സിസിടിവിയിൽ 37 കാരൻ, പണം നൽകിയത് മറ്റൊരാൾ! ; പാർക്കിലെ ചുവരിലെ മുദ്രാവാക്യം കണ്ട് ഞെട്ടി പൊലീസ്, അറസ്റ്റ്

By Web TeamFirst Published Feb 2, 2024, 11:46 AM IST
Highlights

മുദ്രാവാക്യങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ ദില്ലി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിചിത്ര വീർ കേസെടുത്ത് അന്വേഷണം നടത്താൻ നിർദ്ദേശിച്ചു. തുടർന്ന് ആയിരത്തോളം സിസിടിവി ക്യാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെയും ഇന്റലിജൻസ് വിഭാഗത്തിന്‍റേയും സഹായത്തോടെയാണ് പൊലീസ് ജസ്വീന്ദറിനെ തിരിച്ചറിഞ്ഞത്. 

ദില്ലി: പടിഞ്ഞാറൻ ദില്ലിയിലെ ചുമരുകളിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതി 37കാരൻ അറസ്റ്റിൽ. ദില്ലി തിലക് നഗർ സ്വദേശിയായ ലക്കി എന്നറിയപ്പെടുന്ന ജസ്‌വീന്ദറാണ്  ദില്ലി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.  തിലക് നഗറിലെ സ്‌കൂളിന് സമീപമുള്ള വിഷ്ണു ഗാർഡനിലെത്തിയ ജസ്‌വീന്ദർ  പാർക്കിന്റെ ചുവരിൽ ദില്ലിയെ ഖലിസ്ഥാനാക്കും എന്ന് തുടങ്ങി പ്രകോപന പരമായ മുദ്രാവാക്യങ്ങൾ എഴുതിയ ശേഷം സ്ഥലം വിടുകയായിരുന്നു.

ജനുവരി 25ന് രാത്രിയാണ്  സംഭവം നടക്കുന്നത്. രാത്രി ഏറെ വൈകി തിലക് നഗറിലെ സ്‌കൂളിന് സമീപമുള്ള വിഷ്ണു ഗാർഡനിലെത്തിയ  ജസ്‌വീന്ദർ, പാർക്കിന്റെ ചുവരിൽ  "ദില്ലി ബനേഗാ ഖലിസ്ഥാൻ" ( ദില്ലിയെ ഖലിസ്ഥാനാക്കും) തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ എഴുതുകയായിരുന്നു.  മുദ്രാവാക്യങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ ദില്ലി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിചിത്ര വീർ കേസെടുത്ത് അന്വേഷണം നടത്താൻ നിർദ്ദേശിച്ചു. തുടർന്ന് ആയിരത്തോളം സിസിടിവി ക്യാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെയും ഇന്റലിജൻസ് വിഭാഗത്തിന്‍റേയും സഹായത്തോടെയാണ് പൊലീസ് ജസ്വീന്ദറിനെ തിരിച്ചറിഞ്ഞത്. 

Latest Videos

വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങൾ ചുവരുകളിൽ എഴുതാൻ സുഹൃത്ത് ഗഗൻദീപ് പണം നൽകിയിരുന്നെന്ന് ജസ്‌വീന്ദർ പറഞ്ഞതായി പൊലീസ് അറിയിച്ചു. നിലവിൽ യുഎസിൽ താമസിക്കുന്ന ഗഗൻദീപ്  കൃത്യം ചെയ്യാനായി പ്രതിക്ക് 15,000 രൂപയാണ് വാഗ്ദാനം ചെയ്തത്.  സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്ന ജസ്‌വീന്ദിർ  വീട്ടുവാടകയടക്കം നൽകാനാവാതെ ബുദ്ധിമുട്ടിലായിരുന്നു. ഇതോടെ പണം സ്വീകരിച്ച്  ഗഗൻദീപിന്റെ നിർദേശപ്രകാരം പാർക്കിലെ ചുമരിൽ മുദ്രാവാക്യങ്ങൾ എഴുതുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതി ഇതിന്റെ വീഡിയോ പകർത്തി ഗഗൻദീപിന് അയച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്‌ജെ) തലവനായ ഖാലിസ്ഥാൻ അനുകൂല വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നുവുമായി പ്രതിക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ചോദ്യം ചെയ്യലിൽ ഈ ആരോപണം  ജസ്‌വീന്ദർ പൂ‌ർണ്ണമായി നിഷേധിച്ചിട്ടുണ്ട്.  സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യയിലുള്ള മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

Read More : 'ദിവസം 18 ലിറ്റർ പാൽ നൽകുന്ന എരുമ', ഓൺലൈനിലൂടെ കർഷകൻ ബുക്ക് ചെയ്തത് 10,000 രൂപയ്ക്, പിന്നീട് നടന്നത്!

click me!