ഏഷ്യാനെറ്റ് ന്യൂസും സീ ഫോറും ചേർന്ന് നടത്തിയ പോസ്റ്റ് പോൾ സർവേയിൽ മണ്ഡലത്തിൽ നടന്നത് അതിശക്തമായ പോരാട്ടമാണെന്ന് വ്യക്തമാക്കുന്നു
കാസർകോട് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രികോണ പോര് നടന്ന ഏറ്റവും പ്രധാന മണ്ഡലങ്ങളിലൊന്നാണ് കാസർകോട് ജില്ലയിലെ മഞ്ചേശ്വരം. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിൽ താഴെ വോട്ടിന് കൈവിട്ട മണ്ഡലം തിരികെ പിടിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്നെയാണ് രംഗത്തിറങ്ങിയത്. മുസ്ലിം ലീഗിന്റെ സീറ്റിൽ എകെഎം അഷ്റഫിലൂടെ മണ്ഡലം നിലനിർത്താൻ യുഡിഎഫ് ശ്രമിച്ചപ്പോൾ അട്ടിമറി വിജയപ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാംപ്. വിവി രമേശനാണ് മഞ്ചേശ്വരത്തെ നയിക്കാൻ സിപിഎം മുന്നോട്ട് വെച്ച സ്ഥാനാർത്ഥി.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. ഫലമറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണ്. ഈ ഘട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസും സീ ഫോറും ചേർന്ന് നടത്തിയ പോസ്റ്റ് പോൾ സർവേയിൽ മണ്ഡലത്തിൽ നടന്നത് അതിശക്തമായ പോരാട്ടമാണെന്ന് വ്യക്തമാക്കുന്നു. മൂന്നാം സ്ഥാനത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി എത്തുമെന്ന് പറയുന്നു. അതേസമയം ഒന്നാം സ്ഥാനത്തേക്ക് എകെഎം അഷ്റഫും കെ സുരേന്ദ്രനും ശക്തമായ മത്സരം കാഴ്ചവെച്ചു. എകെഎം അഷ്റഫിന് നേരിയ മുൻതൂക്കം കിട്ടിയേക്കുമെന്നും സർവേയിലൂടെ വ്യക്തമായി.