മൊഗാലേലത്തിന് മുന്നോടിയായി ആര്‍സിബി ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തുമെന്ന് ഉറപ്പായിട്ടില്ല.
ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നയിക്കാന്‍ ഒരിക്കല്‍ കൂടി വിരാട് കോലിയെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയെ ആര്‍സിബി നിലനിര്‍ത്താനിടയില്ല. ഒഴിവാക്കുന്ന സാഹചര്യത്തില്‍ തന്നെ വീണ്ടും നായകനാക്കണമെന്ന് കോലി ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2013 മുതല്‍ 2021 വരെ കോലിയായിരുന്നു ആര്‍സിബിയെ നയിച്ചിരുന്നത്. 2016ല്‍ കോലിക്ക് കീഴില്‍ ടീം ഫൈനല്‍ കളിക്കുകയും ചെയ്തു. എന്നാല്‍ കിരീടം നേടാന്‍ സാധിച്ചില്ല. പിന്നീട് കോലി അപ്രതീക്ഷിതമായി നായകസ്ഥാനം രാജിവെച്ചതോടെ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡു പ്ലെസിയെ ക്യാപ്റ്റനാക്കുകയായിരുന്നു.
മൊഗാലേലത്തിന് മുന്നോടിയായി ആര്‍സിബി ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തുമെന്ന് ഉറപ്പായിട്ടില്ല. കോലിയെ നിലനിര്‍ത്തുമെന്ന് ഉറപ്പാണ്. മുഹമ്മദ് സിറാജ്, വില്‍ ജാക്‌സ്, രജത് പടിധാര്‍ എന്നീ താരങ്ങളുടെ പേരും നിലനിര്‍ത്തുന്നവരുടെ പട്ടികയില്‍ ഉണ്ടാവാനാണ് സാധ്യത. അതേസമയം, കെ എല്‍ രാഹുലിനെ തിരിച്ചെത്തിക്കുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ കഴിഞ്ഞ സീസണില്‍ നയിച്ച് കെ എല്‍ രാഹുലിനെ നിലനിര്‍ത്താല്‍ താല്‍പര്യമില്ലെന്നാണ് സൂചനകള്‍.
കഴിഞ്ഞ സീസണിനിടെ ലഖ്‌നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക, ലഖ്‌നൗ ക്യാപ്റ്റന്‍ രാഹുലുമായുള്ള അഭിപ്രായ വ്യത്യാസം പരസ്യമായി കാണിച്ചിരുന്നു. ഇതിനിടെ നിക്കോളാസ് പുരാനെ ല്ഖനൗ നായകനാക്കുമെന്നും വാര്‍ത്തകള്‍ പരക്കുന്നു. 18 കോടി നല്‍കിയാണ് ലഖ്‌നൗ പുരാനെ നിലനിര്‍ത്തുക. ഇതിനിടെ രാഹുലിനെ തിരിച്ചെത്തിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ശ്രമവും നടത്തുന്നുണ്ട്. രാഹുലാവട്ടെ കര്‍ണാകടക്കാരനും ആയതിനാല്‍ ആര്‍സിബി തിരികെ കൊണ്ടുവന്നേക്കും. മുമ്പ് ആര്‍സിബിക്ക് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് രാഹുല്‍. പ്രതീക്ഷിച്ച മികവിലേക്ക് ഉയരാതെ പോയ ഗ്ലെന്‍ മാക്സ്വെല്ലിനെും ആര്‍സിബി ഒഴിവാക്കിയേക്കും.