രണ്ട് മുന്നണിയിലുമുള്ള പാര്‍ട്ടികള്‍ തൃപ്തരല്ല. മറ്റ് വഴിയില്ലാത്തത് കൊണ്ടാണ് അവിടെ തുടരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ആരൊക്കെ വരുമെന്ന് രണ്ടിന് അറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം: കേരളത്തില്‍ 35 സീറ്റ് കിട്ടിയാൽ ബിജെപി അധികാരത്തിലെത്തുമെന്ന പ്രസ്താവന ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വോട്ടെണ്ണൽ കഴിഞ്ഞാൽ ഇരുമുന്നണികളിൽ നിന്നും പലരും ബിജെപിയിലെത്തുമെന്ന് സുരേന്ദ്രൻ പറഞ്ഞു. രണ്ടാം തീയതി കഴിയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും. ഇരുമുന്നണികളിലുമുള്ള പാര്‍ട്ടികള്‍ മറ്റു വഴിയില്ലാത്തതു കൊണ്ടാണ് അവിടെ തുടരുന്നത്. കോണ്‍ഗ്രസിൽ നിന്ന് ആരൊക്കെ വരുമെന്ന് മേയ് രണ്ട് കഴിയുമ്പോള്‍ അറിയാമെന്നും ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന് അനുവദിച്ച അഭിമുഖത്തിൽ സുരേന്ദ്രൻ പറഞ്ഞു. 2026-ൽ നൂറ് സീറ്റുമായി ബിജെപി കേരളം ഭരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
35 സീറ്റ് കിട്ടിയാൽ ബിജെപി അധികാരം പിടിക്കുമെന്നതിൽ ഭൂമിമലയാളത്തിൽ ആർക്കും സംശയമില്ല. ഇപ്പോൾ രണ്ട് മുന്നണിയിലും ഇരിക്കുന്നവരൊക്കെ സന്തോഷത്തിൽ ഇരിക്കുകയാണെന്നാണോ കരുതുന്നത്. മെയ് രണ്ടാം തീയതി കഴിയുമ്പോൾ കാര്യം മനസിലാവും. മുന്നണിയില്‍ തുടരാന്‍ പാര്‍ട്ടികള്‍ക്ക് വലിയ താത്പര്യമൊന്നുമില്ല. വേറെ വഴിയില്ലാത്തത് കൊണ്ടാണ് തുടരുന്നത്. കോൺഗ്രസിലൊക്കെ പലരും അതൃപ്തിയിലാണ്. അവരൊക്കെ കാത്തിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിലെ ഫലം എന്താണെന്ന് അറിയാൻ പല അസംതൃപ്തരും കാത്തിരിക്കുകയാണ്. മെയ് രണ്ടാം തീയതി കഴിയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.