ടി20 ലോകകപ്പിന് ശേഷം ഫോര്‍മാറ്റില്‍ നിന്ന് കോലി വിരമിക്കും; പ്രവചനവുമായി ഷൊയൈബ് അക്തര്‍

By Jomit Jose  |  First Published Sep 15, 2022, 10:41 AM IST

കോലിക്ക് 104 രാജ്യാന്തര ടി20കളില്‍ 51.94 ശരാശരിയില്‍ 3584 റണ്‍സ് സമ്പാദ്യമുണ്ട്. മൂന്ന് ഫോര്‍മാറ്റിലും നൂറിലേറെ മത്സരങ്ങള്‍ വീതം കളിച്ചിട്ടുള്ള ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് കോലി. 


ലാഹോര്‍: ഏഷ്യാ കപ്പിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയതിന്‍റെ കരുത്തിലാണ് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി ടി20 ലോകകപ്പില്‍ ഇറങ്ങുക. ഏഷ്യാ കപ്പില്‍ അഫ്‌ഗാനെതിരെ തകര്‍പ്പന്‍ സെഞ്ചുറി കോലി നേടിയിരുന്നു. അതിനാല്‍ തന്നെ ലോകകപ്പിലെ കോലിയുടെ പ്രകടനത്തിലേക്ക് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഇതിനിടെ വമ്പന്‍ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷൊയൈബ് അക്തര്‍. 

ലോകകപ്പിന് ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരാട് കോലി വിരമിച്ചേക്കാം. മറ്റ് ഫോര്‍മാറ്റുകളില്‍ കൂടുതല്‍ കാലം കളിക്കാന്‍ വേണ്ടിയാണിത് എന്നുമാണ് ഇന്ത്യ ഡോട് കോമിനോട് ഷൊയൈബ് അക്തറുടെ വാക്കുകള്‍. കോലിയുടെ വിരമിക്കലിനെ കുറിച്ച് പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയും കഴിഞ്ഞ ദിവസം തന്‍റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. ടീം പുറത്താക്കുന്നതിന് മുമ്പ്, ഫോമിന്‍റെ പാരമ്യത്തില്‍ നില്‍ക്കേ വിരമിക്കണം എന്നായിരുന്നു വിരാട് കോലിക്ക് കഴിഞ്ഞ ദിവസം ഷാഹിദ് അഫ്രീദിയുടെ ഉപദേശം. ഇതില്‍ അഫ്രീദിക്ക് മറുപടിയുമായി ഇന്ത്യന്‍ മുന്‍ സ്‌പിന്നര്‍ അമിത് മിശ്ര രംഗത്തെത്തിയതും ശ്രദ്ധേയമായി. ചിലര്‍ ഒരിക്കലെ വിരമിക്കൂ എന്നായിരുന്നു പലകുറി കരിയര്‍ മതിയാക്കിയിട്ടുള്ള അഫ്രീദിയെ ചൂണ്ടി മിശ്രയുടെ വാക്കുകള്‍. 

Latest Videos

undefined

കോലിക്ക് 104 രാജ്യാന്തര ടി20കളില്‍ 51.94 ശരാശരിയില്‍ 3584 റണ്‍സ് സമ്പാദ്യമുണ്ട്. മൂന്ന് ഫോര്‍മാറ്റിലും നൂറിലേറെ മത്സരങ്ങള്‍ വീതം കളിച്ചിട്ടുള്ള ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് കോലി. 

ഏഷ്യാ കപ്പില്‍ 92 ശരാശരിയിലും 147.59 സ്ട്രൈക്ക് റേറ്റിലും 276 റണ്‍സ് നേടി ടൂര്‍ണമെന്‍റിലെ ഉയര്‍ന്ന രണ്ടാമത്തെ റണ്‍വേട്ടക്കാരനായി മാറിയിരുന്നു വിരാട് കോലി. ടൂര്‍ണമെന്‍റില്‍ രണ്ട് അര്‍ധ സെഞ്ചുറികളുമായി വിമര്‍ശകര്‍ക്ക് മറുപടി നല്‍കിത്തുടങ്ങിയ കോലി അവസാന സൂപ്പർ ഫോർ മത്സരത്തില്‍ അഫ്ഗാനെതിരെയാണ് നൂറ് കണ്ടെത്തിയത്. അഫ്ഗാനെതിരെ വിരാട് കോലി 61 പന്ത് നേരിട്ട് 12 ഫോറും ആറ് സിക്സും സഹിതം പുറത്താകാതെ 122 റണ്‍സെടുത്തു. 2019 നവംബറിന് ശേഷം കോലിയുടെ ആദ്യ ശതകമാണിത്. കൂടാതെ കോലിയുടെ രാജ്യാന്തര കരിയറിലെ 71-ാം സെഞ്ചുറിയും ആദ്യ ടി20 ശതകവുമാണിത് എന്ന പ്രത്യേകതയുമുണ്ട്. 

'ചിലര്‍ ഒരിക്കലെ വിരമിക്കൂ'; വിരാട് കോലിയെ ഉപദേശിച്ച ഷാഹിദ് അഫ്രീദിയുടെ വായടപ്പിച്ച് അമിത് മിശ്ര

click me!