5 ചന്ദന മരങ്ങളാണ് മുറിച്ചതെങ്കിലും കാതല്‍ ഇല്ലാത്തതിനാല്‍ നാല് മരങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്
കൽപറ്റ: വയനാട് ചെമ്പ്ര കനേഡിയൻകുണ്ടിലെ വന മേഖലയില്‍ നിന്ന് മോഷാടാക്കള്‍ ചന്ദന മരങ്ങള്‍ മുറിച്ചു. 5 ചന്ദന മരങ്ങളാണ് മുറിച്ചതെങ്കിലും കാതല്‍ ഇല്ലാത്തതിനാല്‍ നാല് മരങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. കാതലുള്ള ഒരു മരം മോഷ്ടാക്കള്‍ കടത്തികൊണ്ടുപോയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.
അതേസമയം വയനാട് തലപ്പുഴയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മരം മുറിയിൽ വിശദമായ അന്വേഷണം നടത്താൻ ഡിഎഫ്ഒ നിർദ്ദേശിച്ചു. മുറിച്ച മരങ്ങൾ എത്രത്തോളം ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട് എന്ന് കണ്ടെത്താൻ പരിശോധന നടത്താനാണ് നിർദ്ദേശം. സർക്കാരിന് എത്ര രൂപയുടെ നഷ്ടം വന്നുവെന്ന് കണ്ടെത്തുന്നതിലും പരിശോധന നടക്കും. അനുമതി വാങ്ങാതെ 73 മരങ്ങൾ മുറിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും ശുപാർശ ചെയ്യാനാണ് തീരുമാനം.
ഇന്നലെ തലപ്പുഴയിലെ കാട്ടിൽ ഡിഫഒയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ റെയിഞ്ച് ഓഫീസറോട് റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. വനമേഖലയിലെ 73 മരങ്ങളാണ് ബേഗൂർ റേഞ്ച് ഉദ്യോഗസ്ഥർ മുറിച്ചുമാറ്റിയത് സോളാർ ഫെൻസിങ് നിർമ്മാണത്തിന്റെ മറവിൽ ആയിരുന്നു വ്യാപക മരം മുറി.
കൊല്ലം അഞ്ചൽ ഫോറസ്റ്റ് റേഞ്ച് പരിധിയിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. വിതുര കല്ലാർ സ്വദേശി വിജയൻ, ഒറ്റശേഖരമംഗലം സ്വദേശി അജിത ഭായി എന്നിവരാണ് വനം വകുപ്പിൻ്റെ പിടിയിലായത്. ഒളിവിലുള്ള കൂട്ടുപ്രതിക്കായി വനംവകുപ്പ് അന്വേഷണം വ്യാപിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ചോഴിയക്കോട്, അരിപ്പ ഭാഗങ്ങളിൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം