ട്വന്‍റി 20 ലോകകപ്പില്‍ അയാള്‍ ഇന്ത്യയുടെ എക്സ് ഫാക്ടര്‍ ആവും, പ്രവചിച്ച് സഹീര്‍ ഖാന്‍; റിങ്കു സിംഗ് അല്ല

By Web TeamFirst Published Jan 18, 2024, 8:53 PM IST
Highlights

ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ഉറപ്പായും സ്ക്വാഡ‍ിലുണ്ടാവും എന്ന് സഹീര്‍ ഖാന്‍

മുംബൈ: ഈ വര്‍ഷം നടക്കുന്ന പുരുഷ ട്വന്‍റി 20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ 'എക്സ് ഫാക്ടര്‍' മുഹമ്മദ് ഷമിയായിരിക്കുമെന്ന് മുന്‍ പേസര്‍ സഹീര്‍ ഖാന്‍. നിലവില്‍ പരിക്കിന്‍റെ പിടിയിലുള്ള പേസറായ ഷമി ടീമിലേക്ക് തിരിച്ചെത്തിയാല്‍ ഇന്ത്യയുടെ ഗെയിം ചേഞ്ചറാവും എന്ന് സഹീര്‍ പ്രവചിക്കുന്നു. ഇന്ത്യ വേദിയായ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി മുഹമ്മദ് ഷമി തിളങ്ങിയിരുന്നു. 

ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ഉറപ്പായും സ്ക്വാഡ‍ിലുണ്ടാവും. ഇടംകൈയന്‍ എന്ന ആനുകൂല്യമുള്ള അര്‍ഷ്‌ദീപ് സിംഗും പേസറായി ഇടംപിടിക്കും. നല്ല യോര്‍ക്കറുകള്‍ എറിയുന്ന താരമാണ് അര്‍ഷ്. ഫിറ്റ്നസുണ്ടേല്‍ മുഹമ്മദ് ഷമിയും പേസറായി സ്ക്വാഡില്‍ ഇടംപിടിക്കും. ലോകകപ്പില്‍ എക്സ് ഫാക്ടറായി ഷമിയെ ഉപയോഗിക്കാം. ഈ നാല് പേസര്‍മാരെയാണ് ലോകകപ്പ് സ്ക്വാഡില്‍ ഞാന്‍ കാണുന്നത് എന്നും സഹീര്‍ ഖാന്‍ പറഞ്ഞു. 

Latest Videos

2023ലെ പുരുഷ ഏകദിന ലോകകപ്പിന് ശേഷം മുഹമ്മദ് ഷമി മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല. 24 വിക്കറ്റുമായി ഷമിയായിരുന്നു ആ ലോകകപ്പിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരന്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മുഴുനീള പരമ്പരയില്‍ കളിക്കാതിരുന്ന ഷമി അഫ്ഗാനിസ്ഥാന് എതിരെ കഴിഞ്ഞ ദിവസം അവസാനിച്ച ട്വന്‍റി 20 പരമ്പരയിലുമുണ്ടായിരുന്നില്ല. 

ജൂണ്‍ 1 മുതല്‍ 29 വരെ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് പുരുഷന്‍മാരുടെ ട്വന്‍റി 20 ലോകകപ്പ് നടക്കുക. ഇതാദ്യമായാണ് അമേരിക്ക ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാവുന്നത്. പാകിസ്ഥാനെ ഫൈനലില്‍ പരാജയപ്പെടുത്തിയ ഇംഗ്ലണ്ടാണ് ട്വന്‍റി 20 ലോകകപ്പില്‍ നിലവിലെ ജേതാക്കള്‍. രോഹിത് ശര്‍മ്മയുടെ നായകത്വത്തിലാണ് ടീം ഇന്ത്യ ലോകകപ്പ് കളിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐപിഎല്‍ 2024 സീസണിലെ പ്രകടനം കൂടി പരിഗണിച്ചാവും ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപനം. 

Read more: സഞ്ജു സാംസണ്‍, റിങ്കു സിംഗ്, വിരാട് കോലി? അഫ്ഗാന്‍ പരമ്പരയിലെ മികച്ച ഫീല്‍ഡറെ പ്രഖ്യാപിച്ചു, കിംഗ് കോലി തന്നെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!