ഇനി മധ്യനിര വീണ്ടും വീണ്ടും പ്രശ്നമാകുന്നതിനെ കുറിച്ച് ഇന്ത്യ ചിന്തിക്കണം. മധ്യനിരയ്ക്ക് റണ്‍സ് കണ്ടെത്താനാവാത്തത് അടുത്ത ദിവസങ്ങളില്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ഘടകമാകുമെന്നും അക്തര്‍ പറഞ്ഞു
ബിര്‍മിംഗ്ഹാം: ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ആവേശപ്പോരാട്ടത്തില്‍ 31 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഹിറ്റ്മാന്‍റെ സെഞ്ചുറിക്കും മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിനും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനായില്ല. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ഇന്ത്യയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ഇന്നലെ ഇന്ത്യന്‍ ആരാധകരേക്കാള്‍ മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കോലിപ്പടയുടെ വിജയത്തിനായി കൊതിച്ചത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിങ്ങനെ മൂന്ന് ടീമുകളും ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപ്പെടുത്തണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചവരാണ്. അത് ഇന്ത്യ ജയിക്കുന്നത് കാണാനല്ല. മറിച്ച്, അവരുടെ സെമി സാധ്യതകള്‍ ഇന്ത്യ വിജയിച്ചാല്‍ വര്‍ധിക്കുമെന്നുള്ളത് കൊണ്ടാണ്.
ഇപ്പോള്‍ മത്സരശേഷം പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാക് താരം ഷൊയ്ബ് അക്തര്‍. വിഭജനശേഷം ആദ്യമായി പാക്കിസ്ഥാന്‍ ഇന്ത്യയെ പിന്തുണച്ച സന്ദര്‍ഭമായിരുന്നു ഇംഗ്ലണ്ടുമായുള്ള മത്സരമെന്ന് അക്തര്‍ പറഞ്ഞു. അഞ്ച് വിക്കറ്റുകള്‍ ഇന്ത്യയുടെ കെെയിലുണ്ടായിരുന്നു.
അപ്പോള്‍ ഇന്ത്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്നാണ് കരുതിയത്. പക്ഷേ അതുണ്ടായില്ല. വിഭജനശേഷം പാക്കിസ്ഥാന്‍ ആദ്യമായി ഇന്ത്യയെ പിന്തുണച്ച സന്ദര്‍ഭമാണ് ഇത്. എന്നാല്‍, ഇന്ത്യക്ക് വിജയം നേടാനായില്ല. കൂടാതെ, ആരൊക്കെയാണോ ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്, അവര്‍ തങ്ങളുടെയും ഹീറോ ആകുമായിരുന്നുവെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.
ഇനി മധ്യനിര വീണ്ടും വീണ്ടും പ്രശ്നമാകുന്നതിനെ കുറിച്ച് ഇന്ത്യ ചിന്തിക്കണം. മധ്യനിരയ്ക്ക് റണ്‍സ് കണ്ടെത്താനാവാത്തത് അടുത്ത ദിവസങ്ങളില്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ഘടകമാകുമെന്നും അദ്ദേഹം പറഞ്ഞു.