'ആ സീറ്റ്, അതൊരു കീഴ്‍വഴക്കം പോലെയാണ്, നൽകേണ്ടതായിരുന്നു'; കരഞ്ഞതിന് കാരണമുണ്ടെന്ന് ബിന്ദു കൃഷ്ണ

By Web Team  |  First Published Mar 16, 2021, 4:31 PM IST

ഡിസിസി അധ്യക്ഷ ബിന്ദുകൃഷ്ണയാണ് ഇത്തവണ കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി. കൊല്ലത്ത് ഇക്കുറി യുഡിഎഫ് വിജയിക്കുമെന്ന് ബിന്ദു കൃഷ്ണ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. സംഘടനാ പ്രവർത്തനങ്ങൾ ദുർബലമാണെന്ന വാദം തെറ്റാണന്നും ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു. ലതികാ സുഭാഷ് സീറ്റ് വിവാദത്തിൽ, കോൺ​ഗ്രസ് അധ്യക്ഷയ്ക്ക് സീറ്റ് നൽകുക എന്നത് കീഴ്വഴക്കമാണെന്നും അത് ചെയ്യേണ്ടതായിരുന്നു എന്നും ബിന്ദു കൃഷ്ണ നിലപാട് വ്യക്തമാക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ നിന്നും...


വനിതയെന്ന നിലയിൽ കൊല്ലത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ടോ? 

വനിത എന്നത് കൊണ്ട് മാത്രം കാര്യമായ ബുദ്ധിമുട്ടുകളൊന്നുമില്ല. ഉത്തരവാദിത്വ നിർവ്വഹണത്തിന് ഇരട്ടി അധ്വാനം വേണ്ടി വരും. കൂടുതൽ ജോലി ചെയ്യേണ്ടി വരും അത്രയേ ഉള്ളൂ. 

Latest Videos

undefined

വ്യത്യസ്തമായ സമരങ്ങളാണ്  ബിന്ദു കൃഷ്ണ ഈ സമയത്ത് നടത്തിയത്. വ്യത്യസ്തത അഭിനന്ദിക്കപ്പെട്ടുവെങ്കിലും ഒരുപാട് ട്രോളുമുണ്ടായിരുന്നു?

ഏത് കാര്യത്തെയും നമ്മുടെ സമൂഹം വ്യത്യസ്ത രീതിയിലല്ലേ സമീപിക്കുന്നത്? ഞാനതിലൂടെ ഉദ്ദേശിച്ചത് സർക്കാരുകൾ കാണിക്കുന്ന ജനവിരുദ്ധ നയങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്നുള്ളതാണ്. അതിന്റെ എല്ലാ അസ്പെക്റ്റിലും. 

അതുകൊണ്ടാണോ കൊല്ലം തന്നെ വേണം എന്ന് തീരുമാനിച്ചത്? 

അതുകൊണ്ടല്ല. ഡിസിസി പ്രസിഡന്റ് ആയി കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ കൊല്ലം കേന്ദ്രീകരിച്ചുള്ള വർക്ക് കൂടി ശ്രദ്ധിക്കണം എന്ന് തോന്നി. മുമ്പ് തെര‍ഞ്ഞെടുപ്പിന് നിന്നപ്പോൾ മുന്നോരുക്കങ്ങളൊന്നുമില്ലാതെ, ഇന്ന് പാർട്ടി പറയുന്നു, ഇന്നയിടത്ത് പോയി മത്സരിക്ക് എന്ന്. അങ്ങനെ മത്സരിക്കുമ്പോൾ അത് വിജയത്തെ ബാധിക്കും. അല്ലെങ്കിൽ പാർട്ടിക്ക് മുന്നണിക്ക് വലിയ അടിത്തറയുള്ള സ്ഥലമാണ് എങ്കിൽ അപ്പോൾത്തന്നെ പോയി മത്സരിച്ചാൽ മതി. നിർദ്ദേശങ്ങൾ കിട്ടിയതനുസരിച്ച് കുറച്ച് മുന്നൊരുക്കങ്ങൾ കാര്യക്ഷമമായി നടത്തിയത് കൊണ്ടാണ് അങ്ങനെ ആ​ഗ്രഹിച്ചത്. അല്ലാതെ മറ്റൊന്നും കൊണ്ടല്ല. 

പക്ഷേ അത് കിട്ടാൻ ഒന്ന് കരയേണ്ടി വന്നു?

സീറ്റ് കിട്ടാൻ വേണ്ടി കരഞ്ഞതല്ല. സീറ്റിന്റെ കാര്യത്തിൽ ആദ്യമൊന്നും പ്രശ്നമില്ലായിരുന്നു. മുന്നൊരുക്കങ്ങൾ എല്ലാം കഴിഞ്ഞതിന് ശേഷം ഇങ്ങനെയൊരു ചർച്ച വന്നു. രാഷ്ട്രീയമാണ്, നമുക്ക് പറയാൻ കഴിയില്ല. പാർട്ടി തീരുമാനം അനുസരിച്ച് നിൽക്കുകയായിരുന്നു. പാർട്ടിയിൽ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ഇത്രയും വർഷം ഇത്രയും കാര്യക്ഷമമായി പ്രവർത്തിച്ച ആളുകളുടെ വികാരപ്രകടനം നിരന്തരമായി വന്നപ്പോൾ മനസ്സറിയാതെ കണ്ണു നിറഞ്ഞുപോയതാണ്. 

സ്ത്രീകളോടുള്ള ഒരു സമീപനത്തിന്റെ പ്രശ്നമാണോ അത്? ശക്തമായ ഒരു നേതൃത്വം ഡിസിസിക്ക് നൽകാൻ കഴിഞ്ഞുവെന്നാണ് പല ആളുകളും ബിന്ദു കൃഷ്ണയെക്കുറിച്ച് പറയുന്നത്. സ്ത്രീ രാഷ്ട്രീയത്തിൽ ഉയർന്നു വരുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഡിസിസിയെ നയിക്കാൻ കഴിയുന്നത് അതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെയുള്ള ഒരാളെപ്പോലും ഒരു സീറ്റിന് പരി​ഗണിക്കുമ്പോൾ വിജയസാധ്യത കുറവുള്ള ഒരു മണ്ഡലത്തിലേക്ക് പറഞ്ഞുവിടുക എന്നത് സ്ത്രീകളോടുള്ള സമീപനത്തിന്റെ പ്രശ്നമാണോ?

അങ്ങനെ പ്രത്യേകമായി സ്ത്രീകളോടുള്ള സമീപനത്തിന്റെ പ്രശ്നമാണെന്ന് എനിക്ക് തോന്നുന്നില്ല. രാഷ്ട്രീയത്തിൽ ഓരോ വിഷയങ്ങൾ നേതൃത്വം അഡ്രസ്സ് ചെയ്യുന്നത് അപ്പോഴപ്പോഴുണ്ടാകുന്ന സാഹചര്യത്തിന്റെ പേരിലാണ്. ഈ ഒരു സാഹചര്യം മുൻകൂട്ടി കണ്ടില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ അങ്ങനെയൊരു നിർ​ദ്ദേശം വന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 

ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം കിട്ടാൻ കരയേണ്ടി വന്നു. ലതിക സുഭാഷിന് കെപിസിസി ആസ്ഥാനത്തിന് മുന്നിൽ മുടി മുറിക്കേണ്ടി വന്നു. തല മുണ്ഡനം ചെയ്യുന്ന ആ ചിത്രം മറക്കാൻ കഴിയുന്നതല്ല. അതെന്തുകൊണ്ടാണ്?

അത്രയും കാര്യങ്ങളെക്കുറിച്ച കൂടുതൽ ചിന്തിക്കേണ്ടതാണ്. പൊതുസമൂഹത്തിന്റെ കൂടി പിന്തുണയുണ്ടെങ്കിലേ ഇത്തരം കാര്യങ്ങൾ ഞങ്ങൾക്ക്, വനിതകൾക്ക് അതിജീവിക്കാൻ കഴിയൂ. പൊതുരം​ഗത്ത് നിൽക്കുന്ന സ്ത്രീകൾക്ക്, ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ സാധാരണ ഔദ്യോ​ഗികതലത്തിൽ നിൽക്കുന്ന സ്ത്രീകൾക്ക് കുടുംബവും ഔദ്യോ​ഗിക ഉത്തരവാദിത്വവും നിർവ്വഹിക്കുന്നത് പോലെ, കുറച്ചു കൂടി ​ഗൗരവമേറിയ ഉത്തരവാദിത്വമാണ് ‍ഞങ്ങൾക്ക് നിർവ്വഹിക്കേണ്ടി വരുന്നത്. പൊതു സമൂഹത്തിന്റെ പിന്തുണയുണ്ടെങ്കിൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ത്രീകൾക്ക് വിജയിക്കാനുള്ള സാധ്യതയുണ്ടെങ്കിൽ അല്ലെങ്കിൽ വിജയിപ്പിക്കും എന്ന് പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങളെ കുറച്ചു കൂടി ​ഗൗരവത്തോടെ അതിജീവിക്കാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. 

സംസ്ഥാനതലത്തിലും ദേശീയ തലത്തിലും ബിന്ദു കൃഷ്ണ മഹിളാ കോൺ​ഗ്രസിന് നേതൃത്വം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത്  മഹിളാ കോൺ​ഗ്രസ് അധ്യക്ഷയ്ക്ക് ഒരു സീറ്റ് കിട്ടേണ്ടതായിരുന്നോ?

തീർച്ചയായും. പണ്ടുമുതലേ അതൊരു കീഴ്വഴക്കം പോലെയാണ്. നേതാക്കൾ സൂചിപ്പിച്ചതു പോലെ സീറ്റിന്റെ സെലക്ഷനിൽ വന്ന ബുദ്ധിമുട്ടാണെന്നാണ് ഞാനും മനസ്സിലാക്കുന്നത്. 

ഒരു സ്ത്രീയുടെ കാര്യത്തിൽ മാത്രം എന്താണ് ഇങ്ങനെ സംഭവിച്ചത്? മറ്റുള്ളവരെയൊക്കെ അക്കോമഡേറ്റ് ചെയ്യാൻ പറ്റിയല്ലോ? 

ചെയ്യേണ്ടതായിരുന്നു

കൊല്ലത്ത് നിലവിലുള്ള എംഎൽഎയോടാണ് ഏറ്റമുട്ടുന്നത്. അദ്ദേഹം ജനപ്രിയനാണ്. കഴിഞ്ഞ തവണ വിജയിച്ച ആളാണ്. വീണ്ടും എൽഡിഎഫ് അദ്ദേഹത്തെ തന്നെ ആ ദൗത്യം ഏൽപിച്ചിരിക്കുന്നു. അതുകൊണ്ട് വിജയപ്രതീക്ഷ എങ്ങനെ?

വലിയ വിജയപ്രതീക്ഷയാണുള്ളത്. വിജയപ്രതീക്ഷ എന്ന് പറയുന്നത് ജനങ്ങളിലുള്ള വിശ്വാസമാണ്. 

വികസനത്തിന്റെ കാര്യത്തിൽ മുകേഷ് ധാരാളം കണക്കുകൾ നിരത്തുന്നുണ്ട്? 

വികസനത്തിന് അദ്ദേഹം ഏറ്റവും  കൂടുതല്‍ എടുത്തുപറയുന്ന വികസനങ്ങൾ എന്തൊക്കെയാണെന്ന് നിയോജകമണ്ഡത്തിലൂടെ ഒന്നു പോയാൽ മതി. 

കൊല്ലത്ത് കോൺ​ഗ്രസ് സംഘടന സംവിധാനം അതീവ ദുർബലമാണെന്നാണ് പൊതുവെ എല്ലാവരും പറയുന്നത്. ബിന്ദുകൃഷ്ണ സ്ഥാനമേറ്റെടുത്തതിന് ശേഷം എന്തെങ്കിലും വ്യത്യാസമുണ്ടായിട്ടുണ്ടോ? ഈ തെരഞ്ഞെടുപ്പിനെ നേരിടാൻ സംഘടന സജ്ജമാണോ? തദ്ദേശ തെരഞ്ഞെടുപ്പിൽ അങ്ങനെയല്ലെന്നാണ് സൂചന ലഭിച്ചത്? 

കോൺ​ഗ്രസ് എന്ന സംഘടന അങ്ങനെ ദുർബലമല്ല കൊല്ലത്ത്. അങ്ങനെയെങ്കിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയമുണ്ടാകില്ലായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാൻ കൊല്ലത്ത് കോൺ​ഗ്രസ് സർവ്വസജ്ജമാണ്. വിശേഷിച്ചും പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് ശേഷം കുറച്ചു കൂടി കഠിനാധ്വാനം ഞങ്ങൾ ചെയ്തിട്ടുണ്ട്. അതിന്റെ റിസൾട്ട്, പിന്നെ നേരത്തെ പറഞ്ഞതു പോലെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളും അതിൽ പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളുടെ അമർഷവും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക തന്നെ ചെയ്യും. 

11 നിയമസഭാ മണ്ഡലങ്ങളിൽ എത്രയിടത്ത് യുഡിഎഫ് ജയിക്കും? 

പതിനൊന്നിടത്ത് ജയിക്കുമെന്നാണ് കോൺ​ഗ്രസ് പ്രവർത്തകയെന്ന നിലയിൽ എന്റെ ആത്മവിശ്വാസം. 

തെര‍ഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിനും അതിന്റെ പേരിലുണ്ടായ വിവാദങ്ങൾക്കും ഒക്കെ ഫലം വരുമ്പോൾ മറുപടി ഉണ്ടാകുമെന്നാണോ? 
എന്നാണ് തീർച്ചയായും പ്രതീക്ഷിക്കുന്നു. ജനങ്ങൾ തരുമെന്നാണ് പ്രതീക്ഷ. 


click me!