ഇന്ത്യന്‍ രൂപ സൂപ്പര്‍ ഫോമില്‍: ഡോളറിനെതിരെ വന്‍ മുന്നേറ്റം: ഏഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

By Web Team  |  First Published Mar 19, 2019, 3:04 PM IST

വെള്ളിയാഴ്ച രൂപയുടെ മൂല്യം 69.10 എന്ന ഉയര്‍ന്ന നിലയിലേക്ക് എത്തിയിരുന്നു. ഇന്ത്യന്‍ രൂപ കഴിഞ്ഞ ആറ് ദിവസമായി മുന്നേറ്റ സ്വഭാവമാണ് പ്രകടമാക്കുന്നത്. നിലവില്‍ ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും മികച്ച പ്രകടനമാണ് രൂപ കാഴ്ചവയ്ക്കുന്നത്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ രൂപയുടെ മൂല്യം മാര്‍ച്ചില്‍ ഡോളറിനെതിരെ 65-66 എന്ന നിലവാരത്തിലേക്ക് വരെ ഉയര്‍ന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. 
 


ഏഴ് മാസത്തെ തളര്‍ച്ചയ്ക്ക് ശേഷം വന്‍ മുന്നേറ്റം നടത്തി ഇന്ത്യന്‍ നാണയം വീണ്ടും വിനിമയ വിപണിയില്‍ ഡോളറിനെതിരെ കരുത്ത് കാട്ടി. മാര്‍ച്ച് 18 ന് വിനിമയ വിപണിയില്‍ 57 പൈസയുടെ നേട്ടമാണ് രൂപ നേടിയെടുത്തത്. 18 ന് വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 68.53 എന്ന ഉയര്‍ന്ന നിലയിലായിരുന്നു. 

മാര്‍ച്ച് 19 ന് വ്യാപാരത്തിന്‍റെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് പൈസ ഉയര്‍ന്ന് 68.51 എന്ന മികച്ച നിലയിലെത്തി. വിദേശ നിക്ഷേപത്തില്‍ മാര്‍ച്ച് മാസത്തിലുണ്ടായ വര്‍ധനയും വ്യാപാര കമ്മിയില്‍ ഇടിവ് രേഖപ്പെടുത്തിയതുമാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരാനുണ്ടായ പ്രധാന കാരണങ്ങള്‍. 2018 ആഗസ്റ്റ് ഒന്നിനാണ് ഇതിന് മുന്‍പ് ഇത്രയും ഉയര്‍ന്ന മൂല്യത്തിലേക്ക് രൂപ എത്തിയിട്ടുളളത്. അന്ന് ഡോളറിനെതിരെ 68.43 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ രൂപയുടെ മൂല്യം. 

Latest Videos

undefined

വെള്ളിയാഴ്ച രൂപയുടെ മൂല്യം 69.10 എന്ന ഉയര്‍ന്ന നിലയിലേക്ക് എത്തിയിരുന്നു. ഇന്ത്യന്‍ രൂപ കഴിഞ്ഞ ആറ് ദിവസമായി മുന്നേറ്റ സ്വഭാവമാണ് പ്രകടമാക്കുന്നത്. നിലവില്‍ ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും മികച്ച പ്രകടനമാണ് രൂപ കാഴ്ചവയ്ക്കുന്നത്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ രൂപയുടെ മൂല്യം മാര്‍ച്ചില്‍ ഡോളറിനെതിരെ 65-66 എന്ന നിലവാരത്തിലേക്ക് വരെ ഉയര്‍ന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. 

ഇന്ത്യന്‍ രൂപയുടെ മൂല്യമുയര്‍ന്നതോടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് ഉണര്‍വുണ്ടാകും. രാജ്യത്തെ ഇന്ധന വിലയില്‍ കുറവുണ്ടാകാനും മൂല്യം ഉയരുന്നത് സഹായകരമാണ്. വ്യാപാര കമ്മി നിയന്ത്രിക്കാനായതാണ് രൂപയ്ക്ക് കരുത്ത് കൂടാനുണ്ടായ പ്രധാന കാരണം. സ്വര്‍ണ, ക്രൂഡ് ഇറക്കുമതിയിലുണ്ടായ കുറവാണ് വ്യാപാര കമ്മി കുറയാനിടയാക്കിയത്. ഫെബ്രുവരി മാസത്തില്‍ സ്വര്‍ണ ഇറക്കുമതിയില്‍ 10.81 ശതമാനത്തിന്‍റെ കുറവാണുണ്ടായത്. ഫെബ്രുവരിയില്‍ സ്വര്‍ണ ഇറക്കുമതി 258 കോടി ഡോളറായാണ് കുറഞ്ഞത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 290 കോടി ഡോളറായിരുന്നു. ഫെബ്രുവരിയില്‍ രാജ്യത്തിന്‍റെ മൊത്തം വ്യാപാരക്കമ്മി 960 കോടി ഡോളറായാണ് കുറഞ്ഞത്.

മൂലധന വിപണിയോട് ഇഷ്ടം കൂടി വിദേശ നിക്ഷേപകര്‍

ഇന്ത്യന്‍ ഓഹരി വിപണിയിലേക്കുളള വിദേശ നിക്ഷേപ ഒഴുക്കിലുണ്ടായ വര്‍ധനയാണ് രൂപയ്ക്ക് ഡോളറിനെതിരെ വന്‍ കുതിപ്പ് നടത്താന്‍ സഹായ മറ്റൊരു പ്രധാന ഘടകം. 

മാര്‍ച്ച് മാസത്തിന്‍റെ ആദ്യ പകുതിയില്‍ രാജ്യത്തെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങളില്‍ വന്‍ വളര്‍ച്ചയാണുണ്ടായത്. ആദ്യപകുതിയില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 20,400 കോടി രൂപയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇറക്കിയത്. നിരക്ക് വര്‍ധന വൈകിപ്പിക്കാനുളള യുഎസ് ഫെഡറല്‍ റിസര്‍വിന്‍റെ തീരുമാനവും യുഎസ്- ചൈന വ്യാപാര ചര്‍ച്ചകള്‍ സംബന്ധിച്ച് ഉയരുന്ന ശുഭപ്രതീക്ഷകളുമാണ് പോര്‍ട്ട്ഫോളിയോ നിക്ഷേപര്‍ക്ക് ആവേശമായത്. 

ഫെബ്രുവരി മാസത്തില്‍ രാജ്യത്തെ മൂലധന വിപണികളില്‍ 11,182 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്‍പിഐകള്‍ നടത്തിയത്. എന്നാല്‍,  മാര്‍ച്ച് ഒന്ന് മുതല്‍ 15 വരെയുളള വ്യാപാര ദിനങ്ങളില്‍ ഇക്വിറ്റികളില്‍ 17,919 കോടി രൂപയും ഡെറ്റ് വിപണികളില്‍ 2,499 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്‍പിഐകള്‍ നടത്തിയത്. 

യുഎസ് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ആശങ്കകള്‍ ഒഴിഞ്ഞത് ബാങ്കിങ്, ധനകാര്യ ഓഹരികളിലേക്ക് കൂടുതല്‍ നിക്ഷേപമെത്താന്‍ സഹായിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 15 വരെയുളള കാലയളവില്‍ 31,500 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്‍പിഐകള്‍ നടത്തിയിട്ടുളളത്. വിദേശ നിക്ഷേപത്തിലുണ്ടായ വര്‍ധന മാര്‍ച്ച് മാസത്തിന്‍റെ രണ്ടാം പകുതിയിലും തുടരുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രതീക്ഷ. രണ്ടാം പകുതിയിലും നിക്ഷേപ രംഗത്ത് വര്‍ധനയുണ്ടായാല്‍ ഇന്ത്യന്‍ രൂപയ്ക്ക് ഡോളറിനെതിരെ ഇനിയും കൂടുതല്‍ കരുത്താര്‍ജിക്കാനായേക്കും. 
 

click me!