ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ട്വന്‍റി 20; ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തീരുമാനമായി, ഹീറോയ്‌ക്ക് നിരാശ

By Web TeamFirst Published Dec 8, 2023, 8:21 PM IST
Highlights

ദക്ഷിണാഫ്രിക്കയിലെത്തിയ ശേഷമുള്ള ആദ്യ പരിശീലന സെഷനോടെ ഓപ്പണര്‍മാരെ ടീം മാനേജ്‌മെന്‍റ് ഉറപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആദ്യ പരിശീലന സെഷന്‍ പൂര്‍ത്തിയാക്കി. ഡര്‍ബനില്‍ ഞായറാഴ്‌ച (10-12-2023) നടക്കുന്ന ആദ്യ ട്വന്‍റി 20ക്ക് മുന്നോടിയായി സമയമൊട്ടും പാഴാക്കാതെയാണ് ഇന്ത്യന്‍ ടീമിന്‍റെ പരിശീലനം. മൂന്ന് മത്സരങ്ങളുടെ ട്വന്‍റി 20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവമാണ് ഇന്ത്യയെ നയിക്കുന്നത്. ഇതിന് ശേഷം ഏകദിന, ടെസ്റ്റ് പരമ്പരകളും വെവ്വേറെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ടീമിന് ദക്ഷിണാഫ്രിക്കയിലുണ്ട്. 

ആദ്യ പരിശീലന സെഷനോടെ ഓപ്പണര്‍മാരെ ടീം മാനേജ്‌മെന്‍റ് ഉറപ്പിച്ചു എന്നാണ് സൂചന. ആദ്യ ട്വന്‍റി 20യില്‍ ശുഭ്‌മാന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും ഓപ്പണര്‍മാരാകും. പരിശീലന സെഷനില്‍ ഇരുവരുമാണ് ഒരുമിച്ച് ബാറ്റിംഗിന് ഇറങ്ങിയത്. ഫോമിലുള്ള റുതുരാജ് ഗെയ്‌ക്‌വാദ് ഇതോടെ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങേണ്ടിവരും. ഓസീസിന് എതിരെ അടുത്തിടെ അവസാനിച്ച ട്വന്‍റി 20 പരമ്പരയില്‍ ഓപ്പണറുടെ റോളില്‍ യശസ്വിക്കൊപ്പം ഇറങ്ങിയ റുതുരാജ് ഗെയ്‌ക്‌വാദ് സീരീസിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു. പരമ്പരയിലെ അഞ്ച് കളിയില്‍ 223 റണ്‍സാണ് റുതു സ്വന്തമാക്കിയത്. ഗുവാഹത്തി വേദിയായ മൂന്നാം ടി20യില്‍ 57 പന്തില്‍ 13 ഫോറും 7 സിക്‌സുകളുടെ സഹിതം 123 റണ്‍സ് നേടിയ ഇന്നിംഗ്‌സാണ് റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ ഏറ്റവും മികച്ചത്. ഓസീസിനെതിരെ ശുഭ്‌മാന്‍ ഗില്‍ കളിച്ചിരുന്നില്ല.

Latest Videos

ഇന്ത്യന്‍ ട്വന്‍റി 20 സ്‌ക്വാഡ്: യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, റുതുരാജ് ഗെയ്‌ക്‌വാദ്, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍. 

Read more: താരബാഹുല്യം, ആദ്യ ട്വന്‍റി 20യില്‍ ആരെയൊക്കെ കളിപ്പിക്കും? തലപുകഞ്ഞ് ടീം ഇന്ത്യ, പലരും പുറത്തേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!