ട്വന്‍റി 20 പരമ്പരയിലെ മികച്ച ഫീല്‍ഡർ മുഹമ്മദ് സിറാജ്; എങ്ങനെയെന്നല്ലേ, അതാണ് ടീം ഇന്ത്യയുടെ പുതിയ സർപ്രൈസ്

By Web TeamFirst Published Dec 16, 2023, 7:06 AM IST
Highlights

'ഈ മെഡലിനായി ലോകകപ്പ് മുതല്‍ കാത്തിരിക്കുകയായിരുന്നു, ഒടുവില്‍ ലഭിച്ചു, ഒരിക്കലും നമ്മള്‍ തളരരുത് എന്നതിന്‍റെ ഉദാഹരമാണ് എനിക്ക് കിട്ടിയ മെഡല്‍' എന്നുമായിരുന്നു സിറാജിന്‍റെ പ്രതികരണം.

ജൊഹന്നസ്ബർഗ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെ മികച്ച ഫീൽഡര്‍ക്ക് മെഡൽ നൽകുന്ന ഇന്ത്യന്‍ ഫീൽഡിംഗ് പരിശീലകൻ ടി ദിലീപിന്‍റെ ഐഡിയ വൻ ഹിറ്റായിരുന്നു. വരും പരമ്പരകളിലും അത് തുടരാനാണ് ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം. പക്ഷെ ചെറിയ മാറ്റം മെഡല്‍ സമ്മാന രീതിയിലുണ്ടാകും.

കയ്യെത്തും ദൂരെ കിരീടം നഷ്ടമായെങ്കിലും എന്നെന്നും ഓര്‍ത്തുവയ്ക്കുന്ന പ്രകടനമായിരുന്നു ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ടീം ഇന്ത്യയുടേത്. ബാറ്റിംഗിനും ബൗളിംഗിനുമൊപ്പം ഏറെ കയ്യടി നേടി നീലപ്പടയുടെ ഫീൽഡിംഗ് മികവും. ഇതിന് ടീം കടപ്പെട്ടിരുന്നത് ഫീല്‍ഡിംഗ് പരിശീലകൻ ടി ദിലീപിനോടാണ്. താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ ദിലീപ് കൊണ്ടുവന്ന ഒരു ആശയം ടീം ഒന്നടങ്കം ഏറ്റെടുക്കുകയും വാശിയോടെ മത്സരിക്കുകയും ചെയ്തു. ഓരോ മത്സരത്തിലേയും മികച്ച ഫീൽഡിംഗ് പ്രകടനത്തിന് മെഡൽ നൽകാന്‍ ദിലീപ് തീരുമാനിച്ചതോടെ താരങ്ങളെല്ലാം ഫീല്‍ഡില്‍ ഊർജസ്വലരായി.

Latest Videos

മെഡൽ പ്രഖ്യാപനമായിരുന്നു ഏകദിന ലോകകപ്പ് വേളയില്‍ വമ്പൻ ഹിറ്റ്. ഓരോ കളിക്കും എന്തെങ്കിലും വെറൈറ്റി ദിലീപ് കൊണ്ടുവന്നു. ലോകകപ്പിന് ശേഷവും ഈ രീതി തുടരുകയാണ് ദിലീപ്. പക്ഷെ ചെറിയൊരു മാറ്റം ഇപ്പോഴുണ്ട് എന്ന് അദേഹം തന്നെ വ്യക്തമാക്കുന്നു. ലോകകപ്പില്‍ ഓരോ മത്സരത്തിലുമായിരുന്നെങ്കില്‍ ഇനിയങ്ങോട്ട് ഓരോ പരമ്പരയിലെയും മികച്ച ഫീല്‍ഡറെയാണ് (Impact fielder of the Series) തെരഞ്ഞെടുക്കുക. പരമ്പരയിലാകെ പുലർത്തുന്ന സ്ഥിരത, ഫിറ്റ്നസ്, ഫീല്‍ഡിംഗ് സ്കില്‍ ഇവയാണ് പുരസ്കാരത്തിനായി പരിഗണിക്കുക.

ഇതോടെ ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്‍റി 20 പരമ്പരയിലെ മികച്ച ഫീൽഡറായി തെരഞ്ഞെടുക്കപ്പെട്ടത് പേസർ മുഹമ്മദ് സിറാജാണ്. ഈ മെഡലിനായി ലോകകപ്പ് മുതല്‍ കാത്തിരിക്കുകയായിരുന്നു, ഒടുവില്‍ ലഭിച്ചു, ഒരിക്കലും നമ്മള്‍ തളരരുത് എന്നതിന്‍റെ ഉദാഹരമാണ് എനിക്ക് കിട്ടിയ മെഡല്‍ എന്നുമായിരുന്നു സിറാജിന്‍റെ പ്രതികരണം. ദക്ഷിണാഫ്രിക്കയിലെ ടി20 പരമ്പരയില്‍ യുവതാരം റിങ്കു സിംഗിന്‍റെ ഫീല്‍ഡിംഗ് മികവിനെയും ടി ദിലീപ് പ്രശംസിച്ചു. ട്വന്‍റി 20 ഫോർമാറ്റില്‍ റിങ്കുവിനെ പോലുള്ള വേർസറ്റൈല്‍ ഫീല്‍ഡർമാർ അനിവാര്യമാണ് എന്നാണ് അദേഹത്തിന്‍റെ നിരീക്ഷണം. നിർണായക ക്യാച്ചുകളെടുത്ത യശസ്വി ജയ്സ്വാളിനെ പ്രശംസിക്കുകയും ദിലീപ് ചെയ്തു.

മുഖ്യ പരിശീലകന്‍ രാഹുൽ ദ്രാവിഡിനൊപ്പം ടി ദിലീപും 2024ലെ ട്വന്‍റി 20 ലോകകപ്പ് വരെ ടീമിനൊപ്പം തുടരും. മെഡൽ നേടാനായി താരങ്ങൾ മത്സരിച്ചാൽ ഇന്ത്യന്‍ ടീമിന്‍റെ ഫീൽഡിലെ പ്രകടനം കൂടുതൽ മെച്ചപ്പെടുമെന്ന് കരുതാം.

Read more: രോഹിത് ശർമ്മയുടെ ക്യാപ്റ്റന്‍സി മാറ്റം ചരിത്ര മണ്ടത്തരമാകുമോ; കാത്തിരുന്ന മറുപടിയുമായി മഹേള ജയവർധനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!