കേരളത്തിന്റെ നിയമസഭ ചരിത്രത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത വ്യക്തിത്വമാണ് ഒ രാജഗോപാൽ. ആദ്യമായി ബിജെപിക്ക് നിയമസഭയിലേക്ക് അക്കൗണ്ട് തുറന്നത് രാജഗോപാലാണ്. കഴിഞ്ഞ തവണ ബിജെപിയെ നിയമസഭ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റിയ അദ്ദേഹം ഇത്തവണ മത്സരരംഗത്തില്ല. അതേ സമയം ബിജെപി സ്ഥാനാർത്ഥികളുടെ വിജയം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിലാണ്. അദ്ദേഹത്തിന്റെ നേമം മണ്ഡലം ദേശീയ രാഷ്ട്രീയത്തിലുൾപ്പെടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ഒ. രാജഗോപാൽ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖം
കഴിഞ്ഞ തവണത്തെ പോലെ ദുർബലരെയല്ല, കെ മുരളീധരനാണ് അവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. ഇത്തവണ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായി മാറുകയാണോ നേമം?
ശക്തമായതിലേക്ക് മാറുകയല്ല, പോരാട്ടം ശക്തമാണ്. മുമ്പും അങ്ങനെയാണ്, ഇപ്പോഴും തുടരുന്നുണ്ട്. കാരണം കോൺഗ്രസും കമ്യൂണിസ്റ്റും അല്ലാത്തൊരു പാർട്ടി ജയിച്ച സ്ഥലമാണല്ലോ. അത് രണ്ടുപേർക്കും ഒരു വെല്ലുവിളിയാണ്. അതുകൊണ്ട് എപ്പോഴും ശക്തമായിട്ട് തന്നെയാണ് അവരെ നേരിടാറുള്ളത്. ഇലക്ഷന് മത്സരിക്കാൻ ആഗ്രഹിക്കുന്ന ആരും അതിന് തയ്യാറാകണം. അങ്ങനെയാണ് കുമ്മനത്തിനെ തെരഞ്ഞെടുക്കാനുള്ള കാരണമുണ്ടായത്.
undefined
ജയിച്ച മണ്ഡലമാണ് മറ്റൊരു സ്ഥാനാർത്ഥിക്ക് കൈമാറുന്നത്. അപ്പോൾ ഒ രാജഗോപാലിന്റെ പിൻഗാമിയായി കുമ്മനം രാജശേഖരൻ വരുകയാണോ?
പിൻഗാമി എന്ന് ഞാൻ പറയില്ല. കുറെനാൾ ഇലക്ഷനിൽ മത്സരിച്ചു. ഇപ്രാവശ്യം തീരുമാനിച്ചു മത്സരിക്കുന്നില്ല എന്ന്. ഞാൻ തീരുമാനിച്ചതാണ്. പാർട്ടിയോടുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലൊന്നുമല്ല. പ്രായമായി. 93 ആയി ഇപ്പോൾ. പുതിയ ജനറേഷനിലെ ആൾക്കാർക്കാണ് അവസരം കൊടുക്കേണ്ടത്. മത്സരത്തിനില്ലെങ്കിൽ തന്നെ പാർട്ടി പ്രവർത്തനങ്ങളിലൊക്കെയുണ്ടാകും.
രാജഗോപാൽ മത്സരിക്കാത്ത സമീപകാലത്തെ ആദ്യതെരഞ്ഞെടുപ്പാണ്?
അത് ശരിയാണ്. കുറെക്കാലമായി ഇലക്ഷനിൽ മത്സരിക്കുന്നു. തോൽക്കുമെന്ന് ഉറപ്പായിട്ടുള്ള മത്സരത്തിലും മത്സരിക്കും. അതങ്ങനെയായിരുന്നു. എന്റെ രാഷ്ട്രീയഗുരു ദീൻദയാൽ ഉപാധ്യായ പറയുന്നതാണ്. ഒരു സ്ഥലത്ത് നമുക്ക് രണ്ട് വർക്കറേ ഉള്ളൂവെങ്കിലും അവിടെ മത്സരിക്കണമെന്നാണ്. കാരണം ഡെപ്പോസിറ്റ് പോലും കിട്ടില്ല. ഉറപ്പാണ്. പക്ഷേ ഇതാണ് പാർട്ടി, പാർട്ടിയുടെ പേര്, പാർട്ടിയുടെ നേതാക്കന്മാർ, പാർട്ടിയുടെ പ്രിൻസിപ്പിൾസ് ഇതൊക്കെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള മാർഗമാണിത്.
രാജഗോപാലിനോട് പാർട്ടിക്ക് അപ്പുറത്തൊരു സ്നേഹം തിരുവനന്തപുരത്തുകാർക്ക് ഉണ്ടായിരുന്നു എന്ന് തോന്നുന്നു. കഴിഞ്ഞ തവണ പാർട്ടിക്ക് അപ്പുറത്തുള്ള വോട്ടുകളും കിട്ടിയിട്ടുണ്ടാകും. കുമ്മനത്തിനും അതൊക്കെ കിട്ടുമോ?
അതെനിക്കറിഞ്ഞു കൂടാ. ചില ഏരിയയിലെ ചില ആൾക്കാർക്ക് എന്നോട് പ്രത്യേക താത്പര്യമുണ്ടാകാം. അദ്ദേഹത്തിന് വിവിധ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ച് ബന്ധങ്ങളുള്ള ആളാണ്. അദ്ദേഹം ജനപിന്തുണയുള്ള ആളാണ്.
വി. ശിവൻകുട്ടി പറഞ്ഞത്, ഇത്തവണ ജയമുറപ്പാണ്. കാരണം കഴിഞ്ഞ അഞ്ചുവർഷം അവിടെയൊരു എംഎൽഎ ഇല്ലായിരുന്നു എന്നാണ്?
അദ്ദേഹത്തിന് അങ്ങനെ തോന്നും. തോൽപിക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചിരുന്നു. അത് പറയണം. പക്ഷേ അദ്ദേഹത്തിന്റ പരിശ്രമം വിജയിച്ചില്ല. അദ്ദേഹത്തെ തോൽപിച്ച് ഞാൻ ജയിച്ചു. അതിൽ അദ്ദേഹത്തിന് അമർഷം അവശേഷിക്കുന്നുണ്ട്.
അവിടെ എൽഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധം രാജഗോപാലിന്റെ ചില അഭിപ്രായങ്ങളാണ്. ഈ സർക്കാരിനെക്കുറിച്ച്, പിണറായി വിജയനെക്കുറിച്ച്, രാജഗോപാൽ പോലും ഇങ്ങനെ പറഞ്ഞ ഭരണമാണ് എന്നാണ്?
ശരിയാണ്, ഞാൻ പ്രതിപക്ഷത്ത് തന്നെയാണ്. എന്നാൽ എല്ലാത്തിനെയും കണ്ണടച്ച് എതിർക്കുന്നത് എന്റെ രീതിയല്ല. നല്ല കാര്യങ്ങളെ അഭിനന്ദിക്കും. തെറ്റ് കണ്ടാൽ വിമർശിക്കും. ഇതാണ് ഞാൻ ശീലിച്ചിട്ടുള്ള രാഷ്ട്രീയം. തെറ്റായിരിക്കാം. അതാണ് എന്റെ കാഴ്ചപ്പാട്.
തെരഞ്ഞെടുപ്പിന്റെ ഈ സമയത്തും സർക്കാരിനെ കുറിച്ചും പിണറായി വിജയനെക്കുറിച്ചും ചോദിച്ചാലും നല്ല അഭിപ്രായമാണോ പറയുന്നത്?
അദ്ദേഹത്തെ വിലയിരുത്തുന്നതല്ലല്ലോ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയല്ലേ വിലയിരുത്തുന്നത്? ആ പ്രവർത്തനങ്ങളിൽ നല്ലതും ചീത്തയുമുണ്ടാകും. നല്ലതിനെ അംഗീകരിക്കുന്നു. പ്രവർത്തനത്തിലെ മോശമായതിനെ എതിർക്കുന്നു. അതല്ലേ ശാസ്ത്രീയ വീക്ഷണം?
ഈ തെരഞ്ഞെടുപ്പിൽ ബിജെപി പട്ടികയെക്കുറിച്ചും സ്ഥാനാർത്ഥികളെക്കുറിച്ചും എന്താണ് പറയാനുള്ളത്?
പാർട്ടി നല്ലവണ്ണം ആലോചിച്ച് എല്ലാവർക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ടല്ലോ. ചെറുപ്പക്കാർ, പല വിഭാഗത്തിലുള്ള ആൾക്കാർ, സമൂഹത്തിൽ അംഗീകാരമുള്ള ശ്രീധരനെപ്പോലെയുള്ള, ഡിജിപി ആയിട്ടുള്ള ആൾക്കാരെ അണിനിരത്താൻ സാധിച്ചിട്ടുണ്ട്. നന്നായി പരിശ്രമിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളത്.
കെ സുരേന്ദ്രൻ രണ്ട് മണ്ഡലത്തിൽ മത്സരിക്കുന്നു മഞ്ചേശ്വരത്തും കോന്നിയിലും. ഒ രോജഗോപാൽ മത്സരിച്ചിട്ട് കിട്ടാത്ത സൗഭാഗ്യമാണെന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത്?
രണ്ട് മണ്ഡലങ്ങളിൽ രാഷ്ട്രീയനേതാക്കൻമാർ മത്സരിക്കുന്നത് പുതിയ കാര്യമല്ല. പലരും അങ്ങനെ മത്സരിച്ചിട്ടുണ്ട്.
ശോഭ സുരേന്ദ്രൻ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തോന്നുന്നുണ്ടോ?
അവർ മത്സരിക്കേണ്ടതാണ്. മത്സരിക്കാനുള്ള അവസരം നൽകേണ്ടതാണ്. ഇപ്പോഴും ചില സീറ്റുകൾ അനൗൺസ് ചെയ്തിട്ടില്ലല്ലോ. ചില സീറ്റുകൾ ബാക്കി വച്ചിട്ടുണ്ട്. സ്ത്രീകൾ പൊതുപ്രവർത്തനത്തിലേക്ക് വരുന്നത് അധികമില്ല. കുറച്ചു പേരെ ഉള്ളൂ. അതിൽ കഴിവു തെളിയിച്ചവരും അധികമില്ല. അങ്ങനെയുള്ള ആളുകൾ വരുമ്പോൾ അവർക്ക് അവസരം കൊടുക്കേണ്ടതല്ലേ?
രാജഗോപാൽ ജയിക്കുന്ന സമയത്ത് എണ്ണായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു നേമത്ത്. അതുകഴിഞ്ഞ് ലോക്സഭ തെരഞ്ഞെടുപ്പിലായപ്പോൾ ശശി തരൂർ ജയിച്ചെങ്കിലും കുമ്മനത്തിന് പന്ത്രണ്ടായിരത്തിലധികം വോട്ടിന്റെ ലീഡുണ്ടായിരുന്നു നേമത്ത്. തദ്ദേശ തെരഞ്ഞെടുപ്പ് വന്നപ്പോൾ കണക്കിൽ ചില വ്യത്യാസമുണ്ട്, ചില കണക്കുകളിൽ ബിജെപിയാണ് മുന്നിൽ. സിപിഎം നിരത്തുന്ന ബൂത്ത് തിരിച്ചുള്ള കണക്കുകളിൽ നാനൂറ് വോട്ടിന്റെ മേൽക്കൈ ഉണ്ടെന്ന് പറയുന്നു.
എനിക്ക് തോന്നുന്നു, ചരിത്രത്തിൽ കാണാത്ത വിധത്തിലുള്ള ഡെവലപ്മെന്റൽ വർക്ക് അവിടെ നടന്നിട്ടുണ്ട് എന്നാണ്. അതെല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. അങ്ങനെ ആയതുകൊണ്ട് ഇനി ഇലക്ഷന് നിൽക്കുക എളുപ്പമാണ്. വളരെ ഈസിയായി ജയിക്കാൻ സാധിക്കും. പക്ഷേ ഞാൻ തീരുമാനിക്കുന്നു, ഇലക്ഷനിൽ മത്സരിക്കുന്നില്ല, പ്രായമായി, പുതിയ തലമുറക്ക് കൈമാറുകയാണ് എന്റെ ഡ്യൂട്ടി.