ഗൗതം ഗംഭീർ ദക്ഷിണാഫ്രിക്കയിലേക്കില്ല, ടി20 പരമ്പരയില്‍ ഇന്ത്യക്ക് പുതിയ പരീശീലകന്‍; ബിസിസിഐ പ്രഖ്യാപനം ഉടൻ

By Web Team  |  First Published Oct 28, 2024, 1:23 PM IST

നവംബര്‍ എട്ട് മുതല്‍ 15വരെയാണ് ദക്ഷിണാഫ്രിക്കക്കെതിരായ നാലു മത്സര ടി20 പരമ്പര.


മുംബൈ: അടുത്തമാസം എട്ടു മുതല്‍ നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പരയില്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഇന്ത്യൻ ടീമിനൊപ്പമുണ്ടാവില്ല. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കായി ഇന്ത്യൻ ടീം അടുത്ത മാസം 10ന് യാത്ര തിരിക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ വിവിഎസ് ലക്ഷ്മണാകും ഇന്ത്യൻ പരിശീലകനെന്ന് ക്രിക് ബസ് റിപ്പോർട്ട് ചെയ്തു. ടി20 ലോകകപ്പിന് പിന്നാലെ ഇന്ത്യൻ യുവനിര സിംബാബ്‌വെക്കെതിരെ കളിച്ച ടി20 പരമ്പരയിലും വിവിഎസ് ലക്ഷ്മണായിരുന്നു ഇന്ത്യൻ പരിശീലകന്‍.

നവംബര്‍ എട്ട് മുതല്‍ 15വരെയാണ് ദക്ഷിണാഫ്രിക്കക്കെതിരായ നാലു മത്സര ടി20 പരമ്പര. ലക്ഷ്മണൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലകരായ സായ്‌രാജ് ബഹുതുലെ, ഋഷികേശ് കനിത്കര്‍, ശുഭാദീപ് ഘോഷ് എന്നിവരും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളും ഇന്ത്യൻ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലുണ്ടാകും. സായ്‌രാജ് ബഹുതുലെ ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി ശ്രീലങ്കക്കെതിരെ നടന്ന ഏകദിന, ടി20 പരമ്പരകളില്‍ ടീമിന്‍റെ ഭാഗമായിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്കയുടെ മോര്‍ണി മോര്‍ക്കല്‍ ബൗളിംഗ് കോച്ചായതോടെയാണ് സ്ഥാനമൊഴിഞ്ഞത്.

Latest Videos

undefined

ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ നിന്ന് സഞ്ജു സാംസണ്‍ വിട്ടു നില്‍ക്കാനുള്ള കാരണം

കഴിഞ്ഞ ആഴ്ച എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ കളിച്ച ഇന്ത്യ എ ടീമന്‍റെ പരിശീലകനുമായിരുന്നു ബഹുതുലെ. കനിത്കറും, ശുബാദീപ് ഘോഷും എമേര്‍ജിംഗ് ഏഷ്യാ കപ്പിലും ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലും ടീമിനൊപ്പമുണ്ടായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്മണെ രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞപ്പോള്‍ ഇന്ത്യൻ ടീമിന്‍റെ സ്ഥിരം പരിശീലകനാകാന്‍ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം താല്‍പര്യം കാട്ടിയിരുന്നില്ല.

ഭാവി താരങ്ങളെ വാര്‍ത്തെടുക്കുന്ന ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തുടരാനാണ് താല്‍പര്യമെന്ന് ലക്ഷ്മണ്‍ ബിസിസിഐയെ അറിയിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലും യുവതാരങ്ങളാണ് കൂടുതലായി ഉള്ളത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, അഖ്സര്‍ പട്ടേല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിംഗ്, സഞ്ജു സാംസണ്‍ എന്നിവര്‍ മാത്രമാണ് ടീമിലെ സീനിയര്‍ താരങ്ങള്‍.

40-ാം വയസില്‍ പോലും സച്ചിന്‍ അതിന് തയാറായി, ഫോം ഔട്ടായിട്ടും കോലിയും രോഹിത്തും ഒരിക്കലും അതിന് തയാറല്ല

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, റിങ്കു സിംഗ്, തിലക് വർമ്മ, ജിതേഷ് ശർമ്മ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിംഗ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, വിജയ്കുമാർ വൈശാക്, അവേഷ് ഖാൻ, യാഷ് ദയാൽ.

click me!