ഐസിസി ട്വീറ്റ് ചെയ്ത ഈ ചിത്രം ഇന്ത്യൻ ആരാധകര്‍ക്ക് വലിയ ഇഷ്ടമായി. എന്നാല്‍ മറുവശത്ത് കൂടുതല്‍ ആളുകളും വിമര്‍ശനം ഉന്നയിക്കുകയാണ്. തികച്ചും പക്ഷപാതപരമെന്നാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടത്.
ലണ്ടന്‍: ഇന്ത്യൻ നായകൻ വിരാട് കോലിയെ വാഴ്ത്തിയുള്ള ഐസിസി ട്വീറ്റ് വിവാദത്തില്‍. ഇന്ത്യയോട് എന്തിനിങ്ങനെ വിധേയത്വം കാണിക്കുന്നുവെന്നാണ് മറ്റ് രാജ്യങ്ങളിലെ മുൻ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദിക്കുന്നത്. കിരീടവും വെച്ച് രാജാവിനെപ്പോലെയിരിക്കുന്ന വിരാട് കോലിയുടെ ചിത്രമാണ് ഐസിസി പങ്കുവെച്ചത്.
1983ലും 2011ലും ജേതാക്കളായ ടീം ഇന്ത്യ ഇത്തവണയും രാജാക്കൻമാരാകുമെന്ന് സൂചിപ്പിക്കുന്നതാണ് ചിത്രം. ഐസിസി ട്വീറ്റ് ചെയ്ത ഈ ചിത്രം ഇന്ത്യൻ ആരാധകര്‍ക്ക് വലിയ ഇഷ്ടമായി. എന്നാല്‍ മറുവശത്ത് കൂടുതല്‍ ആളുകളും വിമര്‍ശനം ഉന്നയിക്കുകയാണ്. തികച്ചും പക്ഷപാതപരമെന്നാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടത്.
ഐസിസിയെ നിയന്ത്രിക്കുന്നത് ബിസിസിഐയാണെന്ന് മറ്റൊരു വിമര്‍ശനം. ഐഎസിസി എന്നാല്‍ ഇന്ത്യൻ ക്രിക്കറ്റ് കൗണ്‍സില്‍ എന്നാണോ ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ എന്നാണോയെന്നും വിമര്‍ശകര്‍ നെറ്റിചുളിക്കുന്നു. ആതിഥേയ രാജ്യത്തിന് പോലും കിട്ടാത്ത പരിഗണന പലപ്പോഴും ഇന്ത്യക്ക് കിട്ടുന്നുണ്ടെന്നാണ് ഇംഗ്ലണ്ട് ആരാധകരുടെ രോഷ പ്രകടനം.
ആദ്യ മത്സരത്തിനായി ഇന്ത്യക്ക് ഏറെ സമയം അനുവദിച്ചതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഒരാഴ്ച കിട്ടിയതിനാല്‍ മറ്റ് ടീമുകളെക്കുറിച്ച് പഠിക്കാൻ സഹായമായെന്ന് വിരാട് കോലിയും അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ നിക്ഷ്പക്ഷത പുലര്‍ത്തണമെന്നാണ് ആവശ്യമുയരുന്നത്.