പണി പാളി! കോലി, ജഡേജ, ഷമി എന്നിവരുടെ മടങ്ങിവരവ് വൈകും; എല്ലാ കണക്കുകൂട്ടലും പിഴയ്ക്കുന്നു

By Web TeamFirst Published Feb 2, 2024, 8:30 AM IST
Highlights

ഹൈദരാബാദില്‍ ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് തുടങ്ങുന്നതിന് മൂന്ന് ദിവസം മാത്രം മുമ്പ് വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടി വിരാട് കോലി ഇടവേളയെടുക്കുകയായിരുന്നു

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലി, ലോകോത്തര ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരുടെ മടങ്ങിവരവ് പ്രതീക്ഷിച്ചതിനേക്കാള്‍ വൈകാനിട. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് ഇടവേളയെടുത്ത കോലി മൂന്നാം മത്സരത്തില്‍ കളിക്കുമോ എന്ന് വ്യക്തമല്ല. കോലി നിലവില്‍ വിദേശത്താണ് എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം രവീന്ദ്ര ജഡേജയുടെ ഹാംസ്ട്രിങ് പരിക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ ഗുരുതരമാണ് എന്നാണ് സൂചന. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 0-1ന് പുറകില്‍ നില്‍ക്കുന്ന ഇന്ത്യക്ക് താരങ്ങളുടെ പരിക്ക് വലിയ തലവേദനയായിരിക്കുകയാണ്. 

ഹൈദരാബാദില്‍ ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് തുടങ്ങുന്നതിന് മൂന്ന് ദിവസം മാത്രം മുമ്പ് വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടി വിരാട് കോലി ഇടവേളയെടുക്കുകയായിരുന്നു. കോലി ആദ്യ രണ്ട് ടെസ്റ്റുകളില്‍ കളിക്കില്ല എന്ന് ഇതോടെ ബിസിസിഐ അറിയിച്ചു. കോലിയുടെ സ്വകാര്യത മാനിച്ച് വിട്ടുനില്‍ക്കാനുള്ള കാരണം ടീം വൃത്തങ്ങള്‍ പുറത്തുവിട്ടില്ല. കോലിയുടെ മാതാവ് സരോജത്തിന് ഗുരുതര രോഗമാണ് എന്ന അഭ്യൂഹം പിന്നാലെ പടര്‍ന്നെങ്കിലും ഇത് വ്യാജ വാര്‍ത്തയാണ് എന്ന് താരത്തിന്‍റെ സഹോദരന്‍ വികാസ് കോലി വ്യക്തമാക്കിയിരുന്നു. രാജ്കോട്ടില്‍ ഫെബ്രുവരി 15ന് മൂന്നാം ടെസ്റ്റ് ആരംഭിക്കാനിരിക്കേ കോലി എപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡിനൊപ്പം ചേരും എന്ന് വ്യക്തമല്ല. രണ്ടും മൂന്നാം ടെസ്റ്റുകള്‍ തമ്മില്‍ ഒന്‍പത് ദിവസത്തെ ഇടവേളയുള്ളത് കോലിക്ക് അനുഗ്രഹമായേക്കും. 

Latest Videos

മൂന്നാം ടെസ്റ്റ് ആകുമ്പോഴേക്ക് രവീന്ദ്ര ജഡേജ ഫിറ്റ്നസ് വീണ്ടെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് ജഡേജയുള്ളത്. എന്‍സിഎയില്‍ നിന്നുള്ള ചിത്രം ജഡേജ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ മൂന്നാം നാലും ടെസ്റ്റുകളില്‍ രവീന്ദ്ര ജഡേജ കളിക്കുന്ന കാര്യം സംശയമാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 2021 മുതല്‍ തുടര്‍ച്ചയായ പരിക്ക് ജഡേജയെ വലയ്ക്കുകയാണ്. പരിക്കിലുള്ള മറ്റൊരു താരമായ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി എപ്പോള്‍ കളിക്കളത്തില്‍ തിരിച്ചെത്തും എന്ന കാര്യത്തിലും വ്യക്തതയില്ല. ചികില്‍സയ്ക്കായി ലണ്ടനിലാണ് ഷമി ഇപ്പോഴുള്ളത്. ഷമിക്ക് ശസ്ത്രക്രിയ ആവശ്യമില്ല എന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര പൂര്‍ണമായും ഷണിക്ക് നഷ്ടമാകാനാണ് സാധ്യത. 

എന്നാല്‍ രാജ്കോട്ടിലെ ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ കെ എല്‍ കളിച്ചേക്കും. താരം അതിവേഗം സുഖംപ്രാപിച്ചുവരികയാണ്. 2022 ജൂണില്‍ സംഭവിച്ച തുടയിലെ പരിക്കിന്‍റെ തുടര്‍ച്ചയാണ് രാഹുലിന്‍റെ പുതിയ പരിക്ക് എന്നാണ് വിലയിരുത്തല്‍. കെ എല്‍ രാഹുലിനെയും ഫിറ്റ്നസിലേക്ക് മടക്കിക്കൊണ്ടുവരാന്‍ വലിയ ജാഗ്രത ദേശീയ ക്രിക്കറ്റ് അക്കാഡ‍മി കാട്ടുന്നുണ്ട്. 

Read more: വിശാഖപട്ടണം പ്ലേയിംഗ് ഇലവന്‍ പുറത്ത്? നിര്‍ണായക സൂചനയുമായി ഹര്‍ഭജന്‍ സിംഗ്, ഇംഗ്ലണ്ടിനെ കാത്ത് ഇരുട്ടടി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!