്ല എന്ന് 48 ശതമാനവും പറയാൻ കഴിയില്ല എന്ന് 22 ശതമാനവും അഭിപ്രായപ്പെട്ടു. 

എൽഡിഎഫും സിപിഎമ്മും മുസ്ലിം വിഭാഗത്തോട് അടുത്തുവോ? എന്ന ചോദ്യത്തോട് അതെ എന്നായിരുന്നു 51 ശതമാനത്തിന്റെയും മറുപടി. അല്ല എന്ന് 34 ശതമാനവും ഒന്നും പറയാനാവില്ലെന്ന് 15 ശതമാനവും പ്രതികരിച്ചു. കേന്ദ്രസർക്കാരിനെയും ബിജെപിയെയും എതിർക്കുന്നതിൽ കൂടുതൽ ആശ്രയിക്കാവുന്നത് ആരെ? എന്ന ചോദ്യത്തിന് എൽഡിഎഫിനെ എന്നായിരുന്നു 44 ശതമാനത്തിന്റെ മറുപടി. യുഡിഎഫിനെ എന്ന് 34 ശതമാനവും ഒന്നും പറയാൻ കഴിയില്ലെന്ന് 22 ശതമാനവും അഭിപ്രായം രേഖപ്പെടുത്തി. 

വെൽഫയർ പാർട്ടി യുഡിഎഫുമായി അടുക്കുന്നത് മുസ്ലിം വിഭാഗത്തെ മുന്നണിയുമായി അടുപ്പിക്കുമെന്ന് കരുതുന്നുണ്ടോ? എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു 31 ശതമാനത്തിന്റെ മറുപടി. ഇല്ല എന്ന് 28 ശതമാനവും പറയാൻ കഴിയില്ല എന്ന് 41 ശതമാനവും പ്രതികരിച്ചു. 


 

click me!