ഈർച്ചപ്പൊടിയെന്ന പേരിൽ 59 ചാക്കുകളിലായി ലഹരിമരുന്ന്, മലപ്പുറത്ത് 2 പേർ പിടിയിൽ

By Web Team  |  First Published Sep 7, 2024, 12:54 PM IST

രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പൊലീസ് തടഞ്ഞുവെക്കുകയായിരുന്നു. 59 ചാക്കുകളിലായി 88,500 ഹാൻസ് പാക്കറ്റുകളും മറ്റ് നിരോധിത ലഹരി ഉൽപന്നങ്ങളും കണ്ടെടുത്തു.


മലപ്പുറം: മഞ്ചേരിയിൽ ഈർച്ചപ്പൊടി കച്ചവടത്തിന്റെ മറവിൽ ലഹരിവിൽപ്പന. നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരവുമായി രണ്ടുപേർ പിടിയിൽ. മണ്ണാർക്കാട് സ്വദേശികളായ പെരുംപുടാരി നായാടിക്കുന്ന് ചെറിയാറക്കൽ ഫിറോസ് (53), കാഞ്ഞിരം കുറ്റിക്കോടൻ റിയാസ് (39) എന്നിവരെയാണ് മഞ്ചേരി എസ്.ഐ കെ.ആർ. ജസ്റ്റിൻ അറസ്റ്റ് ചെയ്തത്.  ഇവർ സഞ്ചരിച്ചിരുന്ന ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 2,60,000 നിരോധിത പുകയില ഉൽപന്ന പാക്കറ്റുകൾ പിടികൂടിയത്. ഇൻസ്‌പെക്ടർ സുനിൽ പുളിക്കലിന്റെ നിർദേശപ്രകാരം വ്യാഴാഴ്ച രാത്രിയാണ് മഞ്ചേരി പുല്ലൂർ അത്താണിക്കൽ വെള്ളപ്പാറക്കുന്നിലെ ഗോഡൗണിൽ പരിശോധന നടത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പൊലീസ് തടഞ്ഞുവെക്കുകയായിരുന്നു. 59 ചാക്കുകളിലായി 88,500 ഹാൻസ് പാക്കറ്റുകളും മറ്റ് നിരോധിത ലഹരി ഉൽപന്നങ്ങളും കണ്ടെടുത്തു.

Latest Videos

undefined

ഗോഡൗണിന്റെ മുറ്റത്ത് നിർത്തിയിട്ട ലോറിയിൽ 180 ചാക്കുകളിലായാണ് പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. പിടികൂടിയവക്ക് പത്തു ലക്ഷത്തിലേറെ രൂപ വില വരും. മൈസൂരുവിൽ നിന്നാണ് ഇവ കൊണ്ടുവരുന്നതെന്ന് പ്രതികൾ മൊഴി നൽകി. ഈർച്ചപ്പൊടി ഗോഡൗൺ ആരംഭിക്കാനാണ് ഇവർ മുറി വാടകക്ക് എടുത്തിരുന്നത്. മണ്ണാർക്കാട് സ്വദേശികളായ പ്രതികൾ താമസവും മഞ്ചേരിയിലായിരുന്നു.

മൈസുരുവിൽനിന്ന് വലിയ ലോറിയിൽ ഗോഡൗണിലേക്ക് നിരോധിത പുകയില ഉൽപന്നങ്ങളെത്തിച്ച് ചെറുവാഹനങ്ങളിൽ മലപ്പുറത്തെയും സമീപ ജില്ലകളിലെയും വ്യാപാര സ്ഥാപനങ്ങളിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുകയായിരുന്നു രീതി. ആദ്യമായാണ് പ്രതികൾ പിടിയിലാകുന്നത്. ചാക്കുകളിൽ ഈർച്ചപ്പൊടി നിറച്ച് ലോറിക്കു മുകളിൽ വെച്ചായിരുന്നു ഇടപാട്. ഇതിന് താഴെ പ്ലാസ്സിക് ചാക്കുകളിലാണ് ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നത്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!