ഇവര്‍ തെറിക്കും, സൂപ്പര്‍ താരം മടങ്ങിയെത്തും; അവശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീം നാളെ, ആശങ്കകളേറെ

By Web TeamFirst Published Feb 5, 2024, 9:50 PM IST
Highlights

പേസര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിക്കുമ്പോള്‍ മുഹമ്മദ് സിറാജ് തിരിച്ചെത്തും. എന്നാല്‍ വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരുടെ തിരിച്ചുവരവില്‍ അനിശ്ചിതത്വം. 

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ നാളെ (ഫെബ്രുവരി 6) പ്രഖ്യാപിക്കും എന്ന് റിപ്പോര്‍ട്ട്. ബൗളിംഗിലും ബാറ്റിംഗിലും വന്‍ മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാം. പരിക്കിന്‍റെ ആശങ്കകള്‍ ടീമില്‍ അവസാനിക്കുന്നില്ല എന്ന നിരാശ വാര്‍ത്തയുമുണ്ട്. 

ഒരുപിടി മാറ്റങ്ങളോടെയാവും ബിസിസിഐയുടെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ഇംഗ്ലണ്ടിനെതിരെ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ് പ്രഖ്യാപിക്കുക. ഫെബ്രുവരി 15ന് രാജ്കോട്ടിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്. ബൗളിംഗ് നിരയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് കളമൊരുങ്ങുന്നത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് മൂന്നാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചേക്കും. എങ്കിലും നാലും അഞ്ചും ടെസ്റ്റുകളില്‍ ബുമ്ര കളിക്കും. അതേസമയം രണ്ടാം ടെസ്റ്റില്‍ വിശ്രമിച്ച പേസര്‍ മുഹമ്മദ് സിറാജ് അവശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള സ്ക്വാഡിലേക്ക് മടങ്ങിവരും. എന്നാല്‍ ഇന്ത്യയുടെ മറ്റൊരു മാച്ച് വിന്നിംഗ് പേസറായ മുഹമ്മദ് ഷമി രാജ്യാന്തര മടങ്ങിവരവിന് തയ്യാറായിട്ടില്ല. ഫോമിലെത്താന്‍ കഴിയാത്ത പേസര്‍ മുകേഷ് കുമാറിനെ ടീം നിലനിര്‍ത്തുമോ എന്നത് ആകാംക്ഷയാണ്. രണ്ടാം ടെസ്റ്റിനുള്ള സ്ക്വാഡിലുണ്ടായിരുന്ന വേഗക്കാരന്‍ ആവേഷ് ഖാന്‍റെ കാര്യവും ഉറപ്പില്ല. 

Latest Videos

ഹൈദരാബാദിലെ ആദ്യ ടെസ്റ്റിനിടെ കാലില്‍ പരിക്കേറ്റ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ രാജ്കോട്ടില്‍ തന്‍റെ ഹോം ടെസ്റ്റില്‍ കളിക്കാനിടയില്ല. ജഡേജയുടെ ഹാംസ്ട്രിങ് പരിക്ക് പൂര്‍ണമായും മാറിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണ് ജഡേജ നിലവിലുള്ളത്. ഇതോടെ സ്പിന്നര്‍മാരായി രവിചന്ദ്രന്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടീമില്‍ തുടരും. 

ബാറ്റര്‍മാരിലും വലിയ മാറ്റം പ്രതീക്ഷിക്കാം. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന റണ്‍ മെഷീന്‍ വിരാട് കോലി മടങ്ങിയെത്തുന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. എന്നാല്‍ കെ എല്‍ രാഹുല്‍ മൂന്നാം ടെസ്റ്റ് മുതല്‍ സ്ക്വാഡിലുണ്ടാകും എന്ന സന്തോഷ സൂചന പുറത്തുവന്നത് ടീമിനും ആരാധകര്‍ക്കും ആശ്വാസമാണ്. നാലാം നമ്പറില്‍ കനത്ത നിരാശ സമ്മാനിക്കുന്ന ശ്രേയസ് അയ്യറെ പുറത്തിരുത്താന്‍ സെലക്ടര്‍മാര്‍ മുതിര്‍ന്നേക്കും. ശ്രേയസിനൊപ്പം അരങ്ങേറ്റത്തില്‍ തിളങ്ങാനാവാതിരുന്ന ബാറ്റര്‍ രജത് പാടിദാറും ടീമിന് പുറത്തായേക്കും. എന്നാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് കെ എസ് ഭരതിന് മാനേജ്‌മെന്‍റിന്‍റെ പിന്തുണയുണ്ട്. ഭരതിനൊപ്പം ധ്രുവ് ജൂരെലും സ്ക്വാഡില്‍ തുടരാനാണിട. ഇതുവരെ അരങ്ങേറ്റത്തിന് അവസരം ലഭിക്കാത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സര്‍ഫറാസ് ഖാനും ടീമില്‍ തുടര്‍ന്നേക്കും. 

Read more: തീരാതെ അനിശ്ചിതത്വം, വിരാട് കോലി മൂന്നാം ടെസ്റ്റ് കളിക്കുമോ; മൗനം വെടിഞ്ഞ് രാഹുല്‍ ദ്രാവിഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!