ഫിഫ്റ്റി പോലുമില്ല! ഇന്ത്യ ഇന്ത്യ എയ്ക്കെതിരെ ലീഡെടുത്ത് ഇന്ത്യ ബി; രണ്ടാം ഇന്നിംഗ്സില്‍ തകര്‍ച്ച

By Web TeamFirst Published Sep 7, 2024, 3:06 PM IST
Highlights

യശസ്വി ജയ്‌സ്വാള്‍ (9), മുഷീര്‍ ഖാന്‍ (0), അഭിമന്യു ഈശ്വരന്‍ (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ ബിയുടേതായി നഷ്ടമായത്.

ബംഗളൂരു: ദുലീപ് ട്രോഫില്‍ ഇന്ത്യ എയ്‌ക്കെതിരെ ഇന്ത്യ ബി 90 റണ്‍സിന്റെ ലീഡ് നേടി. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യ ബിയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 321നെതിരെ ഇന്ത്യ എ 231ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതമെടുത്ത മുകേഷ് കുമാര്‍, നവ്ദീപ് സയ്‌നി എന്നിവരാണ് ഇന്ത്യ എയെ തകര്‍ത്തത്. ഇന്ത്യ എ നിരയില്‍ ഒരാള്‍ക്ക് പോലും അര്‍ധ ശതകം പോലും നേടാന്‍ സാധിച്ചില്ല. 37 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ടോപ് സ്‌കോറര്‍. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ ബിക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. 33 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്. 

യശസ്വി ജയ്‌സ്വാള്‍ (9), മുഷീര്‍ ഖാന്‍ (0), അഭിമന്യു ഈശ്വരന്‍ (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ ബിയുടേതായി നഷ്ടമായത്. 16 പന്തുകള്‍ മാത്രമായിരുന്നു ജയ്‌സ്വാളിന്റെ ആയുസ്. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ മടങ്ങിയത്. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ മുഷീറിന് ഇത്തവണ റണ്‍സ് നേടാന്‍ സാധിച്ചില്ല. ആകാശ് ദീപിനായിരുന്നു വിക്കറ്റ്. റിഷഭ് പന്ത് (10), സര്‍ഫറാസ് ഖാന്‍ (7) എന്നിവര്‍ ക്രീസിലുണ്ട്. ആകാശ് ദീപ് രണ്ടും ഖലീല്‍ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി.

Latest Videos

നേരത്തെ, രാഹുലിന് പുറമെ റിയാന്‍ പരാഗ് (30), തനുഷ് കൊടിയന്‍ (32), മായങ്ക് അഗര്‍വാള്‍ (36) എന്നിവര്‍ക്ക് മാത്രമാണ് 30നപ്പുറമുള്ള സ്‌കോര്‍ നേടാന്‍ സാധിച്ചത്. ശുഭ്മാന്‍ ഗില്‍ (25), ധ്രുവ് ജുറല്‍ (2), ശിവം ദുബെ (20) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. കുല്‍ദീപ് യാദവ് (1), ആകാശ് ദീപ് (11), ഖലീല്‍ അഹമ്മദ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആവേഷ് ഖാന്‍ (1) പുറത്താവാതെ നിന്നു. നേരത്തെ, മുഷീറിന്റെ (181) സെഞ്ചുറിയാണ് ഇന്ത്യ ബിയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സയ്‌നി 56 റണ്‍സെടുത്തിരുന്നു. ജയ്‌സ്വാള്‍ (36), സര്‍ഫറാസ് (9), റിഷഭ് പന്ത് (7) എന്നിവര്‍ക്ക് തിളങ്ങാനായിരുന്നില്ല.
 

click me!