'നേമം ഇടത് പിടിക്കും'; തെരഞ്ഞെടുപ്പിന് മുമ്പേ പ്രതീക്ഷകളും കണക്കുകൂട്ടലുകളും പങ്കുവച്ച് കോടിയേരി ബാലകൃഷ്ണന്‍

By Web Team  |  First Published Mar 14, 2021, 12:26 AM IST

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖം. നാല് മാസം മുമ്പ് ആരോഗ്യപരമായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം സംസ്ഥാനസെക്രട്ടറി പദം ഒഴിഞ്ഞിരുന്നു. അതിന് ശേഷം ആദ്യമായാണ് ഒരു ദൃശ്യമാധ്യമത്തോട് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ രോഗാവസ്ഥ, വ്യക്തിപരമായി നേരിട്ട വിഷമതകള്‍, രാഷ്ട്രീയജീവിതത്തിലും പൊതുജീവിതത്തിലുമുണ്ടായിട്ടുള്ള ചില വിഷയങ്ങള്‍, ഒപ്പം സമകാലിക രാഷ്ട്രീയവും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം റീജിയണല്‍ എഡിറ്റര്‍ ആര്‍ അജയഘോഷുമായി പങ്കുവയ്ക്കുന്നു


താങ്കള്‍ നവംബര്‍ 13 നാണ് സംസ്ഥാനസെക്രട്ടറി സ്ഥാനത്തുനിന്നും മാറിയത്. അതുവരെ സിപിഎമ്മിന് അങ്ങനെയൊരു രീതി തന്നെ ഉണ്ടായിരുന്നില്ല. ഇന്ന് നമ്മള്‍ സംസാരിക്കുന്ന ദിവസം യാദൃശ്ചികമായിട്ടാണെങ്കിലും അതിന് നാല് മാസം തികഞ്ഞ ദിവസമാണ്. കോടിയേരിയെ പുറത്ത് എപ്പോഴും കാണുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം ചോദിക്കാനുള്ളൊരു ചോദ്യം- രോഗാവസ്ഥ ഇപ്പോള്‍ എങ്ങനെയുണ്ട്? രോഗം മാറിയോ? പാര്‍ട്ടിയിലേക്ക് സജീവമായി തിരിച്ചുവരാനുള്ള സാധ്യത, സെക്രട്ടറി സ്ഥാനത്തേക്ക് തന്നെ തിരിച്ചുവരാനുള്ള സാധ്യത എത്രത്തോളമാണ്? 

നാല് മാസം മുമ്പ് സെക്രട്ടറിയുടെ ചുമതല മറ്റൊരു സഖാവിനെ ഏല്‍പിക്കാന്‍ ഇടയായത്, ഈ തദ്ദേശഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുമെല്ലാം ആസന്നമായത് കൊണ്ട് ആ സമയത്ത് കേരളത്തിലുടനീളം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നയത്ര ആരോഗ്യമില്ല എന്ന് മനസിലാക്കിയതിന്റെയും എന്റെ വിദഗ്ധ ചികിത്സ തുടരേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിന്റെയും അടിസ്ഥാനത്തിലാണ്. പാര്‍ട്ടി എനിക്ക് ലീവ് അനുവദിക്കുകയും മറ്റൊരു സഖാവിന് ചുമതല നല്‍കുകയും ചെയ്തു. 

Latest Videos

undefined

ഇതിന് ശേഷം ഇപ്പോള്‍ ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും അത് സംബന്ധിച്ചുള്ള ചികിത്സയ്ക്ക് ആശുപത്രിയില്‍ ഇടയ്ക്ക് പോകേണ്ടിവരുന്നുണ്ട്. പക്ഷേ അങ്ങനെയൊരു സാഹചര്യമാണെങ്കിലും ഇപ്പോള്‍, നിയമസഭാ തെരഞ്ഞെടുപ്പ് വന്നുപെട്ടത് കൊണ്ട്, ചികിത്സ എന്ന് പറഞ്ഞഅ ഇരിക്കേണ്ട ഒരു ഘട്ടമല്ലെന്ന് തോന്നിയത് കൊണ്ട് ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്ത് സാധ്യമാകുന്ന ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യാമെന്ന് തീരുമാനിച്ച് ചില ഉത്തരവാദിത്തങ്ങള്‍ ഞാന്‍ ഏറ്റെടുത്തിട്ടുണ്ട്. 

കണ്‍വെന്‍ഷനുകളിലെല്ലാം ഉദ്ഘാടകനായും പ്രധാന പ്രാസംഗികനായും കോടിയേരി തന്നെയാണ് വരുന്നത്. അത് തിരിച്ചുവരവിന്റെ സൂചനയാണോ?

തിരിച്ചുവരാന്‍, ഞാന്‍ എവിടെയും പോയിട്ടില്ലല്ലോ. ഞാന്‍ പാര്‍ട്ടിയുടെ കൂട്ടായ നേതൃത്വത്തിന്റെ ഭാഗമായിത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ സാധാരണഗതിയില്‍ ചെയ്യുന്നത് പോലെ കേരളത്തിലുടനീളം പോയി ചെയ്യാന്‍ സാധിക്കാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ട് ഉണ്ടാക്കിയിട്ടുള്ളൊരു സംവിധാനമാണ്- പാര്‍ട്ടി ചര്‍ച്ച ചെയ്തുകൊണ്ട് തന്നെ മറ്റൊരു സഖാവിനെ ചുമതല ഏല്‍പിക്കുകയെന്നത്. കാര്യങ്ങളില്‍ സ്തംഭനാവസ്ഥയുണ്ടാകരുത് എന്നുള്ളതിനാല്‍. അതേ സന്ദര്‍ഭത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗമായിത്തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യും. സെക്രട്ടേറിയറ്റ് മീറ്റിംഗില്‍ പങ്കെടുക്കാറുണ്ട്, അവസാനം സംസ്ഥാന കമ്മിറ്റി യോഗത്തിലും പങ്കെടുത്തു. 

എല്ലാ ജില്ലകളിലും പോയി പ്രസംഗിക്കുന്നൊരു സാഹചര്യം ഇത്തവണയുണ്ടാകുമോ?

അതിന് ആയിട്ടില്ല. ഡോക്ടര്‍മാരുടെ കൂടി ഉപദേശത്തിന് അനുസരിച്ച് മാത്രമേ അത് ചെയ്യാന്‍ സാധിക്കൂ. ഇപ്പോള്‍ മുഖ്യമായി, പരിമിതമായ ചില കാര്യങ്ങള്‍ തിരുവനന്തപുരം കേന്ദ്രമാക്കി ചെയ്യാനാണ് തീരുമാനം. തുടര്‍ന്ന് ഡോക്ടര്‍മാരുടെ കൂടി ഉപദേശം നോക്കിക്കൊണ്ടും ആരോഗ്യസ്ഥിതി പരിഗണിച്ചുകൊണ്ടും മാത്രമേ മറ്റ് പ്രവര്‍ത്തനരംഗങ്ങളിലേക്ക് വരാന്‍ സാധിക്കൂ. 

കൊവിഡ് കൂടി ആയതുകൊണ്ട് ശ്രദ്ധ വേണ്ടിവരും...

അതെ, ഇപ്പോഴത്തെ സാഹചര്യം കൂടി കണക്കിലെടുത്ത് അല്‍പം ശ്രദ്ധ വേണമെന്ന് നിര്‍ദേശിച്ചതുകൊണ്ടാണ്. ഞാനിപ്പോഴും കീമോതെറാപ്പി ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടാണ് ചില നിയമന്ത്രണങ്ങളുള്ളത്. പഴയ രൂപത്തില്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള അവസ്ഥയിലെത്തുമ്പോള്‍ അത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തും. 

 

 

താങ്കള്‍ മാറുന്ന സമയത്തുണ്ടായിരുന്ന ഒരു പ്രത്യേകത, വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം വഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതില്‍ തന്നെ ഭാരിച്ച ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിനിടെ അദ്ദേഹത്തിന് തന്നെ സെക്രട്ടറിയുടെ വലിയ ഉത്തരവാദിത്തം നല്‍കിയത്, അല്‍പം അത്ഭുതപ്പെടുത്തിയ സംഭവമാണ്. പെട്ടെന്ന് കോടിയേരിക്ക് തിരിച്ചുവരാന്‍ വേണ്ടിയാണോ അദ്ദേഹത്തിന് ഇങ്ങനെയൊരു ഇരട്ടപ്പദവി നല്‍കിയത്? പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് വന്നുനിന്ന, ഒരുപാട് ജോലിയുള്ള സമയത്ത് അങ്ങനെ ഏല്‍പിക്കാന്‍ കാരണമായത് എന്താണ്? 

ഇരട്ടപ്പദവിയുടെ പ്രശ്‌നമല്ല. ഇതൊക്കെ, ഓരോരുത്തര്‍ക്കും നല്‍കുന്ന ചുമതലകളാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് വരാനിരുന്ന ഘട്ടമായിരുന്നു അത്. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ മുഖ്യമായി, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യേണ്ടിവരും. അപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല കൂടി ഈ സന്ദര്‍ഭത്തില്‍ ഒരാള്‍ വഹിക്കുന്നതായിരിക്കും ഇന്നത്തെ നിലയില്‍ നല്ലത്, എന്നതുകൊണ്ടാണ് അത്തരമൊരു ചുമതല കൊടുത്തത്. 

ഇത് ചുമതലയേല്‍പിക്കുന്ന അറേഞ്ച്‌മെന്റാണല്ലോ. സെക്രട്ടറി മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന കമ്മറ്റിയാണല്ലോ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുക. അങ്ങനെയുള്ള സാഹചര്യമല്ല, താല്‍ക്കാലികമായി ഉള്ളതാണ്. അതുകൊണ്ടാണല്ലോ ചുമതല എന്ന് തന്നെ പറയുന്നത്. 

താങ്കള്‍ക്ക് പെട്ടെന്ന് തിരിച്ചുവരാന്‍ വേണ്ടിയാണോ അങ്ങനെയൊരു ക്രമീകരണമുണ്ടാക്കിയത്? 

അത് എന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യമാണ്. അത് യുക്തമായ സന്ദര്‍ഭത്തില്‍ യുക്തമായ തീരുമാനം പാര്‍ട്ടി കൈക്കൊള്ളും. 

താങ്കള്‍ സമീപദിവസങ്ങളില്‍ പറഞ്ഞ പ്രധാനപ്പെട്ടൊരു കാര്യം, ഞാന്‍ രണ്ട് തരത്തിലുള്ള പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്, ഒന്ന് രോഗത്തിനെതിരെയുള്ള പോരാട്ടം- അത് കടുത്ത പോരാട്ടം തന്നെയാണ്, പ്രത്യേകിച്ച് നമ്മെ വരിഞ്ഞുമുറുക്കുന്നൊരു അസുഖമാകുമ്പോള്‍. പക്ഷേ അപ്പോഴും ചിരിച്ചുകൊണ്ട് എല്ലാവരോടും കാര്യങ്ങള്‍ തുറന്നുപറഞ്ഞ് താങ്കള്‍ മുന്നോട്ടുപോകുന്നുണ്ട്. ഇതിനൊപ്പം താങ്കള്‍ക്ക് വ്യക്തിപരമായും കുടുംബപരമായും ധാരാളം പ്രശ്‌നങ്ങളുണ്ടായി. അതില്‍ ഏറ്റവും ഒടുവില്‍ ഭാര്യക്കെതിരെ വരെ ഗുരുതര സ്വഭാവമുള്ള ആരോപണം വന്നു. ഐഫോണ്‍ വിവാദം. എന്താണ് താങ്കള്‍ക്ക് അതിനെക്കുറിച്ച് പറയാനുള്ളത്?

ഇതിപ്പോള്‍ പത്രങ്ങളില്‍ കൂടിയുള്ള വിവരമേ ഇത് സംബന്ധിച്ച് ഞങ്ങള്‍ക്കുമുള്ളൂ. പത്രമാധ്യമങ്ങളില്‍ കൂടി ഔദ്യോഗികമായി എന്നവകാശപ്പെട്ട് വന്ന വാര്‍ത്ത മാത്രമേ ഞങ്ങള്‍ക്കറിയുകയുള്ളൂ. ഇത് സംബന്ധിച്ച് വിനോദിനിക്ക് ഇതുവരെ ഒരു നോട്ടീസ് കിട്ടിയിട്ടില്ല. നോട്ടീസ് അയച്ചതായി അവര്‍ പറയുന്നുണ്ട്. പക്ഷേ ഇതുവരെ കിട്ടിയിട്ടില്ല. അപ്പോള്‍ അത് സംബന്ധിച്ച് എന്താണുള്ളതെന്ന് നോട്ടീസ് കിട്ടിയാല്‍ മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. 

മാധ്യമങ്ങളിലെ വാര്‍ത്ത നോക്കുന്ന സാഹചര്യത്തില്‍ ഒരു കോഡ്, ആ കോഡിലുള്ള- നമ്പറിലുള്ള ഫോണ്‍ വിനോദിനി ഉപയോഗിച്ചു എന്നാണ് കാണുന്നത്. അതായത്, വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡ് ആ ഫോണില്‍ ഉപയോഗിച്ചു എന്നാണ് വാര്‍ത്ത. 

അങ്ങനെയൊരു കോഡിലുള്ള ഫോണ്‍ വീട്ടില്‍ ഞങ്ങളുടെ ആരുടെയും കൈവശമില്ല. യൂണിടെക് ഉടമസ്ഥന്‍ സന്തോഷ് ഈപ്പന്‍ പാരിതോഷികമായി ഫോണ്‍ വിനോദിനിക്ക് കൊടുത്തു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അദ്ദേഹം തന്നെ പറയുന്നു ആ ഫോണ്‍ തന്റെ കയ്യിലുണ്ടെന്ന്. അദ്ദേഹം പരസ്യമായി ടെലിവിഷനിലൂടെ പറഞ്ഞിരിക്കുകയാണിത്. കോഡ് നമ്പറിതാണ്, ഈ ഫോണ്‍ എന്റെ കൈവശമാണുള്ളത് എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. 

പിന്നെ എന്താണ് ഈ പറയുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നില്ല. ഇനി അങ്ങനെയുണ്ടെങ്കില്‍ തന്നെ ഈ സിം കാര്‍ഡുപയോഗിച്ച് വിളിച്ചിട്ടുണ്ടെങ്കില്‍ അത് അവര്‍ക്ക് കണ്ടുപിടിക്കാവുന്നതല്ലേ ഉള്ളൂ. ഈ കോഡുള്ള ഫോണില്‍ നിന്ന് വിളിക്കണമെങ്കില്‍ അങ്ങനെയൊരു ഫോണ്‍ ഉണ്ടെങ്കിലല്ലേ. സന്തോഷ് ഈപ്പന്റെ കയ്യിലുള്ള ഫോണില്‍ നിന്നെങ്ങനെ വിനോദിനിയുടെ എസ്എംഎസ് വന്നു! അത് ഒരിക്കലും സംഭവിക്കാത്തൊരു കാര്യമാണല്ലോ. ഒരു ഫോണിന് ഒരു കോഡ് നമ്പറല്ലേ ഉണ്ടാകൂ. 

ഇത് ഉണ്ടാക്കുന്ന ഒരു കഥയാണ്. ഇങ്ങനെ എന്തെങ്കിലുമൊരു പ്രശ്‌നമുണ്ടാക്കി ചോദ്യം ചെയ്തുവെന്ന് സ്ഥാപിക്കുക. മാധ്യമവാര്‍ത്തയുണ്ടാക്കുക. ഈ ഉദ്ദേശത്തോട് കൂടിയുണ്ടാക്കുന്ന പ്രചരണമാണെന്നാണ് തോന്നുന്നത്. ഏതായാലും നോട്ടീസ് വരട്ടെ. 


 

ഇ-മെയിലായിട്ട് നോട്ടീസ് അയച്ചു, വാട്ട്‌സ് ആപില്‍ നോട്ടീസ് അയച്ചു എന്നൊക്കെയാണ് അവര്‍ പറയുന്നത്. 

അങ്ങനെയൊന്ന് വിനോദിനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. കിട്ടിയെങ്കിലല്ലേ അവര്‍ക്ക് പോകാന്‍ സാധിക്കുകയുള്ളൂ. നോട്ടീസ് കിട്ടിയെങ്കില്‍ മാത്രമല്ലേ, അതിലെന്താണെന്ന് നോക്കി, പ്രതികരണം നല്‍കാനും സാധിക്കൂ. മാധ്യമവാര്‍ത്തയെ അടിസ്ഥാനമാക്കി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ! 

പാര്‍ട്ടി നേതാവെന്ന നിലയില്‍ താങ്കളെ ലക്ഷ്യം വച്ചുകൊണ്ട് ബോധപൂര്‍വ്വം അന്വേഷണ ഏജന്‍സികള്‍ ഇത് ചെയ്യുന്നു എന്നാണോ പരാതി? 

അതിപ്പോള്‍ സന്ദീപ് നായര്‍ തന്നെ പറഞ്ഞ കാര്യം ഇപ്പോള്‍ പുറത്തുവന്നല്ലോ. സ്വര്‍ണ്ണക്കള്ളക്കടത്ത് പ്രതി, അദ്ദേഹം ജയിലില്‍ നിന്ന് ജഡ്ജിക്ക് കത്തയച്ചതായിട്ടാണ് മാധ്യമങ്ങളില്‍ കാണുന്നത്. മുഖ്യമന്ത്രിക്കെതിരായും സ്പീക്കര്‍ക്കെതിരായും ചില മന്ത്രിമാര്‍ക്കെതിരായും ഒരു പാര്‍ട്ടി നേതാവിന്റെ മകനെതിരായിട്ടും മൊഴി നല്‍കുകയാണെങ്കില്‍ നിങ്ങളെ വിട്ടയയ്ക്കാം, നിങ്ങള്‍ക്ക് ജാമ്യം കിട്ടാന്‍ സഹായിക്കാം എന്ന് അദ്ദേഹത്തോട് കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ പെട്ട ആളുകള്‍ പറഞ്ഞുവെന്നാണല്ലോ ജഡ്ജിക്കയച്ച കത്തിലുള്ളത്. 

സാധാരണഗതിയില്‍ ഇല്ലാത്തൊരു കാര്യം പറഞ്ഞ് ജയിലില്‍ കിടക്കുന്നയാള്‍ ജഡ്ജിക്ക് കത്തയക്കുമോ. അപ്പോള്‍ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ലേ? ആ ലക്ഷ്യമെന്താണ്.... മുഖ്യമന്ത്രി, സ്പീക്കര്‍, കുറച്ച് മന്ത്രിമാര്‍, പാര്‍ട്ടി നേതൃത്വം.. ഇതിന്റെ ഉദ്ദേശം പാര്‍ട്ടിയെ ശിഥിലമാക്കുക. സിപിഎമ്മിന്റെ നേതൃത്വം കൊള്ളരുതാത്ത നേതൃത്വമാണെന്ന് പ്രചരിപ്പിക്കുക. ഈ ഗവണ്‍മെന്റിന്റെ ഭാഗമായി നില്‍ക്കുന്നവരും പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കുന്നവരും ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നവരാണെന്ന് പ്രചരിപ്പിക്കുക. ആ ഉദ്ദേശത്തോട് കൂടിയുണ്ടാക്കുന്ന പ്രചരണരീതിയായിട്ടാണ് ഇതനുഭവപ്പെടാന്‍ സാധിക്കുന്നത്. 

സന്തോഷ് ഈപ്പന്‍ സ്വപ്‌നയ്ക്കാണ് ഈ ഫോണുകളെല്ലാം കൊടുത്തതെന്നാണ് പറയപ്പെടുന്നത്. താങ്കള്‍ തന്നെ പറഞ്ഞതാണ്, പ്രതിപക്ഷ നേതാവിന് ഫോണ്‍ കിട്ടിയെന്ന്. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന താങ്കളുടെ പ്രസ്താവന ഇപ്പോള്‍ വിവാദമായിട്ടുണ്ട്. സ്വപ്‌ന മുഖാന്തരം ഒരുപക്ഷേ ബിനീഷിനോ താങ്കളുടെ ഭാര്യക്കോ കിട്ടിയതായിട്ട്, അങ്ങനെയൊരു സംശയമുണ്ടോ? അതുപോലെ സ്വപ്നയെ നേരിട്ടറിയാമോ? 

ഈ സന്തോഷ് ഈപ്പന്‍ എന്ന് പറയുന്നൊരാളെ ഇപ്പോഴാണ് ഞങ്ങള്‍ കേള്‍ക്കുന്നത്. ടെലിവിഷനില്‍ ഇങ്ങനെയൊരു വിവാദം വന്നപ്പോഴാണ് ഇങ്ങനെയൊരാളെ പറ്റി തന്നെ കേള്‍ക്കുന്നത്. സ്വപ്‌ന സുരേഷിനെ ഒരു കാലത്തും ഞങ്ങള്‍ കണ്ടിട്ടുമില്ല, ഒരു പരിചയവും സ്വപ്‌ന സുരേഷുമായിട്ടില്ല. ഒരു സ്ഥലത്ത് വച്ചും കണ്ടുമുട്ടിയിട്ട് പോലുമില്ല. ഇങ്ങനെ പരിചയമില്ലാത്ത ഒരാളുടെ കയ്യില്‍ നിന്നെങ്ങനെയാണ് ഞങ്ങള്‍ക്ക് ഫോണ്‍ കിട്ടുക ! 

അങ്ങനെയാണെങ്കില്‍ തന്നെ, സ്വപ്‌ന സുരേഷ് തന്നതാണെന്ന് പറയുന്ന ഫോണ്‍ എങ്ങനെയാണ് ഇപ്പോള്‍ സന്തോഷിന്റെ കയ്യിലാകുന്നത്. ആ കോഡ് നമ്പര്‍ പറഞ്ഞിട്ടാണല്ലോ ഇത് പറയുന്നത്. കോഡ് നമ്പര്‍ പറയാതെ അല്ലല്ലോ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ആ ഫോണ്‍ സന്തോഷ് ഈപ്പന്റെ കയ്യിലുണ്ടെങ്കില്‍ അദ്ദേഹത്തിന് അത് നോക്കിയാല്‍ പോരെ, എന്തിനാണിങ്ങനെ വിവാദം സൃഷ്ടിക്കേണ്ട കാര്യം! 

സന്തോഷ് ഈപ്പനെയും ഞങ്ങള്‍ക്കറിയില്ല, സ്വപ്‌നയേയും അറിയില്ല, കോണ്‍സുലേറ്റ് ജനറലിനെയും അറിയില്ല. കോണ്‍സുലേറ്റ് ജനറലിനെ കാണാനുള്ള സാഹചര്യവും ഇതുവരെയുണ്ടായിട്ടില്ല. ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആളായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇങ്ങനെയുള്ള ആളുകളെ കാണാന്‍ സാധ്യതയുണ്ടായിരുന്നു. ഞാന്‍ ഗവണ്‍മെന്റിന്റെ ഭാഗമല്ലല്ലോ. കോണ്‍സുലേറ്റ് ജനറലിന്റെ ആപ്പീസ് പോലും ഞാന്‍ കണ്ടിട്ടില്ല. 

 

 

ഇങ്ങനെയുള്ള ഏതെങ്കിലുമൊരാള്‍ വഴിയാണല്ലോ ഇത് കിട്ടേണ്ടത്. അങ്ങനെ ഒരു തരത്തിലും ഒരു ഫോണ്‍ എനിക്കോ വിനോദിനിക്കോ കുടുംബാംഗങ്ങള്‍ക്കോ കിട്ടിയിട്ടില്ല. എന്തിനാണ് ഇങ്ങനെയൊരു കഥയുണ്ടാക്കുന്നത് എന്നത് ദുരൂഹമാണ്. 

അങ്ങനെയെങ്കില്‍ അത്തരം നീക്കങ്ങള്‍ക്കെതിരെയോ ദുരൂഹമായ കഥകളുണ്ടാകുന്നതിനെതിരെയോ നിയമനടപടികളിലേക്ക് പോകാന്‍ താങ്കള്‍ ആലോചിക്കുന്നുണ്ടോ? 

ഇതിന്റെ യഥാര്‍ത്ഥ വസ്തുതയെന്തെന്ന് മനസിലാക്കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടേണ്ടത്. വിനോദിനിക്ക് അതാവശ്യപ്പെടാം. മാധ്യമങ്ങളില്‍ ഇങ്ങനെ കാണുന്നുണ്ട്, എന്റെ കയ്യില്‍ ആ ഫോണില്ല, എന്റെ സിം കാര്‍ഡ് ഉപയോഗിച്ചുകൊണ്ട് ആരെങ്കിലും ഇങ്ങനെ ചെയ്തിട്ടുണ്ടോ എന്നിങ്ങനെയുള്ള നിജസ്ഥിതി അറിയണം എന്ന് കാണിച്ചൊരു പരാതി അവര്‍ പൊലീസിന് കൊടുത്തിട്ടുണ്ട്. അത് അന്വേഷിക്കണം, കാര്യമെന്താണെന്ന് മനസിലാക്കണം അറിയിക്കണം. 

എന്തെങ്കിലും ഉണ്ടെങ്കില്‍ അങ്ങനെയൊരു പരാതി ഞങ്ങള്‍  കൊടുക്കുമോ? ഞങ്ങളെ സംബന്ധിച്ച് ഇങ്ങനെയൊരു ഫോണ്‍ ഞങ്ങള്‍ക്ക് ആര്‍ക്കും കിട്ടിയിട്ടില്ല. ഇപ്പോള്‍ സ്വര്‍ണം പോയി, ഐ ഫോണ്‍ ആയി വിവാദം. സ്വര്‍ണത്തിന്റെ പിന്നാലെ പോയിപ്പോയി ഇപ്പോള്‍ ആരും അയച്ച ആളെയും പിടിക്കുന്നില്ല, കിട്ടിയ ആളെയും പിടിക്കുന്നില്ല. അത് നിര്‍ത്തിയപ്പോഴാണിപ്പോള്‍ ഐ ഫോണ്‍ എന്ന പുതിയ വിവാദത്തിലേക്ക് തിരിയുന്നത്. 

ഇത് ഇലക്ഷന്‍ പ്രമാണിച്ചുള്ള ഒരു കഥയാണ്. അല്‍പായുസ് മാത്രമേ അത്തരം കഥകള്‍ക്കുണ്ടാകൂ. അതിന്റെ നിജസ്ഥിതി എന്താണെന്ന് അവര്‍ അന്വേഷിച്ചുകൊള്ളട്ടെ. നോട്ടീസ് കിട്ടിയാല്‍ അന്വേഷണത്തോട് അതിനാവശ്യമായ രീതിയില്‍ സഹകരിക്കുകയും ചെയ്യും. അതിന്റെ അസൗകര്യമുണ്ടെങ്കില്‍ അവരറിയിക്കുകയും ചെയ്യും. നോട്ടീസ് കിട്ടാതെ അറിയിക്കാന്‍ സാധിക്കുമോ! മാധ്യമങ്ങളില്‍ കൂടിയാണ് ഓരോ കാര്യങ്ങളറിയുന്നത്. ഇക്കാര്യത്തില്‍ തെറ്റായ ഒന്നും ആരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല എന്നത് നിസംശയം പറയാന്‍ സാധിക്കും. ഒരു പുകമറ സൃഷ്ടിക്കാനാണ് അവരുദ്ദേശിക്കുന്നത്. 

ബിനീഷിന്റെ കേസുമായി ബന്ധപ്പെട്ട് വീട്ടില്‍ മണിക്കൂറുകളോളം ദൈര്‍ഘ്യമുള്ള റെയ്ഡ് നടത്തി. അന്ന് ഏതെങ്കിലും ഫോണ്‍ പിടിച്ചെടുക്കുകയോ കൊണ്ടുപോവുകയോ ഉണ്ടായോ? അത്തരത്തിലെന്തെങ്കിലും സംശയം വീട്ടുകാര്‍ക്കോ മറ്റോ ഉണ്ടോ? 

അന്നൊന്നും ഇങ്ങനെയൊരു ഫോണ്‍ ആരും പിടിച്ചുകൊണ്ട് പോയിട്ടില്ല. ബിനീഷിന്റെ വൈഫുപയോഗിക്കുന്ന ഫോണാണ് അന്ന് പിടിച്ചുകൊണ്ടുപോയത്. ആ ഫോണ്‍- ഈ നമ്പറുള്ള ഫോണ്‍ അല്ലല്ലോ. മാത്രമല്ല, വിനോദിനി ഉപയോഗിക്കുന്ന ഫോണ്‍ പൈസ കൊടുത്ത് വാങ്ങിയ ഫോണ്‍ ആണ്. ആരും നമുക്ക് തന്നിട്ടുള്ള ഫോണല്ല. അതിന്റെ ബില്ലും കാണുമല്ലോ. ഇതൊക്കെ ഇങ്ങനെ പുകമറ സൃഷ്ടിക്കേണ്ട കാര്യമെന്താണ്. ബോധപൂര്‍വ്വമുണ്ടാക്കുന്ന കഥയാണ്. ഇങ്ങനെയൊരു പാരിതോഷികം വാങ്ങേണ്ട പ്രശ്‌നമിപ്പോള്‍ ഉദിക്കുന്നില്ല. 

പാരിതോഷികമായി അങ്ങനെയൊരു ഫോണ്‍ എന്തിനാണ്  ഇവരുടെ അടുത്ത് നിന്ന് വാങ്ങേണ്ട കാര്യം ! 

പ്രതിപക്ഷ നേതാവ് തന്നെ ഈ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന് അപ്പോഴുണ്ടായ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്ന് താങ്കള്‍ പറഞ്ഞതാണ്. പക്ഷേ അത്, അദ്ദേഹത്തിന്റെ കയ്യിലില്ല എന്ന് അദ്ദേഹവും പറഞ്ഞതാണ്. ഇപ്പോള്‍ ഒരു ഫോണ്‍ രാഷ്ട്രീയക്കാരെ ഇങ്ങനെയിട്ട് കുഴപ്പിച്ചുകൊണ്ട് ഇരിക്കുകയാണ്...

രമേശ് ചെന്നിത്തലയ്ക്ക് ഫോണ്‍ കൊടുത്തുവെന്ന് കോടതിയില്‍ മൊഴി കൊടുത്തത് സന്തോഷ് ഈപ്പനാണ്. ഇവര്‍ക്ക് കൊടുക്കാനാണെന്ന് പറഞ്ഞുകൊണ്ട് അഞ്ച് ഫോണ്‍ വാങ്ങിയെന്ന് അദ്ദേഹം പറയുന്നു. അതിന് ശേഷം രമേശ് പറഞ്ഞു, എന്റെ കൈവശമങ്ങനെയൊരു ഫോണ്‍ കിട്ടിയിട്ടില്ല. അതോടുകൂടി ഞാന്‍ ആ വിവാദം നിര്‍ത്തിയല്ലോ. ഞാനത് വിശ്വസിച്ചു. പിന്നെ ഞാനത് പിന്തുടര്‍ന്നിട്ടില്ല. അപ്പോള്‍ വസ്തുത മനസിലാക്കിയാല്‍ കാര്യം ബോധ്യപ്പെടുകയല്ലേ വേണ്ടത്. ഞങ്ങള്‍ വസ്തുത പറഞ്ഞാലും ചിലര്‍ക്കത് ബോധ്യപ്പെടുകയില്ല. ബോധ്യപ്പെടില്ല എന്ന് തീരുമാനിച്ചിരിക്കുന്നവരെ ബോധ്യപ്പെടുത്താന്‍ ആര്‍ക്കും സാധിക്കുകയുമില്ല. 

 

 

മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നിയമസഭ സ്പീക്കറെയുമെല്ലാം ലക്ഷ്യം വച്ച് ഈ അന്വേഷണ ഏജന്‍സികള്‍ മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഒരുപാട് വാര്‍ത്തകള്‍ ഓരോ ദിവസങ്ങളിലും വന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയാണോ പാര്‍ട്ടിക്കുള്ളത്? 

ഇതിപ്പോള്‍ ഒറ്റപ്പെട്ട ഒരു സംഭവമല്ല, അവര്‍ ലക്ഷ്യമിടുന്നത് ഗവണ്‍മെന്റിനെ അട്ടിമറിക്കാനാണ്. ഈ പ്രശ്‌നത്തിന് അഞ്ചാറ് മാസം മുമ്പ് ഇത്തരമൊരു പദ്ധതി ഇവിടെ നടക്കുകയാണ്. അതിന്റെ ഭാഗമായി ലക്ഷ്യമിട്ടിരുന്നത് മുഖ്യമന്ത്രിയെ തന്നെയാണ്. അതാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്തി കഥയുണ്ടാക്കിയത്. അങ്ങനെ കഥയുണ്ടാക്കി ഉണ്ടാക്കി മുഖ്യമന്ത്രിയിലേക്കെത്തുക എന്നതായിരുന്നു ലക്ഷ്യമെന്നത് ഇപ്പോള്‍ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലില്‍ വ്യക്തമായി.

മുഖ്യമന്ത്രിക്കെതിരായി മൊഴി തരണം, നിങ്ങളെ രക്ഷിക്കാം എന്ന് പറഞ്ഞു എന്നാണല്ലോ... സ്പീക്കര്‍ക്കെതിരായിട്ട് മൊഴി തരണം, മൂന്ന് മന്ത്രിമാര്‍ക്കെതിരായും മൊഴി തരണം എന്നാവശ്യപ്പെട്ടതായും പറയുന്നു. ഇങ്ങനെയുള്ള കുറേ ആളുകളെ ഈ കേസില്‍ കുടുക്കിയിട്ട് ഗവണ്‍മെന്റിനെ ശിഥിലമാക്കലായിരുന്നു അവരുദ്ദേശിച്ചിരുന്നത്. 

മറ്റ് പല സംസ്ഥാനങ്ങളിലും സംസ്ഥാന സര്‍ക്കാരുകളെ അട്ടമറിച്ചൊരു രീതിയുണ്ട്. ഇവിടെയിപ്പോള്‍ ബിജെപിക്ക് പെട്ടെന്ന് അധികാരത്തില്‍ വരാന്‍ സാധിക്കുന്നൊരു സംസ്ഥാനമല്ല. പക്ഷേ ഗവണ്‍മെന്റുകളെ ശിഥിലമാക്കാന്‍ കേന്ദ്രഭരണം ഉപയോഗിച്ചുകൊണ്ട് കേന്ദ്ര അന്വേഷണ ഏജന്‍സികളെ തന്നെയാണ് ഉപയോഗിക്കുന്നത്. 

പല സംസ്ഥാനങ്ങളിലും ഇത് ചെയ്തതിന്റെ കഥ പുറത്തുവന്നല്ലോ. മറ്റെല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഗവണ്‍മെന്റുകളെ അട്ടിമറിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നിങ്ങനെയുള്ള സംവിധാനങ്ങളെ ഉപയോഗിച്ചില്ലേ?  ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ജയിലില്‍ വച്ചില്ലേ? പിഎംഎല്‍എ ആക്ട് ഉണ്ടാക്കിയത് തന്നെ ചിദംബരമാണ്. ആ നിയമത്തില്‍ ആദ്യമായി ജയിലില്‍ കിടക്കേണ്ടിവന്നതും കേന്ദ്രമന്ത്രിയായിരുന്ന ചിദംബരമാണ്. നൂറില്‍പരം ദിവസങ്ങള്‍ അദ്ദേഹത്തിന് ജയിലില്‍ കിടക്കേണ്ടിവന്നു. 

കര്‍ണാകടത്തിലെ ശിവകുമാറിനെ ഇതുപോലെ ജയിലില്‍ കിടത്തിയില്ലേ? അതെന്തിനായിരുന്നു? സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാനായിരുന്നു ഓരോ സംസ്ഥാനത്തും ഇതുപയോഗിച്ചത്. ഇവിടെയും അതായിരുന്നു അവരുടെ ഇടപെടലിലെ ലക്ഷ്യം.

പോണ്ടിച്ചേരിയിലെ സര്‍ക്കാരിനെ തകര്‍ത്തത് ഇപ്പോള്‍ കണ്ടില്ലേ? അവിടത്തെ മുഖ്യമന്ത്രി പരസ്യമായി നിയമസഭയില്‍ പറഞ്ഞുവല്ലോ, ഒരു എംഎല്‍എയ്ക്ക് ഇന്‍കംടാക്‌സ് നോട്ടീസ് അയക്കുന്നു, 22 കോടി രൂപ അടക്കണം. എന്നിട്ട് അയാളെ സമീപിച്ചപ്പോള്‍ അയാള്‍ ബിജെപിയാകുന്നു. ഇങ്ങനെയാണല്ലോ പോണ്ടിച്ചേരിയിലെ കോണ്‍ഗ്രസുകാരെ ബിജെപിയിലേക്ക് മാറ്റിയത്. അവിടെയിപ്പോള്‍ പല കോണ്‍ഗ്രസുകാരും ഭയപ്പെട്ട് മത്സരിക്കാന്‍ പോലും തയ്യാറാകുന്നില്ല. 

മാഹിയില്‍ സാധാരണ മത്സരിക്കുന്നയാളാണ് വത്സരാജ്. അദ്ദേഹം ഇപ്പോള്‍ മത്സരിക്കുന്നില്ല. എന്തുകൊണ്ടാണ് മത്സരിക്കാത്തത്? അയാള്‍ക്ക് കുറച്ച് ബിസിനസുണ്ട്. ഭയപ്പെട്ടിരിക്കുകയാണ്. ഇങ്ങനെ ഭയപ്പെടുത്തി, കീഴ്‌പ്പെടുത്തുക എന്നുള്ളതാണ് തന്ത്രം. പല സംസ്ഥാനങ്ങളിലും പ്രയോഗിക്കുന്നത് പോലെ ഇവിടെയും പ്രയോഗിക്കാന്‍ അവര്‍ നോക്കുകയാണ്.

ഭയപ്പെടുത്തിയാല്‍ ഞങ്ങളാരും കീഴ്‌പ്പെടാന്‍ പോകുന്നില്ല. ജയില് കാണിച്ച് വിരട്ടാമെന്ന് പറഞ്ഞാല്‍, ഞങ്ങളാരും ജയില്‍ കാണാത്തവരൊന്നുമല്ല. അടിയന്തരാവസ്ഥക്കാലത്ത് ഉടനീളം ജയിലില്‍ കിടന്നവരാണ്, ഞാന്‍, പിണറായി - ഞങ്ങളെല്ലാം ഒന്നിച്ച് ജയിലില്‍ കിടന്നവരല്ലേ. ജയില്‍ കാണിച്ചാല്‍ ഞങ്ങളൊന്നും ഭയപ്പെടാന്‍ പോകുന്നില്ല. ഇത്തരത്തിലുള്ള തന്ത്രങ്ങള്‍ വഴി ഇവര്‍ക്ക് മുമ്പില്‍ കീഴടങ്ങാന്‍ കമ്മ്യൂണിസ്റ്റുകാരെ കിട്ടുകയില്ല. അവര്‍ക്കത് മനസിലായിട്ടില്ലെന്നാണ് തോന്നുന്നത്. 

കോണ്‍ഗ്രസുകാരെ പോലെയാണ് ഞങ്ങളുമെന്ന് വിചാരിച്ചിട്ടാണ് അവര്‍ ഇങ്ങനെയുള്ള തന്ത്രവുമായി ഇവിടേക്ക് പുറപ്പെട്ടത്. അത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് വേണ്ടി നിയമപരമായി ആവശ്യമായിട്ടുള്ള ഇടപെടലുകള്‍ നടത്തും. രാഷ്ട്രീയമായി അവരുടെ നീക്കത്തെ തുറന്നുകാണിക്കും. ഇതാണ് ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുക. 

നമ്മള്‍ നേരെ രാഷ്ട്രീയത്തിലേക്ക് വരികയാണെങ്കില്‍ ഇപ്പോള്‍ പുതിയൊരു പാര്‍ട്ടി വരുന്നു. ജോസ് കെ മാണിയുടെ പാര്‍ട്ടി..  താങ്കളാണ് അതിന്റെ ആദ്യം മുതല്‍ക്കുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ച ഒരു വ്യക്തി. അത് എല്ലാവര്‍ക്കും അറിയാം. എല്‍ഡിഎഫിലേക്ക് അവര്‍ വന്നപ്പോള്‍ പെട്ടെന്ന് 13 സീറ്റാണ് അവര്‍ക്ക് കിട്ടിയത്. അത് മുന്നണിക്കകത്ത് ചില അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. പലര്‍ക്കും സീറ്റ് കുറഞ്ഞു. ഇത്രയധികം സീറ്റ് കൊടുക്കാന്‍ ആ പാര്‍ട്ടി അത്ര വലിയ പാര്‍ട്ടിയാണോ? 

ജോസ് കെ മാണി വിഭാഗമെന്ന് പറഞ്ഞാല്‍ കേരളാ കോണ്‍ഗ്രസ് എം ആണ്. ആ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി കഴിഞ്ഞ നാല്‍പത് കൊല്ലമായിട്ട് യുഡിഎഫിന്റെ ഭാഗമായിരുന്നു. എണ്‍പത് മുതല്‍ എണ്‍പത്തിരണ്ട് വരെ കെ എം മാണി ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. നായനാര്‍ മന്ത്രിസഭയില്‍ അംഗവുമായിരുന്നു. അതിന് ശേഷം യുഡിഎഫിന്റെ കൂടെ പോയി പിന്നീടവര്‍ യുഡിഎഫിന്റെ കൂടെ ഉറച്ചുനിന്നവരാണ്. പല സന്ദര്‍ഭങ്ങളിലും യുഡിഎഫ് വിട്ട് പുറത്തുവന്നിട്ടും അവര്‍ എല്‍ഡിഎഫിന്റെ ഭാഗമായി സഹകരിച്ചിരുന്നില്ല. അവര്‍ യുഡിഎഫിന്റെ കൂടെത്തന്നെ നിന്നവരാണ്. പാര്‍ലമെന്റ് ഇലക്ഷന്‍ വരെ അവര്‍ യുഡിഎഫിന്റെ കൂടെയായിരുന്നു. അവര്‍ക്ക് ചില പ്രശ്‌നങ്ങളുടെ പേരില്‍ അസംതൃപ്തി ഉണ്ടെന്ന് മനസിലായപ്പോള്‍ ഞങ്ങള്‍ സ്വാഭാവികമായും ആ അസംതൃപ്തിയില്‍ ഇടപെട്ടിട്ടുണ്ട്. 


 

കഴിഞ്ഞ മൂന്ന് വര്‍ഷം മുമ്പ് ഞങ്ങളുടെ പാര്‍ട്ടി തൃശൂരില്‍ വച്ച് ചേര്‍ന്ന സംസ്ഥാന സമ്മേളനത്തില്‍ ഒരു തീരുമാനമെടുത്തിട്ടുണ്ട്. കേരളത്തില്‍ ഇടതുപക്ഷ മുന്നണിയുടെ അടിത്തറ വിപുലീകരിക്കണമെന്നതാണ് ആ തീരുമാനം. ഇന്ന് മുന്നണിയില്‍ കുറെ കക്ഷികളുണ്ട്. പക്ഷേ, ആരെങ്കിലും ഇനിയും നമ്മളോടൊപ്പം വരാന്‍ തയ്യാറുണ്ടെങ്കില്‍ അവരെയും കൂടി ഉള്‍ക്കൊള്ളണം. യുഡിഎഫിനെ ശിഥിലമാക്കണം. ഇത് അന്ന് സംസ്ഥാനസമ്മേളനത്തില്‍ തീരുമാനിച്ചതാണ്. ഇങ്ങനെയൊരു അവസരം നമ്മളുപയോഗിക്കണം. 

വീരേന്ദ്ര കുമാറിന്റെ പാര്‍ട്ടി യുഡിഎഫിലേക്ക് പോയി. അവരെ തിരിച്ചുകൊണ്ടുവരണം, എന്ന് ഞങ്ങള്‍ നേരത്തെ എടുത്ത തീരുമാനമാണ്. അതിന്റെ ഭാഗമായി ആ ശ്രമം വിജയിച്ചു. എല്‍ജെഡി ഞങ്ങളുടെ കൂടെ വന്നു. 

എല്‍ജെഡി വന്നു, പക്ഷേ അവര്‍ക്കങ്ങനെ കാര്യമായ സീറ്റ് കിട്ടിയിട്ടില്ല. അതേസമയം ഇവര്‍ വന്നപ്പോള്‍ ഇവര്‍ക്ക് വലിയ പ്രാതിനിധ്യം കൊടുക്കുകയും ചെയ്യുന്നു. അതാണ് ചര്‍ച്ചയാകുന്നത്...

യുഡിഎഫിന്റെ കൂടെ അവര്‍ക്ക് പതിനഞ്ച് സീറ്റുണ്ടായിരുന്നു. ആ പതിനഞ്ച് സീറ്റ് കിട്ടണമെന്നതായിരുന്നു അവരുടെ ആവശ്യം. എല്‍ഡിഫിനോടൊപ്പം വരുമ്പോള്‍ അവരുടെ പ്രധാന ആവശ്യം അതായിരുന്നു. അവരുമായി പല സന്ദര്‍ഭങ്ങളില്‍ ചര്‍ച്ച ചെയ്ത് അതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് മാന്യമായ പരിഗണന എല്‍ഡിഎഫ് കൊടുക്കും എന്നവര്‍ക്ക് ഉറപ്പുകൊടുത്തിരുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ അവര്‍  ഞങ്ങളോടൊപ്പം കൂടിയപ്പോള്‍ അതിന്റെ ഭാഗമായി ഒരു മാറ്റം കേരളത്തില്‍ വന്നിട്ടുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. 

ഞങ്ങള്‍ക്ക് കിട്ടാതിരുന്നിട്ടുള്ള ചില ജില്ലാ പഞ്ചായത്തുകള്‍ ഞങ്ങള്‍ക്ക് ജയിക്കാന്‍ സാധിച്ചു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലൊക്കെ മാറ്റമുണ്ടായി. ഇത് കേരളരാഷ്ട്രീയത്തില്‍ വലിയ മാറ്റം വരുത്തി. കേരളത്തില്‍ പാര്‍ലമെന്റ് ഇലക്ഷന്‍ കഴിഞ്ഞപ്പോഴുള്ള ഒരവസ്ഥ ഇനി എല്‍ഡിഎഫ് കേരളത്തിലില്ല എന്നതായിരുന്നു. ഞങ്ങള്‍ക്കന്ന് മുപ്പത്തിയഞ്ച് ശതമാനം വോട്ടേ ഉള്ളൂ. പത്തൊമ്പത് സീറ്റാണ് അന്ന് യുഡിഎഫിന് കിട്ടിയത്. ഇത് വച്ചുകൊണ്ട് എല്‍ഡിഎഫിനെ എഴുതിത്തള്ളി. 

ആ എഴുതിത്തള്ളിയിടത്ത് നിന്ന് മാറ്റമെങ്ങനെ വന്നു? നിങ്ങളുടെ ചാനല്‍ തന്നെ ഒരു സര്‍വേ നടത്തിയിട്ട് പറഞ്ഞു, എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടാകും. അതിന് ശേഷമാണ് കേരളരാഷ്ട്രീയത്തില്‍ ഇളക്കങ്ങള്‍ വന്നത്. ഇതോടെ ചിലര്‍ പരിഭ്രാന്തരായി. ഇത് ശരിയായിരിക്കുമോ എന്ന സംശയം ചില കേന്ദ്രങ്ങളിലുണ്ടായി. പക്ഷേ ഞങ്ങള്‍ മനസിലാക്കിയത് സര്‍വേ വിശ്വസിച്ചിരുന്നാല്‍ പോര. കേരള രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാക്കണം. അതിന്റെ ഭാഗമായുള്ള ഇടപെടല്‍ ഞങ്ങള്‍ നടത്തി. അങ്ങനെയാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് വന്നത്. അന്ന് അവരുമായിട്ടുള്ള കമ്മിറ്റ്‌മെന്റാണ്, നിങ്ങള്‍ക്ക് മാന്യമായ പരിഗണന കിട്ടും എന്നത്. ആ പരിഗണന കൊടുക്കുന്നതിനാണ് ചര്‍ച്ച ചെയ്ത് അവര്‍ക്കുള്ള സീറ്റ് നല്‍കിയത്. 

അവര്‍ വന്നത് എല്‍ഡിഎഫിന് കാര്യമായ ഗുണമുണ്ടാക്കിയെന്ന് തന്നെയാണ് വിശ്വസിക്കുന്നത്...? 

ഗുണം എന്നത് ആപേക്ഷികമായി ഒന്നോ രണ്ടോ പത്തോ എന്നതല്ല കാര്യം. മൊത്തത്തില്‍ കേരള രാഷ്ട്രീയത്തില്‍ മാറ്റം വരുത്താന്‍ അത് സഹായകമായി. നിങ്ങളൊന്ന് ആലോചിച്ചുനോക്കൂ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നമ്മള്‍ തോറ്റു. തദ്ദേശഭരണ ഇലക്ഷിലും തോറ്റിട്ടാണെങ്കില്‍ തുടര്‍ഭരണമെന്ന മുദ്രാവാക്യമുയര്‍ത്താന്‍ കഴിയുമായിരുന്നോ?  അതുയര്‍ത്താന്‍ സാധിക്കുന്ന രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുന്നതില്‍ ഇത്തരത്തിലുള്ള നിലപാടുകള്‍ പ്രധാനപ്പെട്ട ഘടകമായിട്ടുണ്ട്. 

അവര്‍ക്ക് യുഡിഎഫില്‍ പതിനഞ്ച് സീറ്റായിരുന്നു. ഇപ്പോള്‍ രണ്ട് പാര്‍ട്ടികളും കൂടി പതിമൂന്നും, പത്തും ചേര്‍ന്ന് ആകെ ഇരുപത്തിമൂന്നിടത്ത് മത്സരിക്കുന്നുണ്ട്...

പല സ്ഥലത്തും അവര്‍ പരസ്പരം മത്സരിക്കുകയാണല്ലോ. അങ്ങനെയെല്ലാം വന്നെന്ന് വരും. പൊതുവില്‍ പ്രശ്‌നം ഇതുകൊണ്ട് മൊത്തത്തില്‍ മുന്നണിക്ക് ഗുണമുണ്ടോ എന്നതാണ്. ചിലപ്പോള്‍ ഇവര്‍ക്ക് കൊടുത്ത സീറ്റില്‍ ഇവര്‍ക്ക് സ്വാധീനമുണ്ടായി എന്ന് വരില്ല. പക്ഷേ ശരിയായ രൂപത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചാല്‍ മൊത്തത്തില്‍ കേരളരാഷ്ട്രീയത്തില്‍ ഇടതുപക്ഷ മുന്നണിക്ക് ഈ മുന്നണി വിപുലീകരണം ഗുണം ചെയ്യും. ഇപ്പോഴുള്ള ചില പ്രശ്‌നങ്ങളെല്ലാം മാറ്റി എല്ലാവരും കൂടി ഒരുമിച്ച് ഇറങ്ങിയാലുണ്ടാകുന്ന മാറ്റം വലുതായിരിക്കും. 

 

 

അത് വിവിധ രൂപത്തിലുള്ള മാറ്റങ്ങളായിരിക്കും. കേരളാ കോണ്‍ഗ്രസില്‍ ചില ബേസുണ്ട്. അത് അവരുടെ വോട്ടിന്റെ ബേസ് മാത്രമല്ല, പല ഘടകങ്ങളായിട്ട് കിടക്കുന്നതാണ്. ഞങ്ങള്‍ യുഡിഎഫിനെ കുറച്ചുകാണുന്നില്ല. കോണ്‍ഗ്രസ് അതിലുണ്ടെങ്കിലും മുഖ്യമായിട്ട് അതില്‍ പ്രവര്‍ത്തിക്കുന്നത് മുസ്ലീം ലീഗാണ്. വോട്ട് ബേസ് പല സ്ഥലത്തുമുള്ളൊരു കക്ഷി മുസ്ലീം ലീഗാണ്. അതിന്റെ കൂടെ കേരളാ കോണ്‍ഗ്രസ് ഒരു വിഭാഗവും അവരുടെ കൂടെയുണ്ട്. കേളാ കോണ്‍ഗ്രസ് ആകെയും ഒന്നിച്ച് അവരുടെ കൂടെ നില്‍ക്കുകയായിരുന്നുവെങ്കില്‍ മൂന്ന് പാര്‍ട്ടിയും ചേരുമ്പോള്‍ അതൊരു ഫോഴ്‌സാണ്. ആ ഫോഴ്‌സില്‍ തകര്‍ച്ചയുണ്ടായി. 

യുഡിഎഫിനെ ശിഥിലപ്പെടുത്തുക എന്നത് എല്‍ഡിഎഫിന്റെ നയമാണ്. പക്ഷേ യുഡിഎഫിന്റെ ശിഥിലീകരണം ബിജെപി- ആര്‍എസ്എസ് വളര്‍ച്ചയ്ക്ക് കൂടി കാരണമാകുന്നുണ്ട്...?

യുഡിഎഫ് തകരുമ്പോള്‍ കേരളത്തില്‍ വളരുക, ബിജെപിയല്ല. എല്‍ഡിഎഫാണ് വളരുക. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയ വോട്ട് കണ്ടില്ലേ? എല്‍ഡിഎഫിന് വോട്ട് വര്‍ധിച്ചപ്പോള്‍ ബിജെപിക്ക് വോട്ട് വര്‍ധിച്ചില്ലല്ലോ. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് തന്നെയല്ലേ ബിജെപിക്ക് കിട്ടിയിട്ടുള്ളൂ, ശതമാനം വോട്ട് നോക്കിയാല്‍. 

2004ല്‍ തന്നെ കേരളത്തില്‍ ബിജെപിക്ക് 12 ശതമാനം വോട്ടുണ്ട്. അതായത്, ഇന്ത്യ തിളങ്ങുന്നു എന്ന് പ്രചാരണം നടത്തിയ കാലത്ത് തന്നെ ബിജെപിക്ക് 12 വോട്ട് ശതമാനമുണ്ട്. അതിന് ശേഷം ബിഡിജെഎസ്, പിന്നെ കുറേ സംഘടകളുമായിട്ട് മുന്നണിയുണ്ടാക്കിയിട്ടാണ് ഇവിടെ എന്‍ഡിഎ ഉണ്ടാക്കുന്നത്. എന്നിട്ടും പതിനഞ്ച് ശതമാനത്തിലേക്കേ എത്താന്‍ സാധിച്ചുള്ളൂ. 

കാര്യമായി ആ രീതിയില്‍ വളരുന്നില്ല എന്നതാണ് പറയാന്‍ ശ്രമിക്കുന്നത്...? 

അതെ, വളരുന്നില്ലെന്ന് മാത്രമല്ല, ഇവിടെ കേരളത്തില്‍ എല്‍ഡിഎഫിനാണ് ശക്തിപ്പെടാന്‍ സാധിക്കുക. 

സീറ്റ് വിഭജനം കഴിഞ്ഞപ്പോള്‍ അസാധാരണമായ സംഘടനാ പ്രതിസന്ധി ഉണ്ടാക്കിക്കൊണ്ടാണ് പലയിടത്തും പരസ്യ പ്രതിഷേധങ്ങള്‍ ഉണ്ടായത്. വിഎസിന്റെ പ്രതിഷേധം നമ്മള്‍ കണ്ടതിന് ശേഷം കുറ്റ്യാടിയിലൊക്കെ നൂറുകണക്കിന് ആളുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍, നേതാക്കളടക്കം റോഡിലിറങ്ങുന്ന സാഹചര്യമുണ്ടായി. പൊന്നാനിയില്‍ പരസ്യ പ്രതിഷേധം കണ്ടു. മറ്റ് പല സ്ഥലത്തും പോസ്റ്ററായിട്ടും അല്ലാതെയും കണ്ടു. എന്താണ് നമുക്ക് പരിചിതമല്ലാത്ത രീതിയില്‍ അങ്ങനെ വ്യാപകമായി വരുന്നത്? 

സീറ്റുകളായി പാര്‍ട്ടിയുടെ സ്വാധീനകേന്ദ്രങ്ങള്‍ വിട്ടുകൊടുക്കുമ്പോള്‍ അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. കുറ്റ്യാടിയിലേത് അത്തരത്തിലുള്ളൊരു പ്രതികരണമാണ്. അത് കുറ്റ്യാടി പഞ്ചായത്തിലുള്ള അനുഭാവികളായ ആളുകള്‍ നടത്തിയിട്ടുള്ള പ്രതിഷേധമാണ്. ആ പ്രതിഷേധം മനസിലാക്കാന്‍ കഴിയുന്നത് മാത്രമേയുള്ളൂ. അത് സ്ഥിരമായി നില്‍ക്കുന്നതുമല്ല. 

പാര്‍ട്ടി ഒരു തീരുമാനമെടുത്ത് നടപ്പിലാക്കാന്‍ വേണ്ടി പുറപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ അങ്ങനെയുള്ള പ്രശ്‌നങ്ങളുണ്ടാകില്ല. അങ്ങനെയൊരു ഇടപെടല്‍ ഇപ്പോഴവിടെ നടത്തിയിട്ടില്ല. കുറ്റ്യാടിയിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കേരളാ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അവിടെ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടും. അതിന് ശേഷമെടുക്കുന്ന തീരുമാനമെന്തായാലും ആ തീരുമാനത്തിനൊപ്പം കുറ്റ്യാടിയിലെ പാര്‍ട്ടി സഖാക്കള്‍ നില്‍ക്കും. 

കാരണം കുറ്റ്യാടിയില്‍ ഏത് വിധേനയും ഇപ്രാവശ്യം ഇടതിനെ വിജയിപ്പിക്കണം എന്നുള്ളൊരു ചിന്ത അവര്‍ക്കുണ്ട്. കേരളാ കോണ്‍ഗ്രസിന് കൊടുത്താല്‍ അത് സാധിക്കുമോ എന്ന ആശങ്കയില്‍ നിന്നുയര്‍ന്ന് വന്നിട്ടുള്ള പ്രശ്‌നമായിരുന്നു. ഇപ്പോഴവിടെ പ്രശ്‌നങ്ങളൊന്നുമില്ല, ശാന്തമാണ്. സിപിഎം ഇക്കാര്യത്തില്‍ കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തി രമ്യതയിലെത്താന്‍ വേണ്ടി ശ്രമിക്കുകയാണെന്ന് അവര്‍ക്കറിയാം. അതിന്റെ ഭാഗമായി വരുന്ന തീരുമാനമെടുക്കും. ആ തീരുമാനം അന്തിമമായിരിക്കും. 

 

 

നേരത്തേ ഇത്തരത്തിലുള്ള പ്രതിഷേധങ്ങളൊക്കെ നടന്നാല്‍ നടപടിയെടുക്കുന്നൊരു രീതിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം സമരസപ്പെട്ട് പോകുന്നൊരു കാഴ്ചയാണ് കാണാനാകുന്നത്. അത് എത്രമാത്രം ഗുണം ചെയ്യുമെന്നത് നമ്മള്‍ കണ്ടറിയേണ്ട കാര്യമാണ്. 

ഈ പ്രകടനങ്ങളൊന്നും വിഭാഗീയതയുടെ ഭാഗമായിട്ടോ ബോധപൂര്‍വ്വമായിട്ടോ സംഘടിപ്പിക്കുന്നതല്ല. അങ്ങനെ സംഘടിപ്പിക്കുമ്പോഴാണ് പെട്ടെന്ന് തന്നെ അത്തരം നടപടികളിലേക്ക് പോകേണ്ടിവരുന്നത്. ആ തരത്തില്‍ കൈകാര്യം ചെയ്യേണ്ടുന്ന പ്രശ്‌നമായി നിലവില്‍ ഇതിനെ കാണുന്നില്ല. അതെന്ത് കൊണ്ട് വന്നു എന്നതെല്ലാം പരിശോധിച്ച് കണ്ടെത്തേണ്ട പ്രശ്‌നങ്ങളാണ്. 

പൊന്നാനിയില്‍ ഇപ്പോള്‍ മാത്രമല്ല ഇങ്ങനെയുള്ള പ്രശ്‌നങ്ങളുണ്ടാകുന്നത്. നേരത്തേ സ്ഥാനാര്‍ത്ഥികളെ മാറ്റുന്ന സന്ദര്‍ഭത്തിലും ഇങ്ങനെയുള്ള പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. പാലോളി മാറി ശ്രീരാമകൃഷ്ണന്‍ വന്ന ഘട്ടത്തിലും ഇത്തരം പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ശ്രീരാമകൃഷ്ണന്‍ ഒരു അംഗീകാരം നേടി. പത്ത് വര്‍ഷം അവിടത്തെ എംഎല്‍എയായി. അപ്പോള്‍ ശ്രീരാമകൃഷ്ണനെ മാറ്റുമ്പോഴും സ്വാഭാവികമായി പ്രശ്‌നങ്ങള്‍ വരാം. ഇത്ര നല്ല എംഎല്‍എയെ കിട്ടി, എന്തിനാണ് മാറ്റുന്നതെന്ന അവരുടെ ചോദ്യവും സ്വാഭാവികമാണ്. പകരം വേറെ ഒരാളാണ് വരേണ്ടതെന്നും അവര്‍ ചിന്തിച്ചു. ആ സഖാവിന് വേണ്ടി ഒരു വിഭാഗം ആളുകള്‍ പ്രതിഷേധം നടത്തി. അത് പാര്‍ട്ടിക്കെതിരായ പ്രകടനമായി പാര്‍ട്ടി കാണുന്നില്ല. 

പക്ഷേ അപ്പോഴും ചിലയാളുകളാണ് സ്ഥാനാര്‍ത്ഥികളാകേണ്ടത് എന്ന് പറഞ്ഞുകൊണ്ട് പരസ്യകലഹത്തിന് തയ്യാറാകുന്നു എന്നുള്ളൊരു പ്രശ്‌നമില്ലേ?...

ബന്ധപ്പെട്ട വ്യക്തിക്ക് അതില്‍ പങ്കുണ്ടോ എന്ന കാര്യമാണ് പാര്‍ട്ടി പരിശോധിക്കുക. അങ്ങനെയുള്ള സ്ഥിതി ഇപ്പോളവിടെ കാണുന്നില്ല. ഇതുവരെയുള്ള പരിശോധനയില്‍ അത് കണ്ടിട്ടില്ല. മാത്രമല്ല, ഇപ്പോള്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി എല്ലാവരും രംഗത്തിറങ്ങിക്കഴിഞ്ഞു. 

നന്ദകുമാര്‍ എന്നാല്‍ ആ പ്രദേശത്തുകാരനാണ്. അദ്ദേഹം ആ പ്രദേശത്ത് പാര്‍ട്ടിയുണ്ടാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ്. അടിയന്തരാവസ്ഥക്കാലത്ത് ഞങ്ങള്‍ക്കൊപ്പം ഒന്നരക്കൊല്ലം ജയിലില്‍ കിടന്നയാളാണ്. പക്ഷേ കുറേ കാലമായി അദ്ദേഹം സിഐടിയു കേന്ദ്രത്തിലാണ് വര്‍ക്ക് ചെയ്യുന്നത്. സിഐടിയുവിന്റെ അഖിലേന്ത്യാ സെക്രട്ടറിയാണ് അദ്ദേഹം. സംസ്ഥാനതലത്തിലുള്ള പ്രധാനപ്പെട്ട നേതാവുമാണ്. അദ്ദേഹം അവിടെയല്ല പ്രവര്‍ത്തിക്കുന്നത്. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായിട്ടും അവിടെത്തന്നെ പ്രവര്‍ത്തിക്കുന്ന നേതാവല്ലേ അദ്ദേഹത്തിന് പകരം നല്ലതെന്ന തോന്നല്‍ അവര്‍ക്കുണ്ടായിട്ടുണ്ടാകാം. 

അതങ്ങനെയേ പാര്‍ട്ടി കാണുന്നുള്ളൂ. അവിടെയിപ്പോള്‍ സ്ഥിതിഗതികള്‍ക്ക് പ്രശ്‌നമില്ല. നന്ദകുമാറിനെ ജനങ്ങളേറ്റെടുത്ത് കഴിഞ്ഞു. സഖാവ് നന്ദകുമാര്‍ അവിടെ വിജയിക്കുകയും ചെയ്യും. യാതൊരു സംശയവും പൊന്നാനിയെ സംബന്ധിച്ച് ഞങ്ങള്‍ക്കില്ല. 

ഇപ്പോള്‍ മന്ത്രിമാരടക്കം കുറേയധികം പേരെ മാറ്റിയിട്ടുണ്ട്. ഇ. പി ജയരാജന്‍, ഐസക്, ജി സുധാകരന്‍ തുടങ്ങിയവരൊക്കെ മാറി. പക്ഷേ മാറിയതിനകത്ത് ഒരു വേര്‍തിരിവ് പുറത്തുനിന്ന് നോക്കുമ്പോള്‍ ചിലപ്പോള്‍ കാണാന്‍ സാധിക്കും. മേഴ്‌സിക്കുട്ടിയമ്മ മന്ത്രിയായിരുന്നു, കടകംപള്ളി മന്ത്രിായിരുന്നു. ഇവരെല്ലാം മൂന്നോ നാലോ തവണ മത്സരിച്ചവരാണ്. ചിലരെ മാത്രമെന്തിനാണ് മാറ്റുന്നത്? ചിലരെ മാറ്റാന്‍ വേണ്ടി മാത്രം ഒരു ഫോര്‍മുല ഉണ്ടാക്കിയതാണോ? അങ്ങനെയൊരു പരാതി പൊതുവേ പറഞ്ഞുകേള്‍ക്കുന്നുണ്ട്...

ഇത് സംസ്ഥാന കമ്മറ്റി ഐക്യകണ്‌ഠേന എടുത്തൊരു തീരുമാനമാണ്. ആ തീരുമാനം രണ്ട് ടേം തുടര്‍ച്ചയായി ജയിച്ചവര്‍ എന്നുള്ളതാണ്.

നേരത്തേ നമ്മള്‍ രണ്ട് തവണ എന്ന് പറഞ്ഞു, പിന്നെ വേണമെങ്കില്‍ മൂന്നാക്കി മാറ്റി ഇളവ് കൊടുത്ത് മത്സരിക്കാം എന്നെല്ലാം വന്നിരുന്നു. പക്ഷേ ഇപ്പോള്‍ ഇത് ചിലരെ മാറ്റാന്‍ വേണ്ടി എടുത്തത് പോലെ എന്നാണ് പരാതി വന്നിരിക്കുന്നത്...

അങ്ങനെ മാറ്റാന്‍ വേണ്ടി ഒരു തീരുമാനമെടുക്കില്ല. പാര്‍ട്ടിക്ക് എല്ലാവരും വിലപ്പെട്ടവര്‍ തന്നെയാണ്. രണ്ട് ടേം എന്നത്- തുര്‍ച്ചയായി എന്നതാണ് എടുത്ത തീരുമാനം. സിപിഐ ഒരു തീരുമാനമെടുത്തിട്ടുണ്ടല്ലോ മൂന്ന് ടേം. അവര്‍ ആര്‍ക്കും ഇളവ് കൊടുത്തിട്ടില്ല. 

ഞങ്ങളിത്തവണ എടുത്തിട്ടുള്ളത് രണ്ട് ടേം തുടര്‍ച്ചയായി നിന്നിട്ടുള്ള ആളുകളെ ഒഴിവാക്കുക എന്നതാണ്. അതിലാര്‍ക്കും ഇളവ് കൊടുക്കേണ്ടതില്ല എന്ന് സംസ്ഥാന കമ്മറ്റി തന്നെ തീരുമാനിച്ചിരുന്നു. ആര്‍ക്കും ഇളവിന് വേണ്ടി ജില്ലാ കമ്മറ്റി ഇങ്ങോട്ട് ചോദിക്കാന്‍ പാടില്ല എന്ന് ആദ്യമേ തീരുമാനിച്ചതാണ്. ആ തീരുമാനം എല്ലാവരും കൂടിയെടുത്ത തീരുമാനമാണ്. രണ്ട് ടേം തുടര്‍ച്ചയായി എന്നുള്ളത്. ചിലപ്പോള്‍ അവര്‍ മുമ്പ് മത്സരിച്ചിട്ടുണ്ടാകും. ജയിച്ചിട്ടുമുണ്ടാകും. അങ്ങനെയുള്ളവരുണ്ട്. മുമ്പൊരു ടേം ആയവരുണ്ട്. തുടര്‍ച്ചയായി രണ്ട് ടേം എന്നുള്ളത് പത്ത് വര്‍ഷം ഒരേ സ്ഥലത്ത് എന്നതാണ്. ഇനിയിപ്പോള്‍ സ്വാഭാവികമായി എല്ലാക്കാലത്തും അവിടെ ഇങ്ങനെയുള്ള പേരുകള്‍ ചര്‍ച്ച ചെയ്യപ്പെടുകയും അങ്ങനെ നിര്‍ത്തേണ്ടിവരികയും ചെയ്യും. അങ്ങനെയൊരു സ്ഥിതിയുണ്ടാകുന്നത് ഭാവിയില്‍ നമ്മുടെ പ്രസ്ഥാനത്തിന് ദോഷം ചെയ്യും. 

ഇങ്ങനെയുള്ള ആളുകളെ നിര്‍ത്തുമ്പോള്‍ നിഷ്പ്രയാസം ജയിക്കാന്‍ സാധിക്കും. പക്ഷേ ഒരാളെ തന്നെ ആശ്രയിച്ച് നില്‍ക്കേണ്ടതോ വ്യക്തി കേന്ദ്രീകൃതമോ ആയ പാര്‍ട്ടിയല്ല സിപിഎം. ഓരോ പ്രദേശത്തും വ്യക്തി കേന്ദ്രീകൃതമായി മാറുമ്പോള്‍ അത് പാര്‍ട്ടി എന്ന നിലയില്‍ ഭാവിയില്‍ ചില പ്രയാസങ്ങള്‍ നേരിടേണ്ടതായി വരും. അതുകൊണ്ട് അത് അടിസ്ഥാനമാക്കി ഒരു പുതിയ നേതൃത്വം വരണം. 

 

 

ആള് മാറിവരുന്നത് രാഷ്ട്രീയത്തിന് നല്ലതാണ്. പുതിയ ആളുകള്‍ വരുന്നതും യുവതലമുറക്ക് അവസരം കിട്ടുന്നതുമെല്ലാം നല്ലതാണ്. പക്ഷേ, അപ്പോഴും ഒരു പ്രശ്‌നമുണ്ട്. പി ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി ലോക്‌സഭയില്‍ മത്സരിപ്പിച്ചു. പക്ഷേ പിന്നീടദ്ദേഹത്തിന് തിരിച്ച് അങ്ങോട്ട് പോകാന്‍ സാധിച്ചില്ല. അതേസമയം വി എന്‍ വാസവന്‍ ഇതേ രീതിയില്‍ രാജി വച്ച് മത്സരിച്ചയാള്‍ തിരിച്ച് ജില്ലാ സെക്രട്ടറിയായി. ഇപ്പോളദ്ദേഹം വീണ്ടും മത്സരരംഗത്തുണ്ട്. പി ജയരാജന് ഒന്നും കിട്ടിയതുമില്ല. അപ്പോള്‍ അങ്ങനെ സംശയിച്ചാല്‍, ഇപ്പോഴവിടെ ഫേസ്ബുക്ക് കൂട്ടായ്മയുടെയൊക്കെ പ്രതിഷേധം നടന്നത് അതാണ് ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ സംശയിച്ചാല്‍ നേതൃത്വത്തിന് എന്താണ് മറുപടി പറയാനുള്ളത്?

ജയരാജന്‍ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട സംഘാടകനും നേതാവും ആണ്. ജയരാജന്‍ നേരത്തേ രണ്ട് വട്ടം എംഎല്‍എ ആയിട്ടുണ്ട്. അദ്ദേഹത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് പ്രതീക്ഷിച്ച് തന്നെയാണ് മത്സരിപ്പിച്ചത്. എന്തുകൊണ്ടോ ആ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ജയിക്കാന്‍ സാധിച്ചില്ല. അദ്ദേഹത്തെ ആരും അവഗണിച്ചിട്ടില്ല. അങ്ങനെ മത്സരിച്ചിട്ടുള്ള നിരവധി ആളുകളുണ്ട്. അവര്‍ക്കെല്ലാം സ്ഥആനാര്‍ത്ഥിത്വം കൊടുക്കാന്‍ സ്വാഭാവികമായും പാര്‍ട്ടിക്ക് സാധിക്കില്ല. 

ഒരേ ആള്‍ തന്നെ എപ്പോഴും മത്സരിക്കുക എന്നതല്ല പാര്‍ട്ടി ഉദ്ദേശിക്കുന്നത്. മാത്രമല്ല, പാര്‍ലമെന്ററി പ്രവര്‍ത്തനം പോലെയല്ല, പാര്‍ട്ടി പ്രവര്‍ത്തനമെന്ന് പറയുന്നത്. ഇപ്പോള്‍ വന്നുവന്ന് എന്തെങ്കിലുമൊരു എംഎല്‍എ സ്ഥാനമില്ലെങ്കില്‍, ഒരു എംപി സ്ഥാനമില്ലെങ്കില്‍, ഒരു പഞ്ചായത്ത് മെമ്പര്‍ സ്ഥാനമില്ലെങ്കില്‍ നീ എന്തൊരു പാര്‍ട്ടിക്കാരനാടാ എന്ന് ചോദിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്. എന്നോട് ഇത്തവണ എത്രയോ ആളുകള്‍ വിളിച്ചുചോദിച്ചു, നിങ്ങള്‍ മത്സരിക്കുന്നുണ്ടോ എന്ന്. എന്നുപറഞ്ഞാല്‍ മത്സരിച്ചാലേ ഒരു നേതാവാകൂ എന്ന ധാരണ ഇപ്പോള്‍ നാട്ടില്‍ ഉണ്ട്. ഈ ബൂര്‍ഷ്വാ രാഷ്ട്രീയം എന്ന് പറയുന്നതുണ്ടല്ലോ, മുതലാളിത്ത രാഷ്ട്രീയം -അതുണ്ടാക്കുന്നതാണ് - പാര്‍ലമെന്ററി പ്രവര്‍ത്തനമാണ് പ്രധാനം സംഘടനാപ്രവര്‍ത്തനത്തിന് ഒരു പ്രധാന്യവുമില്ല എന്ന ധാരണ.

ഞങ്ങള്‍ സെക്രട്ടറിമാര്‍ക്ക് ടേം നിശ്ചയിച്ചിരിക്കുകയാണ്. ഒരാള്‍ക്ക് ലോക്കല്‍ സെക്രട്ടറി ആകാന്‍ മൂന്ന് ടേം മാത്രമേ പറ്റൂ. അഖിലേന്ത്യാ സെക്രട്ടറിക്ക് ടേമുണ്ട്. മൂന്ന് ടേമേ പറ്റൂ. അതിന്റെ അര്‍ത്ഥം എന്താണ്, ഒമ്പത് കൊല്ലമാണ്. സംസ്ഥാന സെക്രട്ടറിക്ക് മൂന്ന് ടേമേ പറ്റൂ. മുമ്പ് ടേം ഒന്നുമുണ്ടായിരുന്നില്ല. എത്ര കാലവും സെക്രട്ടറി ആകാമായിരുന്നു. 

എംഎല്‍എ ആകുമ്പോള്‍ പത്ത് കൊല്ലം തുടര്‍ച്ചയായി നില്‍ക്കാനുള്ള അവസരമുണ്ട്. പുതിയ ആളുകള്‍ വരട്ടെ. ഒരു ടേം മാറി, അടുത്ത തവണയും ഇവര്‍ക്ക് നില്‍ക്കാന്‍ പാടില്ലെന്നില്ല. ഇങ്ങനെയുള്ള സഖാക്കളെ വീണ്ടും മത്സരിപ്പിക്കേണ്ടി വരും. ഇപ്പോള്‍ മാറിവന്നു, അതുകൊണ്ട് ഇനി ഒരുകാലത്തും എംഎല്‍എ സ്ഥാനത്തേക്കോ പാര്‍ലമെന്ററിസ്ഥാനത്തേക്കോ ഇവരെ ഉപയോഗിക്കില്ല എന്നതല്ല. ഇവര്‍ കുറച്ച് കാലം പാര്‍ട്ടി സംഘടനാരംഗത്ത് നില്‍ക്കുക, പിന്നെ പാര്‍ലമെന്ററി രംഗത്ത് നില്‍ക്കുക. അങ്ങനെയുള്ളൊരു സംയോജനമാണ് പാര്‍ട്ടി എന്ന് പറയുന്നത്. 

കണ്ണൂരില്‍ പി ജയരാജന്‍ മാത്രമല്ല, എം വി ജയരാജന്‍- അദ്ദേഹം ജില്ലാ സെക്രട്ടറിയാണ്, പാര്‍ലമെന്ററി രംഗത്തേക്ക് വരുന്നില്ല. കോടിയേരിയും പിണറായിയും കൂടി ഈ ജയരാജന്മാരുടെ ഇക്വേഷന്‍ വെട്ടിക്കളഞ്ഞുവെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്... 

ഇതൊക്കെ ഉണ്ടാക്കുന്ന കഥകളല്ലേ, ഇതിനെല്ലാം വല്ല അടിസ്ഥാനവുമുണ്ടോ. ഇവരെല്ലാം ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്മാരല്ലേ. എല്ലാ സഖാക്കളും ഞങ്ങളുടെ എല്ലാവരുടെയും ഏറ്റവും അടുത്ത് നില്‍ക്കുന്ന ആളുകളാണ്. എല്ലാവര്‍ക്കും എല്ലാ കാലത്തും സ്ഥാനാര്‍ത്ഥിയാകാന്‍ സാധിക്കില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അങ്ങനെ സാധിക്കുന്ന കാര്യമാണോ. സ്വാഭാവികമായും പുതിയൊരു നേതൃത്വം വരണം. പാര്‍ലമെന്ററി രംഗത്തും പാര്‍ട്ടി രംഗത്തും വരണം. അതാണ് പാര്‍ട്ടി സെക്രട്ടറിമാര്‍ക്കും ടേം നിശ്ചയിച്ചത്. 

കഴിവുള്ള എത്രയോ ആളുകള്‍ നമ്മുടെ പാര്‍ട്ടിയില്‍ ഇല്ലേ. അഞ്ച് ലക്ഷം പാര്‍ട്ടി മെമ്പര്‍മാരില്ലേ. ഈ അഞ്ച് ലക്ഷത്തില്‍ ഒരു ശതമാനത്തിനെങ്കിലും സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം കിട്ടുന്നുണ്ടോ. മഹാഭൂരിപക്ഷം ആളുകള്‍ എല്ലാ ത്യാഗവും സഹിച്ചുകൊണ്ട് നില്‍ക്കുന്നത് പാര്‍ലമെന്ററി സ്ഥാനത്തിന് വേണ്ടിയല്ല. പഞ്ചായത്ത് മെമ്പര്‍ പോലുമാകാന്‍ ആഗ്രഹിക്കാത്തവരാണ് കേരളത്തില്‍ ഈ പാര്‍ട്ടിയുടെ ശക്തി. അതുകൊണ്ട് അവസരം കിട്ടുമ്പോള്‍ പാര്‍ലമെന്റി രംഗത്ത് ചിലയാളുകളെ നിര്‍ത്തും. ചിലയാളുകള്‍ സംഘടനാ രംഗത്ത് നില്‍ക്കും. സംഘടനാരംഗവും പാര്‍ലമെന്ററി രംഗവും സംയോജിപ്പിക്കുക എന്നതാണ് ഒരു പാര്‍ട്ടിയുടെ പ്രധാന ഉത്തരവാദിത്തം. 

അതിന് പറ്റിയ ആളുകള്‍ പാര്‍ട്ടി നേതൃത്വത്തിലും വരണം. ഭരണരംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ളവരെല്ലാം തന്നെ പാര്‍ട്ടിയുടെ ഭാഗമായിട്ടും പ്രവര്‍ത്തിക്കേണ്ട സഖാക്കളാണ്. അവരാരും എവിടെയും പോകുന്നില്ല. നല്ല കഴിവുള്ള ആളുകള്‍ വേണ്ടേ പാര്‍ട്ടി പ്രവര്‍ത്തനരംഗത്ത്. വ്യത്യസ്ത രീതിയിലുള്ള ഉത്തരവാദിത്തങ്ങള്‍ പാര്‍ട്ടിക്ക് നിര്‍വഹിക്കാനുണ്ട്. അതിനെല്ലാം പറ്റിയ ആളുകള്‍ പാര്‍ട്ടിക്ക് വേണമെന്നുള്ളത് കൊണ്ടാണ് ഒരുകൂട്ടം സഖാക്കള്‍ മാറിനില്‍ക്കുക, വേറൊരു കൂട്ടം സഖാക്കള്‍ പ്രവര്‍ത്തനരംഗത്തേക്ക് വരിക എന്ന് തീരുമാനിക്കുന്നത്. അങ്ങനെ അനുഭവസമ്പത്തുള്ള ആളുകള്‍ മത്സരരംഗത്തുണ്ട്, നേതൃനിരയിലുണ്ട്. സംസ്ഥാന സെന്‍ട്രലില്‍ നിന്ന് തന്നെ എട്ട് സഖാക്കള്‍ മത്സരിക്കുന്നുണ്ട്. ഏറ്റവും നല്ല സ്ഥാനാര്‍ത്ഥി ലിസ്റ്റാണ് ഇപ്രാവശ്യം പ്രഖ്യാപിച്ചിട്ടുള്ളത്. 

നല്ല വിദ്യാസമ്പന്നരായ ആളുകളുണ്ട്. എല്ലാ സംഘടനകള്‍ക്കും പ്രാതിനിധ്യം കൊടുത്തു. ഇത്തവണ സിഐടിയു, കര്‍ഷകത്തൊഴിലാളി, കര്‍ഷകസംഘം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, മഹിള തുടങ്ങി എല്ലാ രംഗത്തുള്ള ആളുകള്‍ക്കും കൊടുത്തിട്ടുണ്ട്. 

ഡിവൈഎഫ്‌ഐ നേതാക്കന്മാരുണ്ടെങ്കിലും നിലവിലെ ഡിവൈഎഫ്‌ഐ പ്രസിഡന്റിനോ സെക്രട്ടറിക്കോ സീറ്റ് കിട്ടിയിട്ടില്ല...

അല്ല, അങ്ങനെ സാധിക്കില്ലല്ലോ. ഓരോ സ്ഥലത്തെയും സ്ഥിതി നോക്കിയിട്ടാണല്ലോ തീരുമാനിക്കുക. എസ്എഫ്‌ഐയുടെ സെക്രട്ടറിക്ക് ഇത്തവണ കിട്ടിയിട്ടുണ്ടല്ലോ. എസ്എഫ്‌ഐ സെക്രട്ടറിക്ക് ഇതിന് മുമ്പ് എപ്പോഴെങ്കിലും അവസരം കൊടുത്തിട്ടുണ്ടോ... 

 

 

നേമം കേരളത്തില്‍ ഒരു വലിയ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. നേമം ഞങ്ങളുടെ ഗുജറാത്താണെന്ന് കുമ്മനം നേരത്തേ പറഞ്ഞിട്ടുണ്ടായിരുന്നു. നേമത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഉമ്മന്‍ ചാണ്ടി വരുന്നു, അല്ലെങ്കില്‍ ചെന്നിത്തല വരുന്നു, മുല്ലപ്പള്ളി വരുന്നു... ഇങ്ങനെ കോണ്‍ഗ്രസിനകത്ത് വലിയ ബഹളം നടന്നുകൊണ്ടിരിക്കുന്നുണ്ട്. താങ്കള്‍ എങ്ങനെയാണ് അതിനെ കാണുന്നത്? രണ്ട് ദിവസം മുമ്പ് താങ്കള്‍ തന്നെ അവിടെ പ്രസംഗിച്ചിരുന്നു. ശിവന്‍കുട്ടി വരുന്നു എന്ന് പറഞ്ഞതുകൊണ്ടാണ് അവിടെ ആരും വരാത്തത് എന്നെല്ലാം പറഞ്ഞിരുന്നു... 

നേമത്ത് ഇത്തവണ ഇടതുപക്ഷം ജയിക്കും. കഴിഞ്ഞ തവണ അവിടെ ബിജെപി ജയിച്ചത് ഒ രാജഗോപാല്‍ ആയതുകൊണ്ട് ജയിച്ചതാണ്. രാജഗോപാല്‍ എപ്പോഴും ഓരോ സ്ഥലത്തുനിന്ന് മത്സരിച്ച് പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാള്‍, അദ്ദേഹം തന്നെ പറഞ്ഞു, ഇനി ഞാന്‍ മത്സരിക്കില്ല ഒരവസരം കൂടി എനിക്ക് തരണം. അങ്ങനെ കുറേ വോട്ട് അദ്ദേഹത്തിന് സമാഹരിക്കാന്‍ സാധിച്ചപ്പോള്‍ ശിവന്‍ കുട്ടി ചെറിയ വോട്ടിന് അന്ന് തോറ്റുപോയി. അന്ന് കോണ്‍ഗ്രസിന് 12,000 വോട്ടേ കിട്ടിയുള്ളൂ. ഇരുപതിനായിരത്തിലധികം വോട്ട് കിട്ടിക്കൊണ്ടിരുന്ന ഇടത്താണിത്. 

അവിടെ കോണ്‍ഗ്രസ് ഒരൊറ്റ കാര്യം ചെയ്താല്‍ മതി, കോണ്‍ഗ്രസ് വോട്ട് കോണ്‍ഗ്രസ് പിടിച്ചാല്‍ മതി. അതിന് പറ്റുന്നൊരു സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് അവിടെ നിര്‍ത്തുകയാണ് വേണ്ടത്. അവിടെ ഏത് നേതാവായാലും തരക്കേടില്ല. കോണ്‍ഗ്രസിന്റെ വോട്ട് ബിജെപിക്ക് പോകരുത്. അങ്ങനെയാണെങ്കില്‍ ബിജെപിയെ തോല്‍പിക്കാം. അതവിടെ സാധിക്കും. 

തദ്ദേശഭരണ ഇലക്ഷനില്‍ ഇടതുമുന്നണിക്കാണ് അവിടെ ഒന്നാം സ്ഥാനം. ബിജെപി രണ്ടാം സ്ഥാനത്തും യുഡിഎഫ് മൂന്നാം സ്ഥാനത്തുമാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കിട്ടിയ വോട്ട് അവര്‍ക്ക് ഇത്തവണ നിലനിര്‍ത്താന്‍ കഴിയുമോ, എങ്കിലവിടെ ബിജെപിയെ തോല്‍പിക്കാം. ബിജെപിയെ തോല്‍പിക്കാനാണല്ലോ ഇങ്ങനെയുള്ള ആളുകളെയെല്ലാം കൊണ്ടുവരണമെന്ന് പറയുന്നത്. അതിന് അവരുടെ വോട്ട് അവര്‍ക്ക് ഉറപ്പിച്ചുനിര്‍ത്താന്‍ സാധിക്കണം. ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത്, തോറ്റുപോയാല്‍ തോറ്റയാള്‍ ബിജെപിയാകുമെന്നാണ്. ജയിച്ച ആളുകള്‍ തന്നെ ബിജെപിയിലേക്ക് പൊയിക്കൊണ്ടിരിക്കുകയല്ലേ. 

ഉമ്മന്‍ചാണ്ടി, താങ്കളുടെ ഏറ്റവും അടുത്തൊരു സുഹൃത്തും കൂടിയാണ്. അദ്ദേഹം നേമത്തേക്ക് എത്താന്‍ സാധ്യതയുണ്ടോ? 

ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. കാരണം ഉമ്മന്‍ചാണ്ടിക്ക് നേമത്തെ കുറിച്ച് നന്നായിട്ടറിയാം. തിരുവനന്തപുരത്തെ കുറിച്ചും അറിയാം. കെ കരുണാകരന്‍ തോറ്റ സ്ഥലമാണ് തിരുവനന്തപുരം. നിങ്ങള്‍ക്കോര്‍മ്മയില്ലേ? സര്‍വപ്രതാപിയായി നില്‍ക്കുന്ന കാലത്ത് കെ കരുണാകരനെ, കെ വി സുരേന്ദ്രനാഥാണ് തോല്‍പിച്ചത്. കരുണാകരനെ കുറിച്ച് അതുവരെയുണ്ടായിരുന്ന ധാരണയെന്താണ്, കരുണാകരന്‍ എവിടെ മത്സരിച്ചാലും ജയിക്കും എന്നതായിരുന്നു. ആ കരുണാകരന്‍ തോറ്റ സ്ഥലമാണ് തിരുവനന്തപുരം. അതുകൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടി നേമത്ത് വരാന്‍ സാധ്യതയില്ലെന്ന് തന്നെയാണ് മനസിലാകുന്നത്. 

കോണ്‍ഗ്രസിനകത്ത് ഒരു പോര് നടക്കുന്നുണ്ട്. വന്ന വാര്‍ത്തകളെല്ലാം നോക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് തര്‍ക്കം നടക്കുന്നത് ചെന്നിത്തലയെ അനുകൂലിക്കുന്ന ആളുകളും ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കുന്ന ആളുകളും എന്നിങ്ങനെയാണ്. 

ഇതില്‍ ജയിച്ചുവരുന്നവരില്‍ ആര്‍ക്കാണ് കൂടുതല്‍ കിട്ടുക, ഈ രണ്ട് ഗ്രൂപ്പിലും തര്‍ക്കമാണ് നടക്കുന്നത്. അതില്‍ ഭൂരിപക്ഷം കിട്ടിയ ആള്‍ക്ക് പാര്‍ലമെന്ററി പാര്‍ട്ടിയുടെ ലീഡറാകണം. അങ്ങനെ ഭൂരിപക്ഷം ആര്‍ക്കാണോ കിട്ടുക, അവരായിരിക്കും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായിട്ട് വരിക. ഇതിന്റെ പോരാണ് നടക്കുന്നത്. അല്ലാതെ നേമം പിടിക്കാനുള്ളതൊന്നുമല്ല. അതിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിയെ നേമത്ത് ഒതുക്കിനിര്‍ത്താന്‍ കഴിയുമോയെന്ന് ചെന്നിത്തല നോക്കുന്നു. അതിന്റെ ഭാഗമായി നിങ്ങളവിടെത്തന്നെ നില്‍ക്കണം എന്ന് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ച് വിടുകയാണ്. ഇതൊക്കെ മനസിലാക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഏതായാലും തീരുമാനം വരട്ടെ.
 

Also Read:- സീറ്റ് വിഭജനം, പ്രതിഷേധം, കേരളാ കോണ്‍ഗ്രസിന്‍റെ സ്വാധീനം; തുറന്നുപറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി...

click me!