അടിക്ക് തിരിച്ചടി, പെര്‍ത്തില്‍ തകര്‍ത്തെറിഞ്ഞ് ഇന്ത്യൻ പേസ് പട; ഓസ്ട്രേലിയക്ക് കൂട്ടത്തകര്‍ച്ച

By Web Team  |  First Published Nov 22, 2024, 3:41 PM IST

ഓപ്പണര്‍മാരായ നഥാന്‍ മക്സ്വീനെ, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, മാര്‍നസ് ലാബുഷെയ്ന്‍, ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് 67 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായത്.


പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ പേസര്‍മാരിലൂടെ തിരിച്ചടിച്ച് ഇന്ത്യ. ആദ്യ ഇന്നിംഗ്സില്‍ 150 റണ്‍സിന് ഓൾ ഔട്ടായ ഇന്ത്യ ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ആദ്യ ദിനം 67 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ പിഴുതാണ് അടിക്ക് തിരിച്ചടി നല്‍കിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 150 റണ്‍സിന് മറുപടിയായി ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ 67-7 എന്ന സ്കോറില്‍ കൂട്ടത്തകര്‍ച്ചയിലാണ് ഓസീസ്. 19 റണ്‍സോടെ അലക്സ് ക്യാരിയും ആറ് റണ്‍സോടെ മിച്ചല്‍ സ്റ്റാര്‍ക്കും ക്രീസില്‍. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യൻ സ്കോറിനൊപ്പമെത്താന്‍ ഓസീസിന് ഇനിയും 83 റണ്‍സ് കൂടി വേണം.

ഓപ്പണര്‍മാരായ നഥാന്‍ മക്സ്വീനെ, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, മാര്‍നസ് ലാബുഷെയ്ന്‍, ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് 67 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായത്. 17 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയുടെ തിരിച്ചടിക്ക് നേതൃത്വം നല്‍കിയത്.

Latest Videos

undefined

തിരിച്ചടി തുടങ്ങിയത് ബുമ്രയിലൂടെ

തന്‍റെ രണ്ടാം ഓവറില്‍ തന്നെ അരങ്ങേറ്റക്കാരന്‍ നഥാന്‍ മക്സ്വീനെയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ബുമ്ര വിക്കറ്റ് വേട്ട തുടങ്ങിയത്. 13 പന്തില്‍ 10 റണ്‍സെടുത്ത മക്സ്വീനെയെ ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ മാര്‍നസ് ലാബുഷെയ്നിനെ സ്ലിപ്പില്‍ കോലിയുടെ കൈകളിലെത്തിച്ചെങ്കിലും അനായാസ ക്യാച്ച് കോലി കൈവിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. തന്‍റെ നാലാം ഓവറില്‍ ഉസ്മാന്‍ ഖവാജയെ(8) സ്ലിപ്പില്‍ കോലിയുടെ കൈകളിലെത്തിച്ച ബുമ്ര അടുത്ത പന്തില്‍ സ്റ്റീവ് സ്മിത്തിന്‍റെ വിലപ്പെട്ട വിക്കറ്റും സ്വന്തമാക്കി.

JASPRIT BUMRAH - THE GREATEST. 🐐pic.twitter.com/SUSBhTfxrj

— Mufaddal Vohra (@mufaddal_vohra)

നേരിട്ട ആദ്യ പന്തില്‍ തന്നെ സ്മിത്തിനെ ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ ട്രാവിസ് ഹെഡ് ഹര്‍ഷിത് റാണക്കെതിരെ ഒരോവറില്‍ രണ്ട് ബൗണ്ടറിയടിച്ച് ഭീഷണി ഉയര്‍ത്തിയെങ്കിലും തന്‍റെ അടുത്ത ഓവറില്‍ ഹെഡിനെ(11) ക്ലീന്‍ ബൗള്‍ഡാക്കിയ റാണ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കി. മിച്ചല്‍ മാര്‍ഷിന്‍റെ ഊഴമായിരുന്നു അടുത്തത്. ബൗണ്ടറിയടിച്ച് തുടങ്ങിയ മാര്‍ഷിനെ(6) മുഹമ്മദ് സിറാജിന്‍റെ പന്തില്‍ സ്ലിപ്പില്‍ രാഹുല്‍ പറന്നു പിടിച്ചു. 38-5ലേക്ക് വീണ ഓസീസിനെ ലാബുഷെയ്നും ക്യാരിയും ചേര്‍ന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും ആദ്യ റണ്ണെടുക്കാന്‍ 24 പന്ത് നേരിട്ട ലാബുഷെയ്ൻ 52 പന്തില്‍ രണ്ട് റണ്ണെടുത്ത് സിറാജിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആദ്യ ദിനം കളി തീരും മുമ്പ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിനെ(3) കൂടി റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച ബുമ്ര ഓസീസിനെ കൂട്ടത്തതകര്‍ച്ചയിലാക്കി.

A MOMENT TO REMEMBER FOR LIFETIME FOR HARSHIT RANA. 🇮🇳

- What a Jaffa to dismiss Travis Head. pic.twitter.com/0hXPuosMvC

— Mufaddal Vohra (@mufaddal_vohra)

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ 150ന് പുറത്താകുകയായിരുന്നു. നാലു പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ 41 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോററായത്. റിഷഭ് പന്ത് 37 റണ്‍സടിച്ചപ്പോള്‍ കെ എല്‍ രാഹുല്‍ 26ഉം ധ്രുവ് ജുറെല്‍ 11ഉം റണ്‍സെടുത്ത് പുറത്തായി. ഓസ്ട്രേലിയക്കായി ജോഷ് ഹേസല്‍വുഡ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!