5.25 കോടിക്ക് ഹൈദരാബാദിലെത്തിയ ക്ലാസന് ഒറ്റയടിക്ക് 338 ശതമാനം വര്‍ധനയാണ് പ്രതിഫലത്തില്‍ ഉണ്ടായിരിക്കുന്നത്.
ഹൈദരാബാദ്: ഐപിഎല്‍ താരലേലത്തിന് മുമ്പ് നിലനിര്‍ത്തേണ്ട താരങ്ങളുടെ പട്ടിക തയാറാക്കുന്നതിന്‍റെ തിരക്കിലാണ് ടീമുകള്‍. നാളെയാണ് ഏതൊക്കെ താരങ്ങളെയാണ് നിലനിര്‍ത്തുക എന്ന് ടീമുകള്‍ പ്രഖ്യാപിക്കേണ്ട അവസാന തീയതി. ഇതിനിടെ താരലേലത്തിന് മുമ്പ് നിലനിര്‍ത്തേണ്ട താരങ്ങളുടെ കാര്യത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് തീരുമാനമെടുത്തുവെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ താരലേലത്തില്‍ 20.50 കോടി കൊടുത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയ ക്യാപ്റ്റൻ പാറ്റ് കമിന്‍സിന് ഇത്തവണ തുക കുറയുമെന്നാണ് റിപ്പോര്‍ട്ട്. കമിന്‍സിനെ 18 കോടി നല്‍കി നിലനിര്‍ത്താനാണ് ഹൈദരാബാദിന്‍റെ തീരുമാനമെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കഴിഞ്ഞ സീസണിലും ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെയുമെല്ലാം വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഹെന്‍റിച്ച് ക്ലാസന് ഹൈദരാബാദ് 23 കോടി നല്‍കുമെന്നാണ് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ടിലുള്ളത്. 5.25 കോടിക്ക് ഹൈദരാബാദിലെത്തിയ ക്ലാസന് ഒറ്റയടിക്ക് 338 ശതമാനം വര്‍ധനയാണ് പ്രതിഫലത്തില്‍ ഉണ്ടായിരിക്കുന്നത്.
നിലനിര്‍ത്തുന്ന ആദ്യ അഞ്ച് കളിക്കാര്‍ക്കായി പരമാവധി 75 കോടിയാണ് ഒരു ടീമിന് ചെലവഴിക്കാന്‍ കഴിയുക. ഇത് എങ്ങനെ ഓരോ കളിക്കാരനും കൊടുക്കണമെന്നത് ടീമുകളുടെ വിവേചനാധികരമാണെന്നാണ് റിപ്പോര്‍ട്ട്. ഈ വഴിയാണ് ക്ലാസന് 23 കോടി കിട്ടുക. കഴിഞ്ഞ സീസണില്‍ 15 ഇന്നിംഗ്സില്‍ 479 റണ്‍സടിച്ച ക്ലാസന്‍ 171.07 സ്ട്രൈക്ക് റേറ്റിലാണ് റണ്‍സടിച്ച് കൂട്ടിയത്. ഓരോ ടീമും നിലനിര്‍ത്തുന്ന നാലാമത്തെ കളിക്കാരന് വീണ്ടും 18 കോടിയും അഞ്ചാമത്തെ കളിക്കാരന് 14 കോടിയും മുടക്കണം.
കമിന്‍സിനും ക്ലാസനും കഴിഞ്ഞാൽ 14 കോടി നല്‍കി ഓപ്പണര്‍ അഭിഷേക് ശര്‍മയെയാണ് മൂന്നാമത്തെ താരമായി ഹൈദരാബാദ് നിലനിര്‍ത്തുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 6.5 കോടിക്കാണ് അഭിഷേക് ശര്‍മയെ ടീമിലെടുത്തത്. കഴിഞ്ഞ സീസണില്‍ 16 ഇന്നിംഗ്സില്‍ 484 റണ്‍സടിച്ച അഭിഷേക് ശര്‍മയുടെ സ്ട്രൈക്ക് റേറ്റ് 204.21 ആണ്. ഓസ്ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡാണ് ഹൈദരാബാദ് നിലനിര്‍ത്തുന്ന നാലാമത്തെ താരം. 14 കോടി നല്‍കിയാണ് ഹെഡിനെ ഹൈദരാബാദ് നിലനിര്‍ത്തുന്നത്.
SRH RETENTIONS...!!!! 📢
- Heinrich Klaasen - 23cr.
- Pat Cummins - 18cr.
- Abhishek Sharma - 14cr.
- Travis Head - 14cr.
- Nitish Kumar Reddy - 6cr.
SRH will go into IPL 2025 auction with a 45cr purse. (Espncricinfo). pic.twitter.com/QjoRmF9LmC
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ അരങ്ങേറിയതോടെ ക്യാപ്ഡ് താരമായെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിക്ക് ആറ് കോടി രൂപ നല്‍കി നിലനിര്‍ത്താനാണ് ഹൈദരാബാദ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ആദ്യ അഞ്ച് കളിക്കാര്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുകയായ 75 കോടി പരിധിയില്‍ ഹൈദരാബാദ് എത്തും. താരലേത്തില്‍ ഒരു അണ്‍ ക്യാപ്ഡ് കളിക്കാരനെ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി വിളിച്ചെടുക്കാന്‍ ഹൈദരദാബാദിന് കഴിയും. ലേലത്തിന് മുമ്പെ 75 കോടിയും ചെലവിടുന്നതോടെ ലേലത്തില്‍ 45 കോടി രൂപ മാത്രമായിരിക്കും ഹൈദരാബാദിന്‍റെ പേഴ്സിലുണ്ടാകുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക