രാജസ്ഥാനിലെ കോൺഗ്രസ് സര്‍ക്കാര്‍ വൈദ്യുതി വാങ്ങുന്ന വില അറിയാമോ? ചെന്നിത്തലയോട് പിണറായി

By Web Team  |  First Published Apr 4, 2021, 11:47 AM IST

കേരളത്തിലെ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് പഞ്ചാബിലും , രാജസ്ഥാനാനിലും കരാർ റദ്ദാക്കാൻ ആവശ്യപ്പെടുമോ? ആരെയാണ് പ്രതിപക്ഷം പറ്റിക്കുന്നത്? അതിന് ചില മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നു എന്ന് പിണറായി


കണ്ണൂര്‍: അദാനിയുമായി കെഎസ്ഇബി വൈദ്യുതി വാങ്ങാൻ നേരിട്ട് കരാർ ഒപ്പുവെച്ചെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വൈദ്യുതി കരാറിനെ കുറിച്ച് പറയുന്ന പ്രതിപക്ഷ നേതാവ് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ സർക്കാർ വാങ്ങുന്ന കാറ്റാടി വൈദ്യുതിയുടെ വില ഒന്ന് നോക്കണം.

കേരളത്തിന്‍റെ ഇരട്ടി വില നൽകിയാണ് രാജസ്ഥാൻ വൈദ്യുതി വാങ്ങുന്നത്. കേരളത്തിലെ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് പഞ്ചാബിലും രാജസ്ഥാനാനിലും കരാർ റദ്ദാക്കാൻ ആവശ്യപ്പെടുമോ? ആരെയാണ് പ്രതിപക്ഷം പറ്റിക്കുന്നത്? അതിന് ചില മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നു എന്നും പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞു. പഞ്ചാബ് സർക്കാർ അഞ്ച് രൂപക്കാണ് കാറ്റാടി വൈദ്യതി വാങ്ങുന്നത്, സോളാർ 7 രൂപ 25 പൈസക്ക്. രാജസ്ഥാൻ 5 രൂപ 2 പൈസയ്ക്കാണ് കാറ്റാടി വൈദ്യുതി വാങ്ങുന്നത് . കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്തും കരാറിലേർപ്പെട്ടിരുന്നു എന്നും മുഖ്യമന്ത്രി വിശദീകരിച്ചു, 

Latest Videos

undefined

പ്രചാരണ രംഗത്ത് പ്രകടമാകുന്നത് ഇടതുമുന്നണിക്ക് അനുകൂലമായ വികാരം ആണ്. വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഉറപ്പുണ്ട്. നുണകളുടെ മലവെള്ളപ്പാച്ചിലിനിടയിലും എൽഡിഎഫിന് എതിര്‍ വികാരം ഉണ്ടാക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രചരിപ്പിച്ച നുണകളെല്ലാം ജനം തള്ളിക്കളഞ്ഞു. 

സര്‍ക്കാരിന്‍റെ ഏത് നല്ല പ്രവര്‍ത്തിയേയും വക്രീകരിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. അതിജീവന ശ്രമങ്ങൾക്ക് പോലും തുരങ്കം വച്ചു. സര്‍ക്കാര്‍ ഓരോ വര്‍ഷവും പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ടുമായാണ് ജനങ്ങൾക്ക് മുന്നിൽ നിന്നത്. ഇത് കേരള ചരിത്രത്തിൽ തന്നെ പുതുമയാര്‍ന്നതാണ്. പരിമിതികൾക്ക് അകത്തു നിന്നും സംസ്ഥാന താൽപര്യങ്ങളെല്ലാം നിറവേറ്റി. കേരളം മാറാൻ പാടില്ലെന്ന് ചിന്തിക്കുന്നവര്‍ക്ക് സഹിക്കാൻ കഴിയുന്നതല്ല ഇടതുമുന്നണിയുടെ മുന്നേറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അഴിമതിരഹിതം, മതനിരപേക്ഷത എന്നിവയൊക്കെയാണ് കേരളത്തിൻറെ മാതൃക. ഇത് പ്രതിപക്ഷത്തിന് സഹിക്കാവുന്നതിലും അപ്പുറമാണ്. നേരത്തെ പെയ്ഡ് ന്യൂസ് എന്ന രീതി ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചില മാധ്യമങ്ങളെ വിലക്കെടുത്തു എന്നാണ് കാണുന്നത്. ചിലരുടെ ചുമലിൽ കയറി പ്രതിപക്ഷം നടത്തുന്ന നശീകരണ രാഷ്ട്രീയത്തിന് കേരളം തിരിച്ചടി നൽകുമെന്നും പിണറായി വിജയൻ പറഞ്ഞു. 

click me!