ശബരിമല, ഇ.പി.ജയരാജന്‍, ക്യാപ്റ്റന്‍ വിളി, തുറന്നുപറഞ്ഞ് കോടിയേരി; സിന്ധു സൂര്യകുമാര്‍ നടത്തിയ അഭിമുഖം

By Web Team  |  First Published Apr 3, 2021, 11:00 PM IST

ടേം വ്യവസ്ഥ, ശബരിമല, ഇ.പി.ജയരാജന്‍, ക്യാപ്റ്റന്‍ വിളി... എല്ലാം തുറന്നുപറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍. സിന്ധു സൂര്യകുമാര്‍ നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം...
 


സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ നമുക്കൊപ്പമുണ്ട്. അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമായി പങ്കെടുക്കുന്നതിന് അനാരോഗ്യമൊന്നും ഒരു തടസമല്ല. അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ട് വരികയുമാണ്. അദ്ദേഹത്തോട് തന്നെ നമുക്കെല്ലാം ചോദിച്ചറിയാം. സജീവമായി പങ്കെടുക്കാന്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നും തോന്നുന്നില്ലല്ലോ അല്ലേ? അതോ തെരഞ്ഞെടുപ്പിന്റെ ഉത്സാഹം കൊണ്ട് എല്ലാം മാറ്റിവയ്ക്കുകയാണോ?

ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് മാറിനില്‍ക്കേണ്ട ഇലക്ഷനല്ല ഇത് എന്ന് തോന്നിയതുകൊണ്ടാണ് കഴിയാവുന്നത്ര പ്രവര്‍ത്തനങ്ങള്‍ ചെയ്യാം എന്ന നിലയില്‍ ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. ഇത് മറ്റുള്ളവര്‍ക്ക് കൊടുക്കുന്നൊരു സന്ദേശം കൂടിയാണ്. ഇലക്ഷന്‍ കാലത്ത് പലര്‍ക്കും പല ബുദ്ധിമുട്ടുകളുണ്ടാകും. ശാരീരിക അവശതകളുണ്ടാകും. അങ്ങനെയുള്ളവരൊന്നും ഈ ഇലക്ഷനില്‍ മാറിനില്‍ക്കാന്‍ പാടില്ല- എന്നതുകൊണ്ട് കൂടിയാണ്, ഇങ്ങനെ ചില പ്രവര്‍ത്തനങ്ങള്‍ കൂടി നടത്തണം എന്നുദ്ദേശിച്ച് ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തത്.

Latest Videos

undefined

അങ്ങനെയൊരു 'ഡു ഓര്‍ ഡൈ' സിറ്റുവേഷന്‍ ഉണ്ടോ?

അതുകൊണ്ടല്ല, ഇത് ചരിത്രപ്രാധാന്യമുള്ള ഇലക്ഷനാണ്. ഇടതുപക്ഷത്തിന് ആദ്യമായാണ് ഇത്തരമൊരു തുടര്‍ഭരണം ചര്‍ച്ച ചെയ്യപ്പെടുന്നത്. അത് സംഭവിക്കും, അതൊരു ചരിത്ര സംഭവമായിരിക്കും. പിന്നീട് ഇതിലൊന്നും പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന നൊമ്പരം ഉണ്ടാകാതിരിക്കാനാണ് ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായിരിക്കുന്നത്.

ഇടതുപക്ഷത്തിന് തുടര്‍ഭരണം എന്നത് ആദ്യമായിട്ടാണോ? വിഎസിന്‍റെ മന്ത്രിസഭയ്ക്ക് തുടര്‍ഭരണം ഉണ്ടായിരിക്കാനുള്ള സാധ്യതയുണ്ടായിരുന്നല്ലോ. കഷ്ടിച്ച് മൂന്നാല് സീറ്റിനാണ് അന്നത് പോയത്. അന്നത് പാര്‍ട്ടി വിലയിരുത്തിയ സാഹചര്യം ഒക്കെ അറിയാവുന്നതാണ്. അങ്ങനെയൊരു സാഹചര്യം ഇല്ലാതിരിക്കാനുള്ള ശ്രമം കൂടിയാണോ?

2011ലെ ഇലക്ഷനില്‍ അങ്ങനെയൊരു തുടര്‍ഭരണം എന്നുള്ളത് ആരും മുന്നോട്ടുവച്ചിട്ടില്ല. മാത്രമല്ല, എല്ലാ ടെലിവിഷന്‍ ചാനലുകളും സര്‍വേകളും ഒക്കെ അന്ന് പറഞ്ഞത് പറഞ്ഞത് ഇടതുപക്ഷം 40 സീറ്റുകളേ കിട്ടുകയുള്ളൂ എന്നാണ്. യുഡിഎഫിന് 100ലേറെ സീറ്റുകള്‍ കിട്ടും എന്നായിരുന്നു വലിയ പ്രചാരവേല. അതിന് കാരണം അതിന് മുമ്പുനടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായി. 2009ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടായി. 

ആ പശ്ചാത്തലത്തില്‍ അതിന് സാധ്യതയില്ല എന്ന പൊതു ചിന്തയുണ്ടായിരുന്നു. എന്നാല്‍ ഇലക്ഷന്റെ അവസാനഘട്ടം എത്തിയപ്പോള്‍ അഭിപ്രായം മാറിവന്നു. അതിന്റെ ഫലമായി ഇടതുപക്ഷത്തിന് 68 സീറ്റ് കിട്ടി. യുഡിഎഫിന് 72 ഉം കിട്ടി. അന്ന് നാല് സീറ്റില്‍ ഞങ്ങള്‍ തോറ്റത് 400ല്‍ താഴെ വോട്ടുകളുടെ വ്യത്യാസത്തിലാണ്. അതില്‍ മൂന്ന് സീറ്റുകൂടി കിട്ടിയിരുന്നെങ്കില്‍ തുടര്‍ഭരണം വരുമായിരുന്നു. അന്ന് വിജയത്തിന്റെ അടുത്തെത്തി പരാജയപ്പെട്ടു. അങ്ങനെയൊരു അവസ്ഥ ഇത്തവണ വരരുത് എന്നൊരു ജാഗ്രത കൂടിയാണ് ഇത്തവണത്തെ പ്രചാരണത്തില്‍ കാട്ടുന്ന സജീവത. 

അതുപോലെ തന്നെ ജനങ്ങളാണ് ഇങ്ങനൊരു അഭിപ്രായം പ്രകടിപ്പിച്ചുതുടങ്ങിയത്. ഞങ്ങള്‍ വച്ചൊരു മുദ്രാവാക്യമല്ലിത്. ജനങ്ങള്‍ക്കിടയില്‍ നിന്ന് രൂപപ്പെട്ട അഭിപ്രായമാണ് ഒരു തുടര്‍ഭരണം. നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ അങ്ങനെയൊരു ചര്‍ച്ച വന്നു. ഏഷ്യാനെറ്റ് ചാനലാണ് ആദ്യം സര്‍വേ നടത്തി ഇങ്ങനെയൊരു സാധ്യത പറഞ്ഞത്. അതിനെ തുടര്‍ന്ന് ഒരു ചര്‍ച്ച വന്നു, പക്ഷേ അത് എതിരാളികളെ ജാഗരൂഗരാക്കി. യുഡിഎഫ് ക്യാമ്പും ബിജെപി ക്യാമ്പും അതിന് ശേഷം ജാഗരൂകരായി. ഇങ്ങനെ സംഭവിച്ചേക്കാം, അതൊരു മുന്നറിയിപ്പായി അവരൊക്കെ കണ്ടു. അതിന് ശേഷം അതിനെതിരെ ശക്തമായ ഇടപെടല്‍ എല്ലാവരും സ്വീകരിച്ചുവരുന്നുണ്ട്. യുഡിഎഫും ചെയ്യുന്നുണ്ട്, ബിജെപിയും ചെയ്യുന്നുണ്ട്. പക്ഷേ അവരുടെ ആ ശ്രമങ്ങളൊക്കെ തന്നെ നേരിട്ടുകൊണ്ടാണ് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നല്ല വിജയം നേടിയത്. അതാണ് ഞങ്ങള്‍ക്ക് ഇത്തവണ വലിയ പ്രതീക്ഷ നല്‍കുന്ന ഒരു പ്രധാനപ്പെട്ട ഘടകം.

പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന ഒരു മേല്‍ക്കൈ അവസാനമായപ്പോഴേക്കും ഒരു കടുത്ത മത്സരം എന്ന ലൈനിലേക്ക് മാറിയിട്ടുണ്ടോ ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം?

സ്വാഭാവികമായിട്ടും എല്ലാ അസംബ്ലി തെരഞ്ഞെടുപ്പും കേരളത്തില്‍ ശക്തമായ പോരാട്ടം തന്നെയായിരുന്നു. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലെയോ ഒന്നുമല്ല. അസംബ്ലി തെരഞ്ഞെടുപ്പാകുമ്പോള്‍ കേരള സംസ്ഥാനത്തിന്‍റെ ഭരണത്തെ തീരുമാനിക്കുന്ന ഒരു തെരഞ്ഞെടുപ്പാണ്. അവസാനഘട്ടമാകുമ്പോള്‍ മുന്‍കാലങ്ങളിലും എല്ലാ ക്യാമ്പുകളും സജീവമാകും. മാത്രമല്ല, ഞങ്ങള്‍ യുഡിഎഫിനെ കുറച്ചുകാണുന്നുമില്ല. കാരണം, അവര്‍ക്ക് അവരുടേതായ സ്വാധീനമേഖലകളുണ്ട്. അവരുടെ രാഷ്ട്രീയപാര്‍ട്ടികള്‍ എന്ന മുന്നണി മാത്രമല്ല യുഡിഎഫ്. കേരളത്തിലെ മാധ്യമശൃംഖലകളില്‍ വലിയൊരു വിഭാഗം അവര്‍ക്ക് അനുകൂലമാണ്. ജാതി-മത ശക്തികളുടെ ചില വിഭാഗങ്ങള്‍ അവര്‍ക്ക് അനുകൂലമാണ്- ഇപ്പോഴും എടുക്കുന്ന ചില ഘടകങ്ങള്‍. ഇതൊക്കെ ചേരുമ്പോള്‍ ഇടതുപക്ഷ മുന്നണി ഈ കാര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ ശക്തമായ മത്സരത്തില്‍ കൂടി ഞങ്ങള്‍ക്ക് ജയിക്കാനാകുമെന്ന പ്രതീക്ഷ ഇത്തവണ ഞങ്ങള്‍ക്കുണ്ട്.

ജാതിമത സംഘടനകളുടെ കാര്യം പറഞ്ഞതുകൊണ്ട് ചോദിക്കുകയാണ്. എന്‍എസ്എസുമായിട്ട് എന്താണ് പ്രശ്നം? വിമര്‍ശിക്കുമ്പോള്‍ പോലും പിണറായി വിജയന്‍ കടുത്ത നിലയിലല്ല ഞാന്‍ പറയുന്നത്, അവരെ കടുപ്പിച്ച് വിമര്‍ശിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് ജാമ്യം എടുക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ അദേഹത്തിന്‍റെ ഭാഗത്തുനിന്ന് വരുന്നുണ്ട്. എന്‍എസ്എസിനെ പേടിയാണോ എന്ന് തോന്നിപ്പോവുന്ന തരത്തില്‍. അതേസമയം എം എം മണി അടക്കമുള്ള ചില നേതാക്കള്‍ അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സിപിഎമ്മിനോട് ഒരു അനുഭാവവും കാണിക്കുന്നുമില്ല...?

എന്‍എസ്എസ് എന്ന് പറയുന്നത് ഒരു വിഭാഗത്തിന്‍റെ സംഘടനയാണ്. സാമുദായിക പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ആ ജനവിഭാഗത്തിന്റെ കാര്യങ്ങള്‍ ഉന്നയിക്കേണ്ടുന്ന സംഘടനയാണ്. പലപ്പോഴും അവര്‍ പരസ്യമായ രാഷ്ട്രീയ നിലപാടുകള്‍ എടുത്തിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ സമദൂരം എന്ന് പറയാറുണ്ട്. അവര്‍ എന്ത് നിലപാട് എടുത്താലും ഇത്തരം സംഘടനകളോട് ഞങ്ങള്‍ക്ക് ശത്രുതയില്ല. ഞങ്ങള്‍ ശത്രുപക്ഷത്ത് യുഡിഎഫിലെ ഒരു പാര്‍ട്ടിയെ കാണുന്നത് പോലെ എന്‍എസ്എസിനെ കാണുന്നില്ല. 

വിവിധ സന്ദര്‍ഭങ്ങളില്‍ അവര്‍, അവര്‍ക്ക് തോന്നുന്ന നിലപാടുകള്‍ സ്വീകരിക്കാറുണ്ട്. അവരുടെ നിലപാടുകളെ അവരുടെ നിലപാടായി കണ്ടുകൊണ്ട് സമീപിക്കുകയാണ് ഞങ്ങള്‍ എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ഒരു ശത്രുതയും എന്‍എസിഎസിനോട് ഞങ്ങള്‍ക്ക് ഇല്ല. എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറിയോടും ഇല്ല. ജനറല്‍ സെക്രട്ടറി ചിലപ്പോഴൊക്കെ കഠിനമായിട്ടൊക്കെ പറയാറുണ്ട്. പക്ഷേ ഞങ്ങള്‍ക്ക് അങ്ങനെയൊരു സമീപനം ആരോടുമില്ല. എസ്എന്‍ഡിപിയോടും ഇല്ല, എസ്എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയോടും ഇല്ല. 

എല്ലാ സംഘടനകളോടും ഞങ്ങളുടെ നിലപാട് ഒന്ന് തന്നെയാണ്. കാരണം, ആ സംഘടനകളില്‍ അണിനിരന്നിരിക്കുന്ന ജനവിഭാഗങ്ങള്‍, ആ ജനവിഭാഗങ്ങള്‍ ഞങ്ങളുടെ കൂടെ നില്‍ക്കേണ്ടവരാണ്. തൊഴിലാളികളും കൃഷിക്കാരുമായിട്ടുള്ള സാധാരണക്കാരായ ആളുകള്‍ ഈ സംഘടനകളിലൊക്കെയുണ്ട്. ആ ജനവിഭാഗങ്ങളെയാണ് ഞങ്ങള്‍ സമീപിക്കുന്നത്. സ്വാഭാവികമായും ഞങ്ങളുടെ ലക്ഷ്യം അത്തരത്തിലുള്ള ജനവിഭാഗങ്ങളെ ആകര്‍ഷിക്കുക എന്നുള്ളതാണ്. സംഘടനയുടെ നേതൃത്വം പലപ്പോഴും പല നിലപാടുകളും സ്വീകരിക്കാറുണ്ടെങ്കിലും കേരളത്തിന്റെ അനുഭവത്തില്‍ അത് അനുഭവപ്പെടാതിരിക്കാനുള്ള കാരണം ഈ ജനവിഭാഗങ്ങള്‍ പലപ്പോഴും ഞങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഒരു അകല്‍ച്ചയും ഉണ്ടായിട്ടില്ല. അതാണ് അതിന്റെ അടിസ്ഥാന കാരണം.

എന്‍എസ്എസിന് ഇപ്പോള്‍ ഉള്ള ഈ അകല്‍ച്ചയ്ക്ക് കാരണം ശബരിമല പ്രശ്‌നമാണ്. സെക്രട്ടറിയായിരുന്ന സമയത്ത് താങ്കളാണ് വീടുവീടാന്തരം കയറിയിറങ്ങി പാര്‍ട്ടി അനുഭാവികളുടെ മാത്രമല്ല, ആളുകള്‍ക്ക് സര്‍ക്കാര്‍ നടപടിയില്‍ എന്താണ് പ്രതികരണമെന്ന് തിരിച്ചറിഞ്ഞതും ഇക്കാര്യത്തില്‍ ചില തിരുത്തല്‍ വേണം എന്ന് പരസ്യമായി പറയുകയും ചെയ്തത്. ആ വികാരം മനസ്സിലാക്കണമെന്ന് പറഞ്ഞയാളാണ് താങ്കള്‍. പക്ഷേ ഇപ്പോഴും സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അതേ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. അല്ലേ?

എന്‍എസ്എസിന് ഇക്കാര്യത്തില്‍ ആദ്യം മുതലെ ഒരു നിലപാടുണ്ട്. എന്‍എസ്എസ് മാത്രമാണ് അക്കാര്യത്തില്‍ ആദ്യം മുതല്‍ ഇന്നുവരെ ഒരേ നിലപാടില്‍ നില്‍ക്കുന്നത്. സുപ്രീംകോടതി വിധി വന്നതാണല്ലോ ഈ പ്രശ്‌നം. സുപ്രീംകോടതി വിധി വന്നപ്പോള്‍ ബിജെപി അതിനെ സ്വാഗതം ചെയ്തു. കോണ്‍ഗ്രസ്സും സ്വാഗതം ചെയ്തു. ആര്‍എസ്എസിന്‍റെ  കേരളത്തിലെ തലവന്‍ ഗോപാലന്‍ക്കുട്ടി മാസ്റ്റര്‍ പറഞ്ഞത്  ആര്‍എസ്എസിന്‍റെ നിലപാടാണ് ഈ കോടതി വിധിയില്‍ പ്രതിഫലിച്ചത് എന്നുവരെ അദ്ദേഹം പ്രതികരിച്ചു.  സ്വാഭാവികമായിട്ടും സര്‍ക്കാര്‍ കരുതിയത് ഇതിന് എതിര്‍പ്പൊന്നും ഇല്ല എന്നാണ്. എല്ലാവരും അനുകൂലമാണ് എന്നുള്ള നിലയിലുള്ള ഒരു സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇടതുപക്ഷ മുന്നണിയും അതിനെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. പക്ഷേ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ചില എതിര്‍ അഭിപ്രായങ്ങള്‍ ശക്തിപ്പെട്ട് വരാന്‍ തുടങ്ങിയത്. അങ്ങനെ വന്നപ്പോള്‍ ഇത് രാഷ്ട്രീയമായി സുവര്‍ണവസരമാണെന്ന് കണ്ട് ചിലര്‍ അതില്‍ ഇടപ്പെടുകയും ചെയ്തു.

ഞങ്ങള്‍ ആ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു എന്നുള്ളത് ശരിയാണ്. പക്ഷേ ആ കോടതിവിധി നടപ്പാക്കാന്‍ ഒരു സര്‍ക്കാരിന്‍റെ സംവിധാനം ഉപയോഗിക്കുകയോ അല്ലെങ്കില്‍ ബഹുജനശക്തി അതിനായി ഉപയോഗിക്കുകയോ ഒന്നും ഞങ്ങള്‍ ചെയ്തിട്ടില്ല. ഹൈക്കോടതി വിധി നേരത്തെ വന്നപ്പോഴാണ് സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത് ഒഴിവായത്. പത്തുവയസ്സിനും അമ്പത് വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ പോകാതായത് 91ലെ ഹൈക്കോടതി വിധിക്ക് ശേഷമാണ്. 91ലെ ഹൈക്കോടതി വിധി വന്നപ്പോള്‍, കേരളത്തിലെ മുഖ്യമന്ത്രി ഇ കെ നായനാര്‍ ആണ്. ഞങ്ങള്‍ അതിന് അപ്പീല്‍ പോലും പോയിട്ടില്ല. ഞങ്ങള്‍ അതിനെ എതിര്‍ത്തിട്ടുപോലുമില്ല. 

ഇപ്പോള്‍ സുപ്രീംകോടതി വിധി വന്നപ്പോള്‍, ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത ഞങ്ങള്‍ക്കുണ്ട് എന്നൊരു നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതേ സന്ദര്‍ഭത്തില്‍ സുപ്രീംകോടതി തന്നെ പിന്നീട് അത് വിശാലബഞ്ചിന് വിട്ടു. ഇനി നമുക്ക് സുപ്രീം കോടതിയില്‍ വിശാല ബഞ്ചിന്‍റെ വിധി വരുന്നതുവരെ കാത്തിരിക്കാം. 

ഈ അനുഭവം നമുക്കുണ്ട്. സുപ്രീംകോടതി വിധി വന്നപ്പോള്‍ ഉള്ള കേരളത്തിന്‍റെ അനുഭവം, അത് ഞങ്ങളും വിലയിരുത്തിയിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി വിധി വന്നാല്‍, എന്ത് വിധിയായാലും അത് നടപ്പാക്കുന്ന ഒരു സാഹചര്യം വരുമ്പോള്‍, എല്ലാവരുമായി ആലോചിച്ചതിന് ശേഷമേ അത് നടപ്പാക്കുകയുള്ളൂ. അത് ഞങ്ങള്‍ എടുത്തിരിക്കുന്ന സമീപനമാണ്.

അത് നല്ല സമീപനമാണ്. പക്ഷേ, സിപിഎം എന്നുപറയുന്ന പാര്‍ട്ടിക്കൊരു നിലപാട് ഉണ്ടായിരുന്നു. അവിടെ യുവതീപ്രവേശനം ആകട്ടെ എന്ന്. അതിനാണല്ലോ പിന്നീട് നവോത്ഥാനം അടക്കമുള്ള സന്ദേശങ്ങളുമായിട്ട് മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ആ നിലപാടില്‍ നിന്ന് പാര്‍ട്ടി മാറിയിട്ടുണ്ടോ?

പാര്‍ട്ടിയുടെ നിലപാട് വച്ചുകൊണ്ടല്ല സുപ്രീംകോടതി തീരുമാനം എടുക്കുന്നത്. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ കൊടുത്തിട്ടുള്ള സത്യവാങ്മൂലം, എല്‍ഡിഎഫ് കൊടുത്തിട്ടുളള സത്യവാങ്മൂലത്തില്‍ തന്നെ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് തീരുമാനം എടുക്കുമ്പോള്‍ വളരെ കരുതല്‍ വേണം. വിശ്വാസികളുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണിത്. അതുകൊണ്ട് തീരുമാനം എടുക്കുന്നതിന് മുമ്പ് സമൂഹത്തിലെ ഉല്‍പതിഷ്ണുക്കളായ ആളുകളെ, ഈ വിഭാഗത്തില്‍തന്നെ പെട്ടിട്ടുള്ള വിശ്വാസികള്‍ക്ക് ഇടയിലുള്ള ഏറ്റവും വലിയ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആളുകളുമായിട്ട് ഒരു ചര്‍ച്ച നടത്തുകയും അഭിപ്രായം സ്വീകരിച്ചുകൊണ്ടുവേണം സുപ്രീംകോടതി ഒരു തീരുമാനം എടുക്കാന്‍. 

അക്കാര്യം സുപ്രീംകോടതി ചര്‍ച്ച ചെയ്തു. സുപ്രീം കോടതി പറഞ്ഞത് ഇത് അങ്ങനെ തീര്‍ക്കേണ്ട ഒരു പ്രശ്‌നമല്ല. ഇത് ഭരണഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്ന് പറഞ്ഞുകൊണ്ട് സുപ്രീംകോടതി അതിലേയ്ക്ക് കടക്കാത്തിരുന്നത്. പക്ഷേ പിന്നീട് ഇപ്പോള്‍ സുപ്രീംകോടതി തന്നെ ചില കാര്യങ്ങള്‍ മനസ്സിലാക്കിയതുകൊണ്ടാണല്ലോ വിശാലബഞ്ചിന് വിട്ടിരിക്കുന്നത്. അപ്പോള്‍ ഇനി വിശാലബഞ്ചിന്‍റെ വിധി വരട്ടെ. ആ സന്ദര്‍ഭത്തില്‍ മാത്രമേ ഇനി ഒരു നിലപാട് നമ്മള്‍ എടുക്കേണ്ടതുള്ളൂ.

തെരഞ്ഞെടുപ്പിന്‍റെ വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ അതിലേക്ക് കൂടുതല്‍ ചോദിക്കുന്നില്ല. കാരണം, സിപിഎം നിലപാട് മാറിയോ ഇല്ലയോ എന്ന് വ്യക്തമാക്കിയിട്ടില്ല. അത് വിട്ടു. വളരെ സെന്‍സിറ്റീവായ ഒരു വിഷയമാണ്. അതിനകത്ത് ഒരുപാട് താല്‍പര്യങ്ങളും ഉള്ളതാണ്. പക്ഷേ ഇന്നലെ പ്രധാനമന്ത്രി വന്നപ്പോള്‍, 'സ്വാമിയെ ശരണമയ്യപ്പ' എന്ന് മൂന്ന് തവണ വിളിച്ചാണ് കോന്നിയില്‍ പ്രചരണം നടത്തിയത്. അപ്പോള്‍ ശബരിമല എന്നുപറയുന്നത് ഒരു വലിയ തെരഞ്ഞെടുപ്പ് വിഷയമായിട്ട് തന്നെ നില്‍ക്കുകയാണ്...

ശബരിമല ഒരു തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ നരേന്ദ്രമോദി കഴിഞ്ഞ പാര്‍ലമെന്‍റ്  തെരഞ്ഞെടുപ്പിലും ശ്രമിച്ചിട്ടുണ്ട്.

പാര്‍ലമെന്‍റില്‍ ആ ശ്രമം വിജയിച്ചിതാണ്?

പാര്‍ലമെന്‍റിൽ ആ ശ്രമം വിജയിച്ചപ്പോള്‍, ബിജെപി ശരണം വിളിയൊക്കെ ചെയ്‌തെങ്കിലും അന്ന് ബിജെപിക്കല്ല വോട്ട് കിട്ടിയത്. അന്ന് നരേന്ദ്ര മോദി തന്നെ വാഗ്ദാനം ചെയ്തിരുന്നു, ഞങ്ങള്‍ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ പാര്‍ലമെന്‍റ്  ഈ സുപ്രീം കോടതി വിധി മറിക്കടക്കാന്‍ ഒരു നിയമം കൊണ്ടുവരും എന്ന്. പക്ഷേ ഇതുവരെ ആയിട്ടും അവര്‍ അത് കൊണ്ടുവന്നിട്ടില്ല. പിന്നെ ഇപ്പോള്‍ വന്ന് ശരണം വിളിച്ചാല്‍ ആരെങ്കിലും വിശ്വസിക്കുമോ? 

മാത്രമല്ല, കോണ്‍ഗ്രസ് ഇതുസംബന്ധിച്ച് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്, അസംബ്ലി ഭൂരിപക്ഷം കിട്ടിയാല്‍ ചെയ്യുമെന്നാണ്. അസംബ്ലിക്ക് അതിന് അധികാരമില്ല. പാര്‍ലമെന്‍റിന് പോലും അധികാരം ഇല്ലാത്ത കാര്യം എങ്ങനെയാണ് അസംബ്ലിക്ക് ചെയ്യാന്‍ കഴിയുക? അപ്പോള്‍ രണ്ടു കൂട്ടരും ജനങ്ങളെ കബളിപ്പിക്കുകയാണ്. അപ്പോള്‍ ഏറ്റവും പ്രായോഗികമായ കാര്യം ഇനി സുപ്രീംകോടതിയുടെ വിശാല ബഞ്ചിന്റെ വിധിക്കായി കാത്തിരിക്കുക. ആ വിധി വരട്ടെ. ഇത് അതിനിടയിലുള്ള ഒരു പ്രശ്‌നമായിട്ട് മാറ്റേണ്ട കാര്യമില്ല. എന്ന് മാത്രമല്ല, ഞങ്ങള്‍ വിശ്വാസികളുടെ വിശ്വാസത്തിന് എതിരായ ഒരു നിലപാട് സ്വീകരിക്കുകയില്ല. വിശ്വാസികള്‍ക്കിടയില്‍ ഒരു അഭിപ്രായം കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഒരു നിലപാടാണ് ഞങ്ങള്‍ ഈ പ്രശ്‌നത്തില്‍ നടപ്പാക്കുന്ന സന്ദര്‍ഭത്തില്‍ സ്വീകരിക്കുക.

സിപിഎമ്മിന് അകത്ത് ഇത്തവണ ഈ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍, രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവരെ മാറ്റിനിര്‍ത്താനുള്ള വളരെ ധീരമായൊരു തീരുമാനം എടുത്തു. അങ്ങനെ ഒരു അളവുകോല്‍ വച്ചപ്പോള്‍  ഒരുപാടുപേര്‍ വെട്ടിമാറ്റപ്പെട്ടു. ആ സമീപനം മുഴുവനായും  ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ?

ഞങ്ങളുടെ പാര്‍ട്ടി ഓരോ സന്ദര്‍ഭത്തിലും തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ചില മാനദണ്ഡങ്ങള്‍ നിശ്ചയിക്കാറുണ്ട്. അതിന്‍റെ ഭാഗമായി ഇത്തവണ നിശ്ചയിച്ചത്, രണ്ട് തവണ തുടര്‍ച്ചയായി വിജയിച്ചവരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുക എന്നതായിരുന്നു. അങ്ങനെയൊരു തീരുമാനം എടുക്കാന്‍ കാരണം പുതിയ കുറേ ആളുകള്‍ക്ക് അവസരം കൊടുക്കണം. അപ്പോള്‍ നേതൃതലത്തില്‍ തന്നെ ഉള്ളവരെല്ലാം മത്സരിക്കുന്ന സ്ഥിതി വന്നാല്‍, നേതൃതലത്തിലുള്ളവര്‍ക്കും കൂടി ഇത് ബാധകമാക്കാതിരുന്നാല്‍ പിന്നെ ആര്‍ക്കും ഇത് ബാധകമാക്കാന്‍ സാധിക്കുകയില്ല. 

നേതാക്കന്മാര്‍ക്ക് ബാധകമല്ലാത്ത കാര്യം കീഴ് ഘടകങ്ങളിലുള്ളവര്‍ക്ക് എങ്ങനെ ബാധകമാക്കാന്‍ സാധിക്കും. അതിന്‍റെ ഫലമായിട്ടാണ് പൊളിറ്റ് ബ്യൂറോയും മാര്‍ഗനിര്‍ദേശത്തിന് അനുസരിച്ച് തന്നെ സംസ്ഥാന കമ്മിറ്റി ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടു. സംസ്ഥാന കമ്മിറ്റി ഐകകണ്‌ഠേനയാണ് ആ തീരുമാനമെടുത്തത്. എല്ലാവരും അംഗീകരിച്ചൊരു തീരുമാനമാണത്. അതിന്റെ ഫലമായി 33 പേര്‍ക്ക് രണ്ട് ടേം തുടര്‍ച്ചയായി ജയിച്ചവര്‍ക്ക് ഇത്തവണ മത്സരിക്കാന്‍ കഴിയില്ല. അങ്ങനെ വന്നപ്പോള്‍,  38 പേര്‍ക്ക് പുതിയതായി അവസരം കിട്ടി. ഇതിന് കാരണം  പുതിയ തലമുറ എല്ലാ മേഖലയിലും വേണം- പാര്‍ലമെന്‍ററി രംഗത്തുവേണം, സംഘടനാരംഗത്തും വേണം. 

സംഘടനാ രംഗത്തുള്ളവര്‍ക്ക് ഞങ്ങള്‍ മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. മൂന്ന് തവണ മാത്രമേ ഒരാള്‍ക്ക്  സെക്രട്ടറിയായി തുടരാന്‍ സാധിക്കുകയുള്ളൂ. എല്‍സി സെക്രട്ടറി മുതല്‍ അഖിലേന്ത്യ സെക്രട്ടറിക്ക് വരെ ഇത് ബാധകമാണ്. ഒമ്പത് കൊല്ലം വരെ ഒരാള്‍ക്ക് തുടര്‍ച്ചയായി സെക്രട്ടറിയാവും. പിന്നീടയാള്‍ക്ക് സെക്രട്ടറിയാവാനും പറ്റില്ല. പക്ഷെ ഇതിനങ്ങനെ ഇല്ല, രണ്ട് ടേം തുടര്‍ച്ചയായി ജയിച്ചവര്‍ മാറി നില്‍ക്കുമ്പോള്‍ പിന്നീടവര്‍ക്ക് ഒരിക്കലും ആകാന്‍ പറ്റില്ല എന്നില്ല. പാര്‍ട്ടി സെക്രട്ടറിക്ക് അത് ബാധകമാണ്. സെക്രട്ടറി സ്ഥാനത്ത് തുടര്‍ച്ചയായി ഒമ്പത് വര്‍ഷം കഴിഞ്ഞ് പിന്നെ ഒരു ടേം കഴിഞ്ഞ് ആകാന്‍ പറ്റില്ല.

ഇതില്‍ മുതിര്‍ന്ന നേതാക്കളായ ഒരുപാട് പേര്‍ മാറിയല്ലോ... ജി സുധാകരന്‍, തോമസ് ഐസക്, ഇ പി ജയരാജന്‍ തുടങ്ങിയവര്‍ ഇത്തരത്തില്‍ മാറിയല്ലോ. ഇ പി ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്, പാര്‍ട്ടി പറഞ്ഞാലും  ഇനി ഞാന്‍ മത്സരിക്കില്ല എന്നാണ്. താങ്കളും പിണറായി വിജയനുമടക്കമുള്ള ആളുകള്‍ പറഞ്ഞത് പാര്‍ട്ടിയാണ് അക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത് എന്നാണ്. ആ പാര്‍ട്ടിയാണ് തീരുമാനം എടുക്കുക എന്ന് അറിയാത്ത ആളല്ല ഇ പി ജയരാജന്‍.  പിന്നെ എന്തുകൊണ്ടാകും അദ്ദേഹം ആ അതൃപ്തി പുറത്തുചാടിച്ചത്?

അതൊരു അതൃപ്തിയായി കാണേണ്ട കാര്യമില്ല. അദ്ദേഹത്തിന്‍റെതായ ഒരു അഭിപ്രായം അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചു എന്നു കരുതിയാല്‍ മതി. പാര്‍ട്ടി ഇതുസംബന്ധിച്ച്  തീരുമാനം എടുക്കുന്ന സന്ദര്‍ഭത്തില്‍, ഏതൊരു ആള്‍ക്കും പാര്‍ട്ടിക്കകത്ത് അഭിപ്രായം പ്രകടിപ്പിക്കാം. ആ സന്ദര്‍ഭത്തില്‍ പാര്‍ട്ടി ഒരു തീരുമാനം എടുത്തുകഴിഞ്ഞാല്‍ അത് എല്ലാവരും അംഗീകരിക്കേണ്ടതായി വരും. അത് എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. എത്ര ഉന്നതസ്ഥാനത്ത് ഇരിക്കുന്ന വ്യക്തിക്കും പാര്‍ട്ടി തീരുമാനം ഒരു പോലെ ബാധകമാണ്. അത് ഈ തെരഞ്ഞെടുപ്പിന്‍റെ ഘട്ടത്തില്‍ ഇനി ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല. പുതിയൊരു തെരഞ്ഞെടുപ്പ് വരുമ്പോഴാണല്ലോ ഈ പ്രശ്‌നങ്ങളൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്നത്.

പക്ഷേ അദ്ദേഹത്തെ പോലെ ഒരു മുതിര്‍ന്ന നേതാവ് അങ്ങനെ പറയുമ്പോള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വാഭാവികമായും അദ്ദേഹത്തിനൊരു അതൃപ്തി ഉണ്ടെന്നും മാത്രവുമല്ല, അദ്ദേഹം അതിന്റെ കൂടെ നടത്തിയ ചില പരാമര്‍ശങ്ങളുണ്ട്, പിണറായി വിജയന്‍ മാഹനാണ് എന്നും അതിന്റെ അടുത്തെത്താന്‍ കഴിഞ്ഞാല്‍ പുണ്യവാനായി എന്നൊക്കെ അദ്ദേഹം പറയുമ്പോള്‍, അദ്ദേഹം അത് അത്ര ഗൗരവമായല്ല പറയുന്നത് എന്ന് നമുക്ക് എല്ലാവര്‍ക്കും തോന്നുന്നുണ്ട്, അത് ഒരു 'ആക്കി' പറയുന്നതാണ് എന്ന്. അങ്ങനെ ഒരു മുതിര്‍ന്ന നേതാവ് പറയുമ്പോള്‍, അതൊക്കെ പ്രവര്‍ത്തകര്‍ക്ക് നല്ല സന്ദേശമാണോ കൊടുക്കുന്നത്? 

അല്ല, അങ്ങനെ ആ പ്രശ്‌നത്തെ കാണേണ്ടതില്ല. അങ്ങനെ ഒരു 'ആക്കി' പറയുന്ന ആളല്ല ഇ പി ജയരാജന്‍. സഖാവിന് സഖാവിന്‍റെതായ ഒരു അഭിപ്രായം, വ്യക്തിപരമായി ഇനി ഞാന്‍ മത്സരിക്കുന്നില്ല എന്നൊരു അഭിപ്രായം പ്രകടിപ്പിച്ചു എന്നേ കാണേണ്ടതുള്ളൂ അത്. ഇനിയൊരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ ആണല്ലോ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക.

പക്ഷേ ഇപി മട്ടന്നൂരിന് പുറത്തേയ്ക്ക് പോകുന്നില്ല  പ്രചാരണത്തിന്?

ഇല്ല, അദ്ദേഹം കണ്ണൂര്‍ ജില്ലയിലെ എല്ലാ ഭാഗത്തും പ്രവര്‍ത്തനത്തിന് പോകുന്നുണ്ട്.

ഇപ്പോള്‍ അനാരോഗ്യമുള്ള താങ്കള്‍ പോലും തിരുവനന്തപുരം ഭാഗങ്ങളിലെല്ലാം പ്രചാരണം നടത്തി. ഇപ്പോള്‍ താങ്കളുടെ നാട്ടിലുണ്ട്. ഷൈലജ ടീച്ചര്‍ വട്ടിയൂര്‍ക്കാവിലൊക്കെ വന്നത് കണ്ടു. പക്ഷെ ഇ പിയെ വേറെ എവിടെയും കണ്ടിട്ടില്ല?

സഖാവിന് കണ്ണൂര്‍ ജില്ലയുടെ ചുമതലയാണ് കൊടുത്തിരിക്കുന്നത്. കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ജില്ലയുടെ മുഴുവന്‍ ചുമതല ഏറ്റെടുക്കാമെന്ന് അദ്ദേഹം തന്നെ എന്നോട് പറയുകയും ചെയ്തു. കണ്ണൂരില്‍ പുതിയതായി ചില സീറ്റുകള്‍ എടുക്കേണ്ടതുണ്ട്. മറ്റ് ജില്ലകളിലേയ്ക്ക് പോകുമ്പോള്‍, കണ്ണൂര്‍ കൂടുതലായി ശ്രദ്ധിക്കാന്‍ പറ്റില്ല. സ്വാഭാവികമായിട്ടും ഇവിടെ തന്നെ കേന്ദ്രീകരിച്ച് ജയരാജന്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ജയരാജന് കൂടുതല്‍ പരിചയവും അംഗീകാരവും ഉള്ള ഒരു ജില്ലയാണ് കണ്ണൂര്‍ ജില്ല. മുമ്പ് ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള ജില്ലയാണ്. അതെല്ലാം ഉപയോഗിച്ച് സഖാവിന്‍റെ പ്രവര്‍ത്തനം വളരെ ഊര്‍ജ്ജസ്വലമായി നടന്നുകൊണ്ടിരിക്കുകയാണ്. യാതൊരു പ്രശ്‌നവും അക്കാര്യത്തിലില്ല.

മറ്റൊരു ജയരാജനിലേയ്ക്ക് വന്നാല്‍, ശ്രീ. പി ജയരാജന്‍. പല ആളുകള്‍ക്കും പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷവും പിന്നീട് അവസരം കൊടുത്തു. പി രാജീവ് ആയാലും ബാലഗോപാല്‍ ആയാലും... പക്ഷേ പി ജയരാജന് അങ്ങനെ ഒരു അവസരം കിട്ടിയില്ല. അത് എന്തുകൊണ്ടായിരിക്കും?

അത് പ്രത്യേകമായി ഇളവു കൊടുത്ത ഓരോ ആളുകള്‍ക്കും ചില പ്രത്യേകമായിട്ടുള്ള കാരണങ്ങള്‍ കൊണ്ടാണ് ഇളവ് കൊടുത്തത്. ഞങ്ങള്‍ ഇപ്പോള്‍ ഇളവ് കൊടുത്തത് പി രാജീവ്... അദ്ദേഹം പാര്‍ട്ടി ജയിച്ചുവന്ന ഒരു സീറ്റിലല്ല ഇത്തവണ മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഞങ്ങള്‍ തോറ്റ സീറ്റിലാണ് അദ്ദേഹം മത്സരിക്കുന്നത്. എം ബി രാജേഷ് മത്സരിക്കുന്നതും ഞങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലൊക്കെ തോറ്റിട്ടുള്ള മണ്ഡലത്തിലാണ്. തൃത്താലയില്‍ അദ്ദേഹം മത്സരിക്കുന്നത്. 

ബാലഗോപാലിനെ സംബന്ധിച്ച് അവിടെ ഒരു പുതിയ സ്ഥാനാര്‍ത്ഥി വേണ്ടതായിട്ട് വന്നു. ഐഷ പോറ്റി മൂന്ന് ടേമായി. പുതിയൊരാളെ നിശ്ചയിക്കുമ്പോള്‍ അവിടെ മുതിര്‍ന്ന ഒരാള്‍ വേണമെന്ന അങ്ങനെയാണ്, ഒരു മുതിര്‍ന്ന നേതാവായ ബാലഗോപാലിനെ അവിടെ നിശ്ചയിച്ചത്. പിന്നീട് ഇളവ് കൊടുത്തിട്ടുള്ളത് വാസവനാണ്. വാസവന്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍, ഉദ്ദേശിച്ച ഒരു സ്ഥാനാര്‍ത്ഥിയേ അല്ല. പാര്‍ട്ടി സംസ്ഥാന നേതൃത്വം അവസാനം ഒരു തീരുമാനമെടുത്ത് കര്‍ശനമായ നിലപാടെടുത്താണ് വാസവനെ സ്ഥാനാര്‍ത്ഥിയാക്കി നിശ്ചയിച്ചത്. 

കാരണം ഞങ്ങള്‍ ജയിക്കുന്നൊരു സീറ്റിലൊന്നുമല്ല അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിത്വം കൊടുത്തത്. ആ സാഹചര്യക്കില്‍ ഒരു ഇളവ് കൊടുത്ത് വാസവനെ നിശ്ചയിച്ചു. അതേസമയം സെക്രട്ടറി സ്ഥാനത്ത് തുടരേണ്ടതില്ല എന്നു കണ്ട് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ഓരോര്‍ത്തര്‍ക്കും കൊടുത്തതില്‍ വ്യക്തമായ കാരണങ്ങളുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ ഒഴിവ് കൊടുത്തിട്ടുള്ളു.

പി ജയരാന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി,  വടകരയിലേയ്ക്ക് മത്സരിക്കാന്‍ പോകുന്നു. അവിടെ പരാജയപ്പെടുന്നു, തിരിച്ചുവരുന്നു. ഇപ്പോള്‍ അദ്ദേഹം മത്സരിക്കുന്നില്ല. അദ്ദേഹത്തിന് ഇപ്പോള്‍ ഒരു വലിയ ചുമതല ഉള്ളതായി കാണുന്നുമില്ല. മണ്ഡലം ചുമതല ഏല്‍പ്പിച്ചു, അതല്ല സംഘടനാരംഗത്തെ കാര്യമാണ് പറയുന്നത്. മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നു എന്നുള്ള ഒരു ആക്ഷേപം അതില്‍ ഇല്ലേ?

പി ജയരാജനെ ആര്‍ക്കെങ്കിലും മാറ്റി നിര്‍ത്താന്‍ സാധിക്കുമോ?  ഇതൊക്കെ വ്യാഖ്യാനങ്ങള്‍ അല്ലേ? പി ജയരാജന്‍ പാര്‍ട്ടി കൊടുത്ത എല്ലാ ചുമതലകളും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം എന്നുപറയുമ്പോള്‍ ഉത്തരവാദിത്തമുള്ള പോസ്റ്റ് അല്ലേ?. സംസ്ഥാന കമ്മിറ്റി മെമ്പര്‍ നാട്ടില്‍ പോകുന്ന കെപിസിസി മെമ്പര്‍മാരെപ്പോലെയാണോ, സിപിഎമ്മിനകത്തുള്ള സംസ്ഥാന കമ്മിറ്റി മെമ്പര്‍. എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. കെപിസിസിയില്‍ എത്ര ആളുണ്ടെന്ന് ആര്‍ക്കും അറിയില്ല. പക്ഷേ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ ജയരാജനെ എല്ലാവര്‍ക്കും അറിയാം. കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും അറിയാം. അതാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേകത. ജയരാജന്‍ നല്ലതുപോലെ വര്‍ക്ക് ചെയ്യുന്നൊരു സഖാവാണ്. എല്ലാകാര്യങ്ങളിലും ഉത്തരവാദിത്തം  ഏറ്റെടുത്തുകൊണ്ടിരിക്കുന്ന ഒരു സഖാവാണ്. ഇതൊക്കെ മാധ്യമങ്ങളും മറ്റു ചില ആളുകളും കൂടി ഉണ്ടാക്കുന്ന പ്രചാരണങ്ങള്‍ മാത്രമാണ്. അതിലൊന്നും ജയരാജന്‍ വീണുകൊടുക്കുകയുമില്ല. ജയരാജന്‍ അങ്ങനെ ചിന്തിക്കുന്ന ഒരു സഖാവും അല്ല.

പക്ഷേ പി ജയരാജനെ ഇഷ്ടപ്പെടുന്ന ആളുകള്‍ ചേര്‍ന്ന് പിജെ ആര്‍മി ഉണ്ടാക്കുക, അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തുക പാട്ടുണ്ടാക്കുക, ആല്‍ബം ഉണ്ടാക്കുക അങ്ങനെ ഒരുപാടുണ്ടായിട്ടുണ്ട്. പാര്‍ട്ടി അങ്ങനെയുള്ള വ്യക്തി ആരാധന പ്രോത്സാഹിപ്പിക്കാതെ അദ്ദേഹത്തിന് താക്കീത് കൊടുക്കുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു. പിജെ ആര്‍മിയുമായി ബന്ധമില്ലെന്ന് ഈ തെരഞ്ഞെടുപ്പിലും അദ്ദേഹം പറഞ്ഞു. പക്ഷേ അതേ കാര്യമാണ് പിണറായി വിജയന്റെ കാര്യത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പിണറായി വിജയനാണ് സിപിഎം എന്നുള്ള ലൈനിലേക്ക് വ്യക്തി ആരാധന മാറുന്നില്ലെ?

അങ്ങനെ ഒരു സംഗതി സിപിഎമ്മിനകത്തില്ല. ഇതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ പി ജയരാജന്‍ തന്നെ ഇത് പരസ്യമായി പറഞ്ഞു, എന്‍റെ പേര് ഉപയോഗിച്ച് അങ്ങനെ ഒരു ആര്‍മിയുടെ ആവശ്യമില്ല. അങ്ങനെ ഉണ്ടെങ്കില്‍ അത് പിരിച്ചുവിടണം. എന്‍റെ പേര് ഉപയോഗിക്കാനേ പാടില്ലെന്ന്. അത് ഉപയോഗിക്കുന്നതിനെതിരെ പരാതിയും കൊടുത്തിരിക്കുകയാണ്. അത് ഏതോ ഒരു കേന്ദ്രത്തില്‍ നിന്ന് ഉണ്ടാക്കുന്നു എന്ന് മനസിലാക്കിയിട്ട്. അങ്ങനെയുള്ളൊരു നിലപാട് സഖാവ് പി ജയരാജന്‍ പരസ്യമായി സ്വീകരിച്ചിട്ടുണ്ട്. അപ്പോള്‍ അതിന് അദ്ദേഹത്തിന് ഉത്തരവാദിത്തമില്ല. സഖാവ് പിണറായി വിജയനെ സംബന്ധിച്ച് അങ്ങനെ ഒരു ആര്‍മിയോ പ്രശ്‌നമോ ഒന്നും ആരും ഇവിടെ ഉണ്ടാക്കിയിട്ടില്ല.

ഒരു ആര്‍മി വേണ്ട, പക്ഷെ ക്യാപ്റ്റന്‍ എന്നു പറഞ്ഞുകൊണ്ട്, സിപിഎം എന്നാല്‍ പിണറായി വിജയനാണെന്ന നരേറ്റീവിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോവുന്നത്. എല്‍ഡിഎഫിന്റെ വിജയമെന്നതിനെക്കാള്‍ പിണറായി വിജയന്റെ വിജയമെന്നുള്ള തരത്തിലാണ് സിപിഎം അണികളുടെ പോലും പ്രചാരണം വരുന്നത്. അത് താങ്കള്‍ക്ക് എത്ര കണ്ട് നിഷേധിക്കാന്‍ പറ്റും?

കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ സഖാവ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം വലിയ അംഗീകാരം നേടിയിട്ടുണ്ട്. അതൊരു വസ്തുത തന്നെയാണ്. മുഖ്യമന്ത്രിയാവുന്നതിന് മുമ്പുള്ള സഖാവ് പിണറായി വിജയനല്ല, മുഖ്യമന്ത്രിയായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴുള്ള സഖാവ് പിണറായി വിജയന്‍. ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടൊരു നേതാവായിട്ട് സഖാവ് പിണറായി വിജയന്‍ മാറിയിട്ടുണ്ട്. കുറ്റങ്ങളൊക്കെ പല ആളുകളും ഉന്നയിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഏശുന്നില്ല. 

രാജ്യം ശ്രദ്ധിക്കുന്നൊരു കമ്മ്യൂണിസ്റ്റ് നേതാവാണ് ഇന്ന് സഖാവ് പിണറായി വിജയന്‍. അതിന്റെതായ അംഗീകാരം സഖാവിനുണ്ട് എന്നതും വസ്തുതയാണ്. മാത്രമല്ല ജനങ്ങള്‍ക്കിടയില്‍ അങ്ങനെയൊരു അഭിപ്രായം രൂപപ്പെട്ടുവന്നിട്ടുമുണ്ട്. അതിന്റെ ഭാഗമായി ചിലയാളുകള്‍, ചില പേരുകള്‍, വിശേഷണങ്ങള്‍ കൊടുക്കുന്നതിന്‍റെ ഭാഗമായിട്ട് വരുന്നതാണ് ഇങ്ങനെയുള്ള ചില പ്രയോഗങ്ങള്‍. അത് പാര്‍ട്ടിയെന്ന നിലയില്‍ കാണുന്നൊരു പ്രയോഗമല്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാവരും ഞങ്ങളെ വിശേഷിപ്പിക്കുന്നത് സഖാവ് എന്ന് തന്നെയാണ്. അത് തന്നെയാണ് സഖാവ് പിണറായി വിജയനും പാര്‍ട്ടി എന്ന നിലയില്‍ ഞങ്ങള്‍ കൊടുക്കുന്ന സവിശേഷത. പൂര്‍ണമായ അര്‍ത്ഥത്തിലുള്ളൊരു പ്രവര്‍ത്തനം നടത്താന്‍ സഖാവ് പിണറായി വിജയന് കഴിയുന്നുണ്ട്. അപ്പോള്‍ അതിന്‍റേതായ അംഗീകാരം സ്വാഭാവികമായും കിട്ടും. അല്ലാതെ പാര്‍ട്ടി എന്നു പറയുന്നത് ഒരു വ്യക്തിയല്ല. ഞങ്ങളുടെ നേതൃത്വമെന്ന് പറയുന്നത് ഒരാളല്ല. ഞങ്ങളുടെ നേതൃത്വമെന്നുപറയുന്നത്, കൂട്ടായ നേതൃത്വമാണ് സിപിഎമ്മിലുള്ളത്. ആ കൂട്ടായ നേതൃത്വത്തിന്റെ ഭാഗമാണ് സഖാവ് പിണറായി വിജയന്‍.

അതൊക്കെ പറയുമ്പോഴും താങ്കള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന സമയത്ത്, പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് കേട്ടിട്ടുള്ള ഒരു വലിയ ആക്ഷേപം എന്താണെന്നുവെച്ചാല്‍ സംഘടന, അധികാരത്തിന് കീഴ്‌പ്പെടുന്നു എന്നതാണ്. സംഘടാന സംവിധാനം സംഘടനയുടെ തന്നെ നേതൃത്വത്തിലുള്ള അധികാര സംവിധാനത്തിന് കീഴ്‌പ്പെടുന്നു എന്നതാണ്. അതായത്, പാര്‍ട്ടി സെക്രട്ടറി എന്നുള്ള നിലയിലുള്ള ആ ഒരു വലിയ വിപുലമായ അധികാര -അവകാശങ്ങള്‍ ഉപയോഗിക്കാന്‍ താങ്കള്‍ക്ക് പറ്റാതെ പോവുന്നു, ദുര്‍ബലനായൊരു സെക്രട്ടറിയായി മാറേണ്ടിവരുന്നു എന്നുള്ളതാണ്. അത് എങ്ങനെയാണ് കാണുന്നത്?

ഇതൊക്കെ ഒരു പ്രചാരണത്തിന്‍റെ ഭാഗമായി വരുന്നൊരു കാര്യം മാത്രമാണ്. പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ രീതിയുണ്ട്. ആ രീതി പാര്‍ട്ടി എല്ലാക്കാലത്തും ആര് സെക്രട്ടറിയായാലും സ്വീകരിക്കും. ഇവിടെ മാധ്യമങ്ങള്‍ കാണുന്നത് എന്താണ്? പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിയെ ഇടക്കിടെ വിമര്‍ശിക്കണം. അങ്ങനെ വിമര്‍ശിക്കുന്നില്ല എന്നതുകൊണ്ട് പാര്‍ട്ടി എന്ന രീതിയില്‍ മുഖ്യമന്ത്രിക്ക് കീഴിലാണ് പാര്‍ട്ടി എന്ന് പ്രചരിപ്പിക്കുകയാണ്. യുഡിഎഫിന്‍റെ കാലത്തുള്ള അവസ്ഥയല്ല ഞങ്ങളുടേത്. യുഡിഎഫിന്റെ കാലത്ത് മുഖ്യമന്ത്രിക്കെതിരെ ഇടക്കിടെ കെപിസിസി പ്രസിഡന്റ് പ്രസ്താവന ഇറക്കിക്കൊണ്ടേയിരിക്കും. ആ സര്‍ക്കാരിന്‍റെ ഏറ്റവും വലിയ കുഴപ്പം അതായിരുന്നല്ലോ. ഓരോ പാര്‍ട്ടിയും ഓരോ സാമ്രാജ്യം. ഓരോ മന്ത്രിയും ഓരോ സാമ്രാജ്യം. ഒരു നാഥനില്ലാത്ത അവസ്ഥയായിരുന്നല്ലോ.

ആ അവസ്ഥയില്‍ നിന്ന് കേരളത്തെ മാറ്റണമെന്നുള്ളതുകൊണ്ടുതന്നെ, സിപിഎം എല്ലാ കാര്യങ്ങളിലും ചെയ്യുന്നത് എന്താണ്, പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ച ചെയ്യും. സഖാവ് പിണറായി വിജയനുള്ള അഭിപ്രായം പാര്‍ട്ടിയില്‍ പറയും. ഈ അഞ്ചു വര്‍ഷത്തിനിടയില്‍ മുഖ്യമന്ത്രി ചെയ്യുന്ന പ്രവര്‍ത്തന ശൈലിയെന്താണ്... നയപരമായ എല്ലാ കാര്യങ്ങളും പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ അദ്ദേഹം നോട്ട് തരും. ഞങ്ങളുടെയെല്ലാം അഭിപ്രായം ചോദിക്കും. വ്യത്യസ്ത അഭിപ്രായമുണ്ടെങ്കില്‍ അത് വേണ്ടെന്ന് വെക്കും. പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനമായാല്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യും. എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിച്ച കാര്യങ്ങളാണ് മുഖ്യമന്ത്രി എല്ലാക്കാലത്തും നടപ്പാക്കാന്‍ ഇടപെട്ടിട്ടുള്ളത്.

വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്ന കാലത്ത് താങ്കള്‍ മന്ത്രിസഭയിലുണ്ടായിരുന്നു. അന്ന് ഈ പാര്‍ട്ടിക്കും സര്‍ക്കാരിനുമിടയില്‍ ഏതാണ്ട് പാലം പോലെ നിന്ന ഒരാള്‍ കൂടിയാണ്, താങ്കള്‍. അങ്ങനെയൊരു പാര്‍ട്ടി സെക്രട്ടറിയെ കണ്ടിട്ട് ഇപ്പോള്‍ ഇപ്പോള്‍ വിജയരാഘവന്‍ വന്ന സമയത്തായാലും ഈ മുഖ്യമന്ത്രിയെ പാര്‍ട്ടി അങ്ങനെ നിയന്ത്രിക്കുന്നുണ്ടോ, എന്ന് മാറിനില്‍ക്കുന്ന ആളുകള്‍ക്ക് സംശയം തോന്നില്ലേ?

പിണറായി വിജയന്‍ ആര്‍ക്കെങ്കിലും വിധേയപ്പെട്ട് നില്‍ക്കുന്നുണ്ടെങ്കില്‍ അത് ആകെ പാര്‍ട്ടിക്ക് മാത്രമാണ് വിധേയനാകുന്നത്. അതാണ് ഈ അഞ്ച് വര്‍ഷക്കാലത്തെ അനുഭവം. മുമ്പ് വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ചില പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ആ പ്രശ്നങ്ങള്‍ ഞങ്ങള്‍ തുറന്നുസമ്മതിച്ചിട്ടുണ്ട്. അതിന്റെതായ ചില വിഷമങ്ങള്‍ ആ ഘട്ടത്തിലുണ്ടായിരുന്നു. അങ്ങനെയൊരു വിഷമം പിന്നീട് ഉണ്ടാകാന്‍ പാടില്ല എന്നുള്ളത് പാര്‍ട്ടിക്കും അണികള്‍ക്കും ആകെ ബോധ്യമായിട്ടുണ്ട്.

ഇപ്പോള്‍ പാര്‍ട്ടിയില്‍ വന്നിരിക്കുന്ന പ്രധാനമായൊരു മാറ്റം, പാര്‍ട്ടിയില്‍ വിഭാഗീയതയില്ല എന്നതാണ്. വിഭാഗീയത ഉള്ള കാലത്ത് ചില വിഷമങ്ങളുണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായിട്ട് പാര്‍ട്ടി സ്റ്റേറ്റ് കമ്മറ്റി തന്നെ അന്നത്തെ സര്‍ക്കാരിനെ കുറിച്ച് ചില വിമര്‍ശനങ്ങളുന്നയിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് മാത്രമല്ല, സ്റ്റേറ്റ് കമ്മറ്റി തന്നെ വിലയിരുത്തിയിട്ടുണ്ട്. സംസ്ഥാന സമ്മേളനം ചില വിമര്‍ശനങ്ങളുന്നയിച്ചിട്ടുണ്ട്.

പാര്‍ട്ടിയില്‍ ആലോചിക്കാതെ ചില പ്രശ്നങ്ങള്‍ വന്ന സന്ദര്‍ഭത്തിലാണ് ആ വിമര്‍ശനങ്ങളുന്നയിക്കേണ്ടി വന്നത്. ഇപ്പോള്‍ അങ്ങനെയുള്ളൊരു പ്രശ്നവും ഇല്ല. ആളുകളാലോചിക്കുന്നത് പാര്‍ട്ടിയില്‍ ആലോചിക്കാതെ പിണറായി വിജയനിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ്... ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുകയാണ്... അതല്ല, പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ആലോചിച്ചാണ് തീരുമാനമെടുക്കുന്നത്. ചിലത് പോളിറ്റ് ബ്യൂറോ ചില മാര്‍ഗനിര്‍ദേശങ്ങള്‍ തരും. അങ്ങനെ ചില എടുത്ത തീരുമാനങ്ങള്‍ തിരുത്തിയിട്ടുണ്ട്. അങ്ങനെ ഞാന്‍ ചെയ്ത കാര്യം ശരിയാണ് എന്ന് പറഞ്ഞ് നില്‍ക്കുകയല്ല ചെയ്തിട്ടുള്ളത്. പാര്‍ട്ടിയില്‍ പിന്നീട് ചര്‍ച്ച ചെയ്തപ്പോള്‍, ആ ചര്‍ച്ചകളുടെ ഭാഗമായി മാറ്റങ്ങള്‍ വരുത്താന്‍ ഈ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. മാറ്റങ്ങള്‍ വരുത്താതിരിക്കുകയല്ല ചെയ്തിട്ടുള്ളത്.

അതില്‍ നിന്ന് വ്യക്തമാകുന്നതെന്താണ്? പാര്‍ട്ടിക്ക് വിധേയനാണ് മുഖ്യമന്ത്രി. പിണറായി വിജയന്റെ ഏറ്റവും വലിയ പ്രത്യേകതയായി ഞാന്‍ കാണുന്നത്, സഖാവ് പാര്‍ട്ടിക്ക് എപ്പോഴും വിധേയനാണ്. ഏത് സ്ഥാനത്തിരുന്നാലും അദ്ദേഹം ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ പാര്‍ട്ടിയില്‍ പറയും, പാര്‍ട്ടിയുടെ അംഗീകാരം വാങ്ങും. ചിലപ്പോള്‍ ആളുകള്‍ വിചാരിക്കും ഇത് പാര്‍ട്ടിയുടെ അംഗീകാരമില്ലാതെ ചെയ്യുന്നതാണെന്ന്. പക്ഷേ, പാര്‍ട്ടി അംഗീകാരം വാങ്ങിയിരിക്കും. അംഗീകാരമില്ലെങ്കില്‍ പിന്‍വാങ്ങും. അംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഒരെതിര്‍പ്പും പരിഗണിക്കില്ല. അത് ചെയ്തിരിക്കും. അതാണ് സഖാവ് പിണറായി വിജയനില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത.

എന്നാണ് സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്?

എനിക്ക് ലീവ് തന്നിരിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ കണക്കാക്കിയാണ്. ഇപ്പോള്‍ ആരോഗ്യം മെച്ചപ്പെട്ട് വരുന്നുണ്ട്. അക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തുതൊണ്ട് ഉത്തമമായ തീരുമാനം കൈക്കൊള്ളും.

ഉടനെ തന്നെ ഒരു തീരുമാനമുണ്ടായി, ഒരു തിരിച്ചുവരവുണ്ടാകുമോ?

അതൊക്കെ പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യമാണല്ലോ. എന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നുണ്ട്. ഇപ്പോഴും ചികിത്സ നടക്കുന്നുണ്ടെന്നതാണ് വസ്തുത. ഞാനിങ്ങനെ നില്‍ക്കുന്നുണ്ട്, സംസാരിക്കുന്നുണ്ട് എങ്കിലും ഇപ്പോഴും ക്യാന്‍സര്‍ രോഗത്തിനുള്ള കീമോ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. രണ്ടാഴ്ചയിലൊരിക്കല്‍ കീമോ ചെയ്യണം. ആ ചെയ്യുന്ന ദിവസങ്ങളില്‍ കുറച്ച് പ്രശ്നങ്ങളുണ്ട്. സ്വാഭാവികമായും അത് ചെയ്യുന്ന ആളുകള്‍ക്കെല്ലാം അറിയാവുന്നതാണ്. ഇപ്പോള്‍ കീമോ എന്റെ ശരീരത്തില്‍ പിടിച്ചുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് പഴയതുപോലുള്ള അസ്വസ്ഥതകള്‍ ഇപ്പോള്‍ അനുഭവിക്കേണ്ടി വരുന്നില്ല. കുറച്ചുകൂടി തുടരേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പൂര്‍ണ്ണമായി ഭേദമാക്കാന്‍ കഴിയും എന്നവര്‍ പ്രത്യാശിക്കുന്നുണ്ട്.

പൂര്‍ണ്ണമായി ഭേദമാകണമെങ്കില്‍ അവരുടെ ചില നിബന്ധനകള്‍ കൂടി അംഗീകരിക്കണമെന്നും അവര്‍ പറയുന്നുണ്ട്. അതുകൊണ്ട് നമ്മള്‍ വേഗത കൂട്ടി പഴയത് പോലെ പോയാല്‍ ചിലപ്പോള്‍ എന്തെങ്കിലും അണുബാധയോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഒക്കെ ഉണ്ടായാല്‍ നമുക്ക് ഉത്തരവാദിത്തം ഉണ്ടാകില്ല എന്നൊരു മുന്നറിയിപ്പ് അവര്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് ആരോഗ്യത്തിന് മുന്‍ഗണന കൊടുക്കുക, ആരോഗ്യം തിരിച്ചുകിട്ടിയാല്‍ പൂര്‍വ്വാധികം ശക്തമായി നമുക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമല്ലോ... അതാണുദ്ദേശിക്കുന്നത്.

വ്യക്തിപരമായി ഈ കാലത്തില്‍ വന്നിട്ടുള്ള ആരോപണങ്ങളെ, കുടുംബത്തിന് നേരെ വന്നിട്ടുള്ള ആരോപണങ്ങളെ, ഒക്കെ എങ്ങനെയാണ് കാണുന്നത്?

അത് ബോധപൂര്‍വ്വം വരുന്ന ആരോപണങ്ങളാണല്ലോ. ഞാനീ സ്ഥാനത്തില്ലെങ്കില്‍ എന്റെ കുടുംബത്തിലുള്ള ആര്‍ക്കെങ്കിലും എതിരെ ഇങ്ങനെ ആരോപണങ്ങള്‍ വരുമായിരുന്നോ! അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ തന്നെ അത് ശ്രദ്ധിക്കപ്പെടുമോ! ഇങ്ങനെയൊരു സ്ഥാനത്തിരിക്കുന്ന സന്ദര്‍ഭത്തില്‍ ബോധപൂര്‍വ്വം ഒന്ന് സമൂഹത്തിന് മുമ്പില്‍ ഇടിച്ചുതാഴ്ത്തണം, ഈ പറയുന്ന നേതാവ്, ഒരു കൊള്ളരുതാത്തവനാണെന്ന് കാണിക്കണം. അതിനുള്ള വഴികള്‍ എതിരാളികള്‍ നോക്കും.

പക്ഷേ ഈ ആരോപണങ്ങളൊന്നും താങ്കള്‍ക്കെതിരെയല്ല, താങ്കളെന്തെങ്കിലും ചെയ്തത് കുറ്റം എന്നുള്ള മട്ടിലല്ല വരുന്നത്... കുടുംബാംഗങ്ങള്‍ക്കെതിരെ മാത്രമാണ്. അപ്പോള്‍ അവരുടെ ഭാഗത്ത് നിന്ന് വരുന്ന എന്തെങ്കിലും പ്രവര്‍ത്തികളുടെ പ്രശ്നങ്ങളും കൂടി ആയിരിക്കില്ലേ അത്?

ഏറ്റവുമൊടുവില്‍ വന്നൊരു പ്രശ്നമാണ്, എന്റെ ഭാര്യ വിനോദിനിക്ക് ഒരു ഫോണ്‍ കിട്ടി, അത് സന്തോഷ് ഈപ്പന്‍ കൊടുത്ത ഫോണാണ്- പാരിതോഷികമായി വാങ്ങിയ ഫോണാണ് എന്നെല്ലാമുള്ള കഥ. ആ കഥ വന്നപ്പോള്‍ സന്തോഷ് ഈപ്പന്‍ തന്നെ പിന്നെ വെളിപ്പെടുത്തി, ഞാന്‍ അങ്ങനെയൊരു ഫോണ്‍ കൊടുത്തിട്ടില്ല, ഞാന്‍ വിനോദിനിയെ കണ്ടിട്ടില്ല, കോടിയേരി ബാലകൃഷ്ണനേയും എനിക്കറിഞ്ഞുകൂട എന്നെല്ലാം...

ഈ ഫോണ്‍ സന്തോഷ് ഈപ്പന്‍ കൊടുത്തത് ഒന്നുകില്‍ ഇപ്പോള്‍ വിവാദത്തിലായിട്ടുള്ള സ്ത്രീ സ്വപ്ന- അവര്‍ക്ക് കൊടുക്കാം. അവര്‍ കോണ്‍സുലേറ്റ് ജനറലിന് കൊടുക്കുക ഇങ്ങനെയൊക്കെയാണല്ലോ ഫോണിന്റെ കഥ. ഇവര്‍ മൂന്ന് പേരെയും ഞങ്ങള്‍ക്ക് അറിഞ്ഞുകൂട. വിനോദിനിക്കും അറിഞ്ഞുകൂട. അങ്ങനെയൊരു കഥ എന്തിനാണ് ഉണ്ടാക്കിയത്?

അന്വേഷിച്ചുവന്നപ്പോള്‍ ഇപ്പോള്‍ വിനോദിനി തന്നെ പൊലീസില്‍ ഒരു പരാതി കൊടുത്തു. പത്രത്തില്‍ ഇങ്ങനെ വന്നുകൊണ്ടിരിക്കുന്നു എന്ന നിലയ്ക്കാണ് പരാതി. എനിക്കങ്ങനെയൊരു ഫോണില്ല - ഞാനുപയോഗിക്കുന്ന ഫോണ്‍ ഇതാണ്, അതിന്റെ നമ്പര്‍ ഇതാണ് എന്ന് വ്യക്തമായിട്ട് കൊടുത്തു. ക്രൈംബ്രാഞ്ചില്‍ നിന്ന് അത് പരിശോധിച്ച് റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. അപ്പോഴിത് കെട്ടുകഥയാണെന്നത് വ്യക്തമായില്ലേ. ഇങ്ങനെ കഥകളുണ്ടാക്കാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യാന്‍ സാധിക്കും! അത്തരം കഥകള്‍ക്ക് അല്‍പായുസ് മാത്രമേ ഉണ്ടാകൂ എന്നുള്ളതാണ് വസ്തുത. കഥകളുണ്ടാക്കുന്ന ആളുകള്‍ ഇനിയും പല കഥകളുണ്ടാക്കിയെന്ന് വരും. നമ്മള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലേ പേടിക്കേണ്ടതായിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഇത് ആര് വേണമെങ്കിലും അന്വേഷണം നടത്തിക്കോട്ടെ, എന്ന നിലപാടാണ് വിനോദിനി സ്വീകരിച്ചത്. അതുകൊണ്ട് ഇത്തരം ഇല്ലാത്ത കാര്യങ്ങള്‍ പറയുന്നതിനെ ഭയപ്പെടേണ്ട കാര്യമില്ല. കുറച്ച് ദിവസം ആശയക്കുഴപ്പങ്ങളുണ്ടാക്കാന്‍ ഇതിന് സാധിക്കും.

മക്കളുടെ കാര്യം, ബിനീഷാണെങ്കിലും ബിനോയി ആണെങ്കിലും ചെന്നുചാടുന്ന അപകടങ്ങള്‍ താങ്കളുടെ രാഷ്ട്രീയഭാവിയല്ലേ, അല്ലെങ്കില്‍ ഇമേജല്ലേ ഇക്കാലമത്രയും മോശമാക്കിക്കൊണ്ടിരുന്നത്?

അവര്‍ രണ്ടുപേരും പ്രായപൂര്‍ത്തിയായവരാണ്. ഒരാള്‍ക്ക് മുപ്പത്തിയാറ് വയസായി, ഒരാള്‍ക്ക് മുപ്പത്തിയെട്ട് വയസും ആയി. അവര്‍ കല്യാണം കഴിച്ച് കുടുംബമായി പ്രത്യേകം താമസിക്കുന്നവരാണ്. എന്റെ നിയന്ത്രണത്തില്‍ കഴിയുന്നവരേയല്ല. അവര്‍ക്കെതിരായി ഉയര്‍ന്നുവരുന്ന കാര്യങ്ങള്‍ അവര്‍ തന്നെയാണ് സ്വയം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും അത് നേരിടേണ്ടതും. സ്വാഭാവികമായും ഒരു കരുതല്‍ ഇല്ലാതെ വരുമ്പോള്‍ ഇങ്ങനെ ചില പ്രശന്ങ്ങളുണ്ടാകും. അത് ഭാവിയില്‍ അവര്‍ക്കും അനുഭവം തന്നെയാണ്. കുടുംബാംഗങ്ങള്‍ക്കാകെ ഇത്തരം പ്രശ്നങ്ങളില്‍ ജാഗ്രതയാണ് വേണ്ടത് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതൊക്കെ ഉപയോഗിച്ചുകൊണ്ട് ഇപ്പോള്‍ പ്രചാരവേല നടത്തുന്നതിന് ഒരുദ്ദേശമുണ്ടെന്ന് അവര്‍ക്കിപ്പോള്‍ മനസിലായിട്ടുണ്ട്. സ്വാഭാവികമായി അതിന്റേതായ കരുതലും ജാഗ്രതയും എല്ലാവരുടെ ഭാഗത്ത് നിന്നും ഉണ്ടാകും എന്നുള്ള കാര്യത്തില്‍ സംശയമില്ല.

ഇതെല്ലാം വ്യക്തിപരമായി എങ്ങനെയാണ് ബാധിച്ചത്? ബിനീഷിപ്പോഴും ജയിലിലാണ്. മറ്റൊരു വശത്ത് വേറെയും ആരോപണങ്ങള്‍... എങ്ങനെയാണ് കുടുംബമായിട്ട് നില്‍ക്കുമ്പോള്‍, വീട്ടില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചയില്‍ വരികയോ സംസാരിക്കുകയോ ചെയ്യാറുണ്ടോ?

സ്വാഭാവികമായും മനുഷ്യസഹജമായിട്ടുള്ള കാര്യങ്ങളാകുമ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുമല്ലോ. ബിനീഷിനെപ്പറ്റി ആദ്യമുണ്ടായിട്ടുള്ള പ്രചരണമെന്താണ്, മയക്കുമരുന്ന് കേസ് എന്നുള്ളതാണ്. അത് കേട്ടപ്പോള്‍ എല്ലാവര്‍ക്കും പ്രശ്നമുണ്ടായി. എന്താണിങ്ങനെ പെട്ടിട്ടുണ്ടോ എന്ന്. അപ്പോള്‍ അവന്‍ പറഞ്ഞു, ഞാന്‍ ജീവിതത്തില്‍ ഇതില്‍ പങ്കാളിയായിട്ടില്ല. അവന്‍ പുകവലിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. മദ്യപിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. മയക്കുമരുന്ന് ഉപയോഗിക്കുന്നതും ഞാന്‍ കണ്ടിട്ടില്ല. പിന്നെ എവിടെ നിന്ന് ഇങ്ങനെയൊരു ബന്ധം ഉണ്ടായി എന്നുള്ള സ്വാഭാവികമായ സംശയം ഞങ്ങള്‍ക്കുണ്ടായി.

അവന്‍ അപ്പോഴും പറഞ്ഞു, ആര് വേണമെങ്കിലും പരിശോധിച്ചുകൊള്ളട്ടെ, ഏത് ആളുടെ മുമ്പിലും ഞാന്‍ ഹാജരാകാന്‍ തയ്യാറാണ്, ഞാനിങ്ങനെ ഒരു കുറ്റം ചെയ്തിട്ടില്ല. അങ്ങനെയാണ് യഥാര്‍ത്ഥത്തില്‍ അവന്‍ ഇവരുമായെല്ലാം സഹകരിച്ചത്. ഇഡിക്കാര്‍ വിളിച്ചപ്പോള്‍ രണ്ട് തവണ കൊച്ചിയില്‍ പോയി. ബെഗ്ലൂരില്‍ വിളിപ്പിച്ചപ്പോള്‍ ആദ്യം അവിടെ പോയി. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിച്ചു. പിന്നോ പോകുമ്പോഴാണ് നിലപാട് മാറുന്നത്.

മയക്കുമരുന്നാണെന്ന് പറഞ്ഞ് പിടിച്ചിട്ട്, പതിനാല് ദിവസം കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്തു. ഒരു തെളിവും അവര്‍ക്ക് കിട്ടിയില്ല. അവസാനം എന്‍സിബി കുറ്റപത്രം കൊടുത്തപ്പോള്‍ ബിനീഷ് പ്രതിയല്ല. ഇപ്പോള്‍ മണി ലോന്‍ഡറിംഗ് പ്രകാരമുള്ള കേസാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. അതൊരു വ്യക്തിക്ക് ഹോട്ടല്‍ തുടങ്ങാന്‍ വേണ്ടി, രേഖ വച്ച് ബാങ്ക് മുഖേന നല്‍കിയ പണമാണ്. അതിന്റെ പേരിലിപ്പോള്‍ ഒരു കേസ് ഉണ്ടാക്കിയിരിക്കുകയാണ്. അതിലിപ്പോള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുത്ത് നില്‍ക്കുന്ന സ്ഥിതിയാണുള്ളത്.

അതെല്ലാം കുടുംബം എങ്ങനെയാണ് നേരിട്ടത്? ഈ ആരോപണങ്ങളെല്ലാം...?

ഇങ്ങനെ വന്നാല്‍ നേരിടുകയല്ലാതെ എന്ത് ചെയ്യാന്‍ പറ്റും. കരഞ്ഞിരുന്നിട്ട് കാര്യമുണ്ടോ. ഇത്തരത്തില്‍ തെറ്റായ ആരോപണങ്ങള്‍ വരുമ്പോള്‍ അതിന് വിധേയമായിട്ടുണ്ടോ എന്നതാണല്ലോ ആദ്യം പരിശോധിക്കുക. ഏതായാലും മയക്കുമരുന്നുമായി ബന്ധപ്പെട്ടൊരു കാര്യത്തില്‍ പങ്കാളിയല്ല എന്നുള്ള കാര്യം ഇപ്പോള്‍ അന്വഷണ ഏജന്‍സി തന്നെ വ്യക്തമാക്കിയല്ലോ. കേന്ദ്ര അന്വേഷണ ഏജന്‍സി തന്നെ പറഞ്ഞുവല്ലോ. മറ്റത് ഇപ്പോള്‍ അതിന്റെ പേരില്‍ ഉണ്ടാക്കിയ ഒരു കേസാണ്. ഇപ്പോഴുണ്ടാക്കിയ കേസ്...

അങ്ങനെ ആരുടെ പേരിലും ഒരു കേന്ദ്ര ഗവണ്‍മെന്റ് ഏജന്‍സി വിചാരിച്ചാല്‍ കേസുണ്ടാക്കാം. ആര്‍ക്കെല്ലാം എതിരായിട്ടാണ് കേസുണ്ടാക്കിയത്. ചിദംബരത്തിനെതിരായി ഉണ്ടാക്കിയില്ലേ, ശിവകുമാറിനെതിരായി ഉണ്ടാക്കിയില്ലേ, എത്ര ഉന്നതന്മാര്‍ക്കെതിരായിട്ടാണ് കേന്ദ്ര ഏജന്‍സി കേസുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഒരാളെ കേസിലുള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചാല്‍ ആരുടെ പേരിലും കേന്ദ്ര ഏജന്‍സി വിചാരിച്ചാല്‍ ഉണ്ടാക്കാന്‍ സാധിക്കും.

സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുന്നത് അനാരോഗ്യത്തോടൊപ്പം ഇതും കൂടി ഒരു ഘടകമായോ? പാര്‍ട്ടിക്ക് ഈ ആരോപണങ്ങള്‍ ക്ഷീണമുണ്ടാക്കേണ്ട എന്ന് താങ്കള്‍ വിചാരിച്ചോ?

ആരോഗ്യപ്രശ്നം തന്നെയാണ് സ്വാഭാവികമായും ഉണ്ടായത്. ഇങ്ങനെയൊരു മയക്കുമരുന്ന് കേസ് എന്ന് കേട്ടപ്പോള്‍, അങ്ങനെയൊരു കേസിലുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതൊരു പ്രശ്നമല്ലേ എന്ന് എനിക്ക് തോന്നി. ആ പ്രശ്നമിപ്പോള്‍ തീര്‍ന്നു. മയക്കുമരുന്ന് കേസില്‍ പ്രതിയല്ല എന്നിപ്പോള്‍ വ്യക്തമായി. അത് ആ സന്ദര്‍ഭത്തില്‍ എനിക്ക് തന്നെ തോന്നിയിരുന്നു- ഇങ്ങനെയൊക്കെ വരുമ്പോള്‍ ആളുകള്‍ക്കിടയില്‍ അത് ചര്‍ച്ച ചെയ്യപ്പെടില്ലേ. അതുകൂടി വച്ചുകൊണ്ട് തന്നെയാണ് ഞാന്‍ പറഞ്ഞത്, തല്‍ക്കാലം എനിക്ക് ലീവ് വേണം എന്ന്. അത് തുറന്നുസമ്മതിക്കുകയാണ്.

ആ കേസില്‍ പെട്ടുപോയി എന്നുള്ളത് വന്നുകഴിഞ്ഞാല്‍ എന്നെ സ്വാഭാവികമായി വിഷമിപ്പിക്കുന്നൊരു കാര്യം തന്നെയാണ്. ഇപ്പോഴത് ക്ലിയറായി. മയക്കുമരുന്ന് കേസില്‍ പ്രതിയല്ല എന്ന കാര്യം അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവന്നു. അന്വേഷണം നടക്കട്ടെ എന്ന നിലപാടാണ് ആ പ്രശ്നത്തില്‍ ഞാന്‍ സ്വീകരിച്ചത്. ഞാനന്ന് പറഞ്ഞുവല്ലോ, കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടേ, എന്ത് ഉയര്‍ന്ന ശിക്ഷ വേണമെങ്കിലും കൊടുക്കട്ടെ. ഞാനതില്‍ ഇടപെടില്ല എന്നുള്ള നിലപാട് ഞാനെടുത്തല്ലോ. ഇത്തരം പ്രശ്നങ്ങളില്‍ ആരെങ്കിലും പെട്ടുപോയിട്ടുണ്ടെങ്കില്‍ അവരത് അനുഭവിക്കേണ്ടതായി വരും. അതേ നിലപാട് തന്നെയാണ് ഞാനക്കാര്യത്തില്‍ എടുത്തിട്ടുള്ളത്. ആ കേസില്‍ അന്വേഷണം പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. മറ്റുള്ളത്, ആരുടെ പേരിലും ചാര്‍ജ് ചെയ്യാവുന്ന കേസാണ് മണി ലോന്‍ഡറിംഗ് ആക്ട്. ആരുടെ പേരിലും നാളെ ഒരു കേസുണ്ടാക്കാം.

മുഖ്യമന്ത്രി പൊട്ടാന്‍ പോകുന്നു എന്ന് പറഞ്ഞ ബോംബ് എന്തായിരിക്കും?

അദ്ദേഹം തന്നെ പറഞ്ഞുവല്ലോ, അത് സംബന്ധിച്ച്. അണിയറയില്‍ ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് വ്യക്തമായില്ലേ.

അത് എന്ത് കാര്യത്തിലായിരിക്കും?

ഇപ്പോള്‍ നിങ്ങള്‍ ഒരു മൊഴി പുറത്തുവന്നത് കണ്ടില്ലേ? ജയിലില്‍ കിടക്കുന്നൊരു പ്രതി പറഞ്ഞല്ലോ, മുഖ്യമന്ത്രിക്കെതിരായി മൊഴി കൊടുക്കാന്‍ അയാളെ നിര്‍ബന്ധിച്ചുവെന്ന്. ആ മൊഴി കൊടുത്താലുള്ള സ്ഥിതിയെന്താണ്! ജാമ്യമില്ലാ വകുപ്പനുസരിച്ച് മുഖ്യമന്ത്രിയുടെ പേരില്‍ കേസ് വരും. സ്പീക്കര്‍ക്കെതിരായി മൊഴി കൊടുക്കണം. സ്പീക്കര്‍ക്കെതിരായും അങ്ങനെയൊരു കേസ് വരും. കെ ടി ജലീലിനെതിരായിട്ട്... ഇങ്ങനെയുള്ള ആളുകള്‍ക്കെതിരായിട്ടെല്ലാം മൊഴി കൊടുത്താല്‍, ആ മൊഴി ഇഡ് തെളിവായി സ്വീകരിച്ചുകഴിഞ്ഞാല്‍ വരാന്‍ പോകുന്നതെന്താണ്?  ചോദ്യം ചെയ്യല്‍ മാത്രമല്ലല്ലോ, കേസെടുത്ത് കളയാമല്ലോ. ഈ തെളിവിന്റെ അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്ന് പറഞ്ഞ് കേസ് രജിസ്റ്റര്‍ ചെയ്ത് കൊടുക്കാമല്ലോ. അങ്ങനെയുള്ള ചില നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട് എന്നതാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരം. അത് ബിജെപിയുടെ ഇടപെടല്‍ കാണുമ്പോള്‍ കാണുന്നുണ്ടല്ലോ.

കേരളത്തില്‍ അവരുടെ നീക്കം, മറ്റ് സംസ്ഥാനങ്ങളിലേത് പോലെ വിജയിക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലെല്ലാം സര്‍ക്കാരുകളെ അട്ടിമറിക്കുന്നത് എളുപ്പമായിരുന്നു. ഇങ്ങനെ എന്തെങ്കിലും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നോട്ടീസയച്ചാല്‍ തന്നെ ആള് മാറുകയാണ്. പുതുച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് 22 കോടിയുടെ ഇന്‍കംടാക്സ് നോട്ടീസയച്ചപ്പോള്‍ അയാള്‍ നേരെ ബിജെപിയായി. 22 കോടി പിന്നെ അടക്കേണ്ട പ്രശ്നമില്ലല്ലോ. ഇങ്ങനെയാണ് ഓരോ സ്റ്റേറ്റിലും ചെയ്യുന്നത്.

അങ്ങനെയുള്ള സ്ഥിതിയില്‍ കേരളത്തില്‍ ഇടപെടാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ആളെ മാറ്റാന്‍ സാധിക്കില്ലെന്ന് മനസിലായപ്പോള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമം. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കുക. പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതിച്ഛായ തകര്‍ക്കുക, സിപിഎമ്മിന്റെ ലീഡര്‍മാര്‍, ഇടതുപക്ഷ മുന്നണി നേതാക്കന്മാര്‍, മന്ത്രിമാര്‍ ഒന്നും ഒന്നിനും കൊള്ളാത്തവരാണ് എന്ന് സ്ഥാപിക്കുക. ഇതിന് വേണ്ടിയുള്ള ആസൂത്രിതമായ പ്രചാരണമാണ് അവരിപ്പോള്‍ നടത്തുന്നത്.

ഇനിയിപ്പോള്‍ ദിവസങ്ങളില്ലാത്തത് കൊണ്ട് ആ ബോംബ് പൊട്ടില്ലെന്ന് വേണ്ടേ വിചാരിക്കാന്‍?

ബോംബ് ഉണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടാലോ. ഇനിയേത് ബോംബ് വേണമെങ്കിലും പൊട്ടിക്കട്ടേ. ഇപ്പോള്‍ വന്നതെല്ലാം ചെറിയ പടക്കങ്ങളാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായിട്ട് കുറച്ച് പടക്കങ്ങളൊക്കെ വന്നു. പക്ഷേ എല്ലാം ചീറ്റിപ്പോയി. ഇനി വലിയ ബോംബ് ഉണ്ടെങ്കില്‍ അതും പ്രയോഗിക്കട്ടെ. ഇത്തവണ പക്ഷേ ജനങ്ങള്‍ ഇതിനെയൊക്കെ നേരിടും. ഞാന്‍ നേരത്തെ പറഞ്ഞു, ആറ്റംബോംബ് വന്നാലും ഇത്തവണ ഇടതുപക്ഷ മുന്നണിയെ തോല്‍പിക്കാന്‍ കഴിയില്ല.

ഇതൊക്കെ പറയുമ്പോഴും പ്രതിപക്ഷനേതാവ് ഉയര്‍ത്തിക്കൊണ്ടുവന്ന ഒരുപാട് കാര്യങ്ങളില്‍ സര്‍ക്കാരിന് പിന്നോട്ട് പോകേണ്ടിവന്നിട്ടുണ്ട്. സ്പ്രിംഗ്ളറാണെങ്കിലും പ്രതിപക്ഷനേതാവ് അത്രയും പറഞ്ഞതുകൊണ്ട് മാത്രമാണ് അന്വേഷണത്തിലേക്ക് പോയത്. ഇ-മൊബിലിറ്റി പദ്ധതി, പിഡബ്ല്യൂസിക്ക് കൊടുക്കുന്ന കണ്‍സള്‍ട്ടന്‍സി കരാര്‍, ഏറ്റവും ഒടുവില്‍ ഇഎംസിസിയുടെ കരാര്‍ വരെ. ഇക്കാര്യങ്ങളെല്ലാം പുറത്തുകൊണ്ടുവന്ന ആള്‍ പ്രതിപക്ഷനേതാവാണ്. അതില്‍ സര്‍ക്കാരിന് പിന്നോക്കം പോകേണ്ടിയും വന്നു. അപ്പോള്‍ പല കാര്യങ്ങളിലും ജാഗ്രതക്കുറവുണ്ടായിട്ടില്ലേ?

ചില കാര്യങ്ങളില്‍ പ്രതിപക്ഷമുന്നയിച്ചാലും അത് ശരിയാണെങ്കില്‍ ഗവണ്‍മെന്റ് തിരുത്തല്‍ നടപടി സ്വീകരിക്കും. അതാണ് ഇടതുപക്ഷമുന്നണി ഗവണ്‍മെന്റിന്റെ പ്രത്യേകത. യുഡിഎഫിന് അതുണ്ടായിരുന്നില്ല. യുഡിഎഫിന്റെ അവസാനകാലത്ത് എത്ര ഉത്തരവുകള്‍, കായല്‍ പതിച്ചുകൊടുക്ക്ല്‍, വനം പതിച്ചുകൊടുക്കല്‍- എന്നിങ്ങനെ എത്ര ഉത്തരവ് വന്നു. അതിനെല്ലാം എതിരായി അന്നത്തെ കെപിസിസി പ്രസിഡന്റ് പറഞ്ഞുകൊണ്ടേയിരുന്നു. പ്രതിപക്ഷം പറഞ്ഞു. പ്രതിപക്ഷം മാത്രമല്ല, ഭരണപക്ഷവും പറഞ്ഞു. ഒറ്റ ഉത്തരവ് തിരുത്തിയിട്ടില്ല. ഇപ്പോഴങ്ങനെയല്ല, പ്രതിപക്ഷമുന്നയിക്കുന്നതില്‍ ന്യായമുണ്ടെങ്കില്‍ അത് അംഗീകരിച്ചുകൊണ്ട് തിരുത്തല്‍ നടപടിക്ക് വിധേയമാക്കും. വിമര്‍ശനങ്ങളുള്‍ക്കൊണ്ടു കൊണ്ട് പ്രവര്‍ത്തിക്കുന്നൊരു ഗവണ്‍മെന്റാണ് ഇടതുപക്ഷത്തിന്റേത്. അതാണ് ഞങ്ങളുടെ ഗവണ്‍മെന്റിന്റെ പ്രത്യേകത.

ഇത്രയും അനുഭവസമ്പത്തുള്ള നേതാവാണ് താങ്കള്‍. എത്ര സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്?

ഇപ്പോഴത്തെ സ്ഥിതിയില്‍ അങ്ങനെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് നല്ലതല്ല. പറഞ്ഞത് കുറഞ്ഞുപോയാല്‍ പ്രശ്നമാണല്ലോ. ഏതായാലും ഒരു കാര്യമുറപ്പിക്കാം, ഇടതുപക്ഷ മുന്നണിക്ക് ഭരിക്കാനാവശ്യമായതിനെക്കാള്‍ കൂടുതല്‍ അംഗസംഖ്യയുണ്ടാകും. ഭരിക്കാനാവശ്യമായത് 71 സീറ്റ് മതി. ഇത്തവണ ഭരിക്കാനാവശ്യമായതിനെക്കാള്‍ വളരെ കൂടുതല്‍ സീറ്റ് ഇടതുപക്ഷ മുന്നണിക്ക് കിട്ടും. കൃത്യമായൊരു സംഖ്യ പറയാന്‍ ഇപ്പോഴായിട്ടില്ല. കാരണം അത് വെറുതെ പറയുന്നത് പോലെയേ തോന്നൂ. ഇപ്പോള്‍ എല്ലാവരും പറയുമല്ലോ, ഞങ്ങള്‍ക്ക് നൂറ് കിട്ടും എണ്‍പത് കിട്ടും എന്നെല്ലാം. അത് സ്വീകാര്യമാകണമെങ്കില്‍ കൃത്യമായ ചില വിവരങ്ങള്‍ നമുക്ക് വേണം.

ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളൊരു കണക്ക് എടുക്കുന്നുണ്ട്. ഞങ്ങളിപ്പോള്‍ നാളെ വൈകുന്നേരമാകുമ്പോഴാണ് എല്ലാ സ്ഥലത്തുനിന്നും ഇതുവരെയുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് റിപ്പോര്‍ട്ട് എടുക്കുക. അത് തന്നെ ചിലപ്പോള്‍ മാറ്റം വരും. ാേപളിംഗിലാകുന്ന സന്ദര്‍ഭത്തില്‍ അതിലും മാറ്റം വരും. ചിലപ്പോള്‍ അങ്ങനെയുള്ള ചില കണക്കുകൂട്ടലുകള്‍ തെറ്റിയിട്ടുമുണ്ട്. ഈ എടുക്കുന്ന കണക്കുകള്‍ മുഴുവന്‍ ശരിയാകണമെന്നുമില്ല.

രണ്ട് ടേം കഴിഞ്ഞാല്‍ മാറും എന്നുള്ള തീരുമാനം എനിക്കും ബാധകമാണ് എന്ന് പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. അതായത്, ഇത്തവണ കൂടി കഴിഞ്ഞാല്‍ അദ്ദേഹവും മാറും എന്ന്. താങ്കളായിരിക്കുമോ ഒരു പിന്‍ഗാമിയായി നമ്മള്‍ കാണുക?

അങ്ങനെയൊന്നും ഒരാളെ സംബന്ധിച്ച് നമ്മള്‍ മുന്‍കൂട്ടി കാണാന്‍ പാടില്ല. അടുത്ത ഇലക്ഷന്‍ വരുന്ന സന്ദര്‍ഭത്തില്‍ ആരൊക്കെ മത്സരിക്കണമെന്ന കാര്യം പോലും ആ സന്ദര്‍ഭത്തില്‍ മാത്രമേ ഞങ്ങള്‍ ആലോചിക്കൂ. അഞ്ച് വര്‍ഷത്തിന് ശേഷം നടക്കുന്ന കാര്യം ഇപ്പോഴേ ചര്‍ച്ച ചെയ്യേണ്ട പ്രശ്നമേ ഉദിക്കുന്നില്ല. അതൊക്കെ പാര്‍ട്ടി ഉത്തമമായ തീരുമാനമെടുക്കും. എന്താണ് തീരുമാനമെന്നത് ആ സന്ദര്‍ഭത്തില്‍ മാത്രമേ പാര്‍ട്ടി എടുക്കൂ. ഒരു നേതാവിനെ സൃഷ്ടിക്കുന്നത് ഒരു കാലഘട്ടമാണ്. ജനങ്ങളാണ് ഒരു നേതാവിനെ സൃഷ്ടിക്കുന്നത്. മുമ്പ് സിപിഎമ്മിന്റെ എല്ലാ വാക്കുകളും ഇഎംഎസ് പറഞ്ഞാലാണ് അത് വാക്ക്. അതിന് ശേഷം പിന്നെ ഇ കെ നായനാര്‍ ആയിരുന്നു. അതിന് ശേഷം പിന്നെ വിഎസ് ആയി. ഇപ്പോള്‍ സഖാവ് പിണറായി ആയി. അങ്ങനെ ഓരോ കാലഘട്ടമാണ് നേതൃത്വത്തെ സൃഷ്ടിക്കുന്നത്. ഈ അഞ്ച് കൊല്ലം നടന്ന സംഭവവികാസങ്ങളെ തുടര്‍ന്നായിരിക്കും ഒരു നേതാവ് ഉയര്‍ന്നുവരുന്നത്. അതിുകൊണ്ട് മുന്‍കൂട്ടി ഒരു പ്രവചനവും ഇക്കാര്യത്തില്‍ നടത്താന്‍ സാധിക്കുകയില്ല.

എന്തായാലും അടുത്ത തുടര്‍ഭരണം വന്നാലും ഇല്ലെങ്കിലും സിപിഎം നേതൃത്വത്തിലേക്ക് സജീവമായി താങ്കള്‍ തിരിച്ചെത്തും, അനാരോഗ്യമെല്ലാം മറികടന്ന് ആരോഗ്യവാനായി സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു...

Also Read:- 'തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയ ധ്രുവീകരണം നടത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചു, കേരളത്തിലേത് ഏകാധിപത്യഭരണം...'

click me!