റിഷഭ് പന്തിന് അര്‍ധ സെഞ്ചുറി! ഇന്ത്യ എയ്‌ക്കെതിരെ ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബി മികച്ച ലീഡിലേക്ക്

By Web TeamFirst Published Sep 7, 2024, 6:14 PM IST
Highlights

മോശം തുടക്കമായിരുന്നു ഇന്ത്യ ബിക്ക് ലഭിച്ചത്. 22 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ ടീമിന് നഷ്ടമായി.

ബംഗളൂരു: ദുലീപ് ട്രോഫിയില്‍ ഇന്ത്യ എയ്‌ക്കെതിരെ ഇന്ത്യ ബി മികച്ച ലീഡിലേക്ക്. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. നിലവില്‍ 240 റണ്‍സിന്റെ രണ്ടാം ഇന്നിംഗ്‌സ് ലീഡുണ്ട് ടീമിന്. റിഷഭ് പന്തിന്റെ (47 പന്തില്‍ 61) ഇന്നിംഗ്‌സാണ് ടീമിനെ ലീഡിലേക്ക് നയിച്ചത്. ഖലീല്‍ അഹമ്മദ്, ആകാശ് ദീപ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്റ്റംപെടുക്കുമ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ (6) ക്രീസിലുണ്ട്. 

മോശം തുടക്കമായിരുന്നു ഇന്ത്യ ബിക്ക് ലഭിച്ചത്. 22 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ ടീമിന് നഷ്ടമായി. യഷസ്വി ജയ്‌സ്വാള്‍ (9), മുഷീര്‍ ഖാന്‍ (0), അഭിമന്യു ഈശ്വരന്‍ (4) എന്നിവരാണ് തുടക്കത്തില്‍ മടങ്ങിയത്. പിന്നാലെ സര്‍ഫറാസ് ഖാന്‍ (46) - പന്ത് സഖ്യം 72 റണ്‍സ് കൂട്ടിചേര്‍ത്തു. സര്‍ഫറാസിനെ പുറത്താക്കി ആവേശ് ഖാന്‍ ഇന്ത്യ എയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ റിഷഭ് പന്തും മടങ്ങി. രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. മൂന്നാം ദിവസത്തെ മത്സരം അവസാനിക്കുന്നതിന് മുമ്പ് നിതീഷും കൂടാരം കയറി.

Latest Videos

നേരത്തെ ഇന്ത്യ എ നിരയില്‍ ഒരാള്‍ക്ക് പോലും അര്‍ധ ശതകം പോലും നേടാന്‍ സാധിച്ചില്ല. 37 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ടോപ് സ്‌കോറര്‍. രാഹുലിന് പുറമെ റിയാന്‍ പരാഗ് (30), തനുഷ് കൊടിയന്‍ (32), മായങ്ക് അഗര്‍വാള്‍ (36) എന്നിവര്‍ക്ക് മാത്രമാണ് 30നപ്പുറമുള്ള സ്‌കോര്‍ നേടാന്‍ സാധിച്ചത്. ശുഭ്മാന്‍ ഗില്‍ (25), ധ്രുവ് ജുറല്‍ (2), ശിവം ദുബെ (20) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. കുല്‍ദീപ് യാദവ് (1), ആകാശ് ദീപ് (11), ഖലീല്‍ അഹമ്മദ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 

ആവേഷ് ഖാന്‍ (1) പുറത്താവാതെ നിന്നു. നേരത്തെ, മുഷീറിന്റെ (181) സെഞ്ചുറിയാണ് ഇന്ത്യ ബിയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സയ്നി 56 റണ്‍സെടുത്തിരുന്നു. ജയ്സ്വാള്‍ (36), സര്‍ഫറാസ് (9), റിഷഭ് പന്ത് (7) എന്നിവര്‍ക്ക് തിളങ്ങാനായിരുന്നില്ല.

click me!