അധികാരത്തിലെത്തിയാല്‍ ഏഞ്ചല്‍ ടാക്‌സ് എടുത്തുകളയുമെന്ന് രാഹുല്‍ ഗാന്ധി; തിരുത്തുന്നത് സ്വന്തം സര്‍ക്കാര്‍ കൊണ്ടുവന്ന ആശയം

By Web Team  |  First Published Mar 19, 2019, 12:48 PM IST

സ്റ്റാര്‍ട്ടപ്പുകളോട് ഗവണ്‍മെന്റ് കാണിക്കുന്ന വഞ്ചനയാണ് ഏഞ്ചല്‍ ടാക്‌സ്. ഏഞ്ചല്‍ ടാക്‌സ് ഉള്‍പ്പെടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നില്‍ തടസ്സമായി നില്‍ക്കുന്ന എല്ലാ നിയമങ്ങളും ലഘൂകരിക്കും. രാജ്യമൊട്ടാകെ ഒരൊറ്റ നികുതി എന്നതാണ് കോണ്‍ഗ്രസിന്റെ ജി.എസ്.ടി നയമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


ബംഗളൂരു: അധികാരത്തിലെത്തിയാല്‍ ഏഞ്ചല്‍ നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി പൂര്‍ണമായും നീക്കുമെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നെത്തിയ സംരഭകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. ബംഗളൂരുവിലെ മാന്യതാ ടെക്ക് പാര്‍ക്കില്‍ 600 ഓളം യുവസംരംഭകരുമായി ഒന്നരമണിക്കൂറോളം നീണ്ട തുറന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
 
സ്റ്റാര്‍ട്ടപ്പുകളോട് ഗവണ്‍മെന്റ് കാണിക്കുന്ന വഞ്ചനയാണ് ഏഞ്ചല്‍ ടാക്‌സ്. ഏഞ്ചല്‍ ടാക്‌സ് ഉള്‍പ്പെടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നില്‍ തടസ്സമായി നില്‍ക്കുന്ന എല്ലാ നിയമങ്ങളും ലഘൂകരിക്കും. രാജ്യമൊട്ടാകെ ഒരൊറ്റ നികുതി എന്നതാണ് കോണ്‍ഗ്രസിന്റെ ജി.എസ്.ടി നയമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇ കൊമേഴ്‌സ് നയങ്ങള്‍ ലളിതമാക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉറപ്പുനല്‍കി.
 
എന്താണ് ഏഞ്ചല്‍ ടാക്‌സ്?
 
പുതുതായി ആരംഭിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പിനെ സഹായിക്കാനായി, അതില്‍ പണം നിക്ഷേപിക്കാനെത്തുന്ന ആളെയാണ് ഏഞ്ചല്‍ ഇന്‍വെസ്റ്റര്‍ എന്നു വിളിക്കുന്നത്. തങ്ങളുടെ സ്റ്റാര്‍ട്ടപ്പ് സ്വപ്‌നങ്ങള്‍ നടപ്പിലാക്കാന്‍ മുടക്കുമുതല്‍ കണ്ടെത്താനാകാതെ വിഷമിക്കുന്നവര്‍ക്ക് ഇങ്ങനെയൊരു നിക്ഷേപകന്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു മാലാഖ തന്നെയായിരിക്കും. ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒക്കെ ഇങ്ങനെ പല സ്റ്റാര്‍ട്ടപ്പുകളുടെയും മാലാഖയാണ്. 
 
ഏഞ്ചല്‍ നിക്ഷേപം പുതിയ തട്ടിപ്പുകള്‍ക്ക് വഴിതുറന്നതോടെയാണ് ഗവണ്‍മെന്റ് ഇതിനുമേല്‍ നികുതി ചുമത്തിയത്. ഈ നികുതിയാണ് ഏഞ്ചല്‍ ടാക്‌സ എന്നറിയപ്പെടുന്നത്. നിലവില്‍ നിക്ഷേപത്തുകയുടെ 30 ശതമാനത്തോളമാണ് ഏഞ്ചല്‍ ടാക്‌സ് ആയി നിക്ഷേപകര്‍ നല്‍കേണ്ടത്. ഏഞ്ചല്‍ നിക്ഷേപങ്ങളെയും വരുമാനമായി കണക്കാക്കി, നികുതി ഏര്‍പ്പെടുത്തിയ നടപടി ചെറുസ്റ്റാര്‍ട്ടപ്പുകളെ ആശങ്കയിലാഴ്ത്തി.
 
ഏഞ്ചല്‍ നിക്ഷേപമായി പല കമ്പനികളും വന്‍തോതില്‍ മൂലധനം സമാഹരിക്കാന്‍ ആരംഭിച്ചതോടെ പല സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവണ്‍മെന്റ് നോട്ടീസ് അയച്ചു. പോയവര്‍ഷം കള്ളപ്പണത്തിനെതിരെ എന്‍.ഡി.എ സര്‍ക്കാര്‍ നടത്തിയ ശക്തമായ ഇടപെടലുകളുടെ ഭാഗമായിരുന്നു ഇത്. എന്നാല്‍ കടുത്ത നടപടികളിലേക്ക് ഇതുവരെ കടന്നിട്ടില്ല.  പ്രശ്‌നം പഠിക്കാന്‍ കേന്ദ്രം ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്.
 
യു.പി.എ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയാണ് 2012 ല്‍ അവതരിപ്പിച്ച ബജറ്റില്‍ ഏഞ്ചല്‍ ടാക്‌സ് എന്ന ആശയം അവതരിപ്പിച്ചത്. സ്വന്തം സര്‍ക്കാര്‍ അവതരിപ്പിച്ച ആശയത്തെയാണ് രാഹുല്‍ തിരുത്താന്‍ ശ്രമിക്കുന്നതെന്ന് ചുരുക്കം.
 
ഏഞ്ചല്‍ ടാക്‌സിന്റെ പേരില്‍ നോട്ടീസ് ലഭിച്ച പല സ്റ്റാര്‍ട്ടപ്പുകളും ഇപ്പോഴും നിയമക്കുരുക്കില്‍ തുടരുകയാണ്. നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ഇവരെ മോചിപ്പിക്കുമെന്നാണ് രാഹുലിന്റെ വാഗ്ദാനം. നൈപുണ്യ വികസനത്തിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പേരുകേട്ട നഗരമാണ് ബംഗളൂരു. രാജ്യത്തെ തൊഴിലില്ലായ്മയെയും സങ്കീര്‍ണമായ നികുതി ഘടനകളെയുമാണ് രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ പ്രധാനമായും എടുത്ത് പറഞ്ഞത്.  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മേലുള്ള അനാവശ്യമായ എല്ലാ നിയന്ത്രണങ്ങളും നീക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറയുന്നു.
 
രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനായി സൂക്ഷ്മ-ചെറുകിട വ്യവസായങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. നിലവിലെ ജി.എസ്.ടി ഘടന അസംഘടിത തൊഴില്‍ മേഖലയെ തകര്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 

click me!