'കേരളത്തിൽ ബിജെപി കൂടുതൽ സീറ്റുകൾ നേടും'; രണ്ടിടത്ത് സ്ഥാനാർത്ഥിയില്ലാത്തത് ചെറുതായി ബാധിക്കുമെന്നും അമിത് ഷാ

By Web Team  |  First Published Mar 24, 2021, 7:27 AM IST

പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നയത്തിന്‍റെ ഭാവിയെന്തെന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്നും അമിത് ഷാ ഏഷ്യാനെറ്റ് ന്യൂസിനോട്. ബിജെപി പ്രകടനപത്രിക ഇന്ന്.


ദില്ലി: കേരളത്തിൽ ഇത്തവണ ബിജെപി കൂടുതൽ സീറ്റുകൾ നേടി നിയമസഭയിലെ സാന്നിധ്യം കൂട്ടുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് രണ്ട് സീറ്റുകളിൽ സ്ഥാനാർത്ഥി ഇല്ലാത്തത് പാർട്ടിയെ ചെറുതായി ബാധിക്കുമെന്നും അമിത് ഷാ പറഞ്ഞു. പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നയത്തിൻ്റെ ഭാവിയെന്തെന്ന് തെരഞ്ഞെടുപ്പിന് ശേഷം കാണാം എന്നും അമിത് ഷാ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ‘ജയ് ശ്രീറാം’ എല്ലായിടത്തും ജനം ഏറ്റെടുക്കുന്നു. പശ്ചിമബംഗാളില്‍ ജനം മാറ്റം തീരുമാനിച്ചു കഴിഞ്ഞു. വർഗ്ഗീയ പ്രീണനത്തിനും അഴിമതിക്കും ജനം തിരിച്ചടി നല്കുമെന്നും ബംഗാളില്‍ വലിയ വിജയം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊച്ചിയിലെത്തിയ അമിത് ഷാ ഇന്ന് മൂന്ന് പരിപാടികളിൽ പങ്കെടുക്കും. രാവിലെ പത്തരയ്ക്ക് തൃപ്പൂണിത്തുറയിൽ റോഡ് ഷോയിൽ അമിത് ഷാ പങ്കെടുക്കും. പതിനൊന്നരയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറ്റിങ്ങൽ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തിൽ സംസാരിക്കും. അഞ്ച് മണിയോടെ മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്ട് എത്തുന്ന അമിത് ഷാ, കഞ്ചിക്കോട് മുതൽ സത്രപ്പടിവരെ റോഡ് ഷോ നയിക്കും.

Latest Videos

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. വൈകീട്ട് മൂന്നിന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പത്രിക പ്രകാശനം ചെയ്യും. ശബരിമല ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന വാഗ്ദാനം പ്രകടനപത്രികയിൽ ഉണ്ടാകും. ക്ഷേത്രങ്ങളുടെ നടത്തിപ്പ് ദേവസ്വം ബോർഡുകളിൽ നിന്നും മാറ്റി വിശ്വാസികൾക്ക് നൽകുമെന്നതാകും മറ്റൊരു വാഗ്ദാനം. ലൗ ജിഹാദ് തടയാൻ യുപി മോഡൽ നിയമവും പത്രികയിലുണ്ടാകും. ഒരു വീട്ടിൽ ഒരാൾക്ക് ജോലി എന്നതാണ് ബിജെപി പ്രകടനപത്രികയിലെ മറ്റൊരു പ്രധാന വാഗ്ദാനം.

click me!