ഒരുവേള പ്രിന്‍സ്, ഇപ്പോള്‍ വട്ടപ്പൂജ്യം; ശുഭ്‌മാന്‍ ഗില്‍ പുറത്താകാനിട! പകരം ആ താരം വന്നേക്കും

By Web TeamFirst Published Jan 28, 2024, 4:13 PM IST
Highlights

ചേതേശ്വര്‍ പൂജാരയ്ക്ക് ശേഷം ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ തന്‍റെ കസേര ഉറപ്പിക്കാനുള്ള സുവര്‍ണാവസരം പാഴാക്കുകയാണ് ശുഭ്‌മാന്‍ ഗില്‍

ഹൈദരാബാദ്: ശുഭ്മാന്‍ ഗില്ലിന് എന്ത് പറ്റി? ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോലിക്ക് ശേഷമുള്ള പോസ്റ്റര്‍ ബോയി എന്നായിരുന്നു ഗില്ലിനെ ഏവരും വിശേഷിപ്പിച്ചിരുന്നത്. മൂന്ന് ഫോര്‍മാറ്റിലും കോലിക്ക് ശേഷം ബാറ്റ് കൊണ്ട് ടീം ഇന്ത്യയെ നയിക്കാന്‍ ഗില്ലിനാകും എന്ന് വിലയിരുത്തപ്പെട്ടു. എന്നാല്‍ സമീപകാലത്ത് ഫോമില്ലായ്മയിലൂടെ കടന്നുപോകുന്ന ശുഭ്‌മാന്‍ ഗില്‍ ഇംഗ്ലണ്ടിനെതിരായ ഹൈദരാബാദിലെ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും ദയനീയമായി പുറത്തായി. ഇതോടെ ഗില്ലിന് പകരം മറ്റൊരാള്‍ക്ക് ടെസ്റ്റ് ടീമിലേക്ക് വഴിയൊരുങ്ങിയേക്കും. 

ചേതേശ്വര്‍ പൂജാരയ്ക്ക് ശേഷം ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ തന്‍റെ കസേര ഉറപ്പിക്കാനുള്ള സുവര്‍ണാവസരം പാഴാക്കുകയാണ് ശുഭ്‌മാന്‍ ഗില്‍. ഓസ്ട്രേലിയക്ക് എതിരായ അവസാന ടെസ്റ്റ് സെഞ്ചുറിക്ക് ശേഷം 0, 23, 10, 36, 26, 2, 29*, 10, 6, 18, 13 എന്നിങ്ങനെ മാത്രം സ്കോറുള്ള ഗില്ലിന് ഇക്കാലയളവില്‍ 17.30 ബാറ്റിംഗ് ശരാശരി മാത്രമേയുള്ളൂ. ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 23 റണ്‍സില്‍ പുറത്തായ ഗില്‍ രണ്ടാം ഇന്നിംഗ്സില്‍ രണ്ട് ബോള്‍ ക്രീസില്‍ നിന്ന് ഡക്കായി. ഇതോടെ ടെസ്റ്റ് ടീമില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുകയാണ്. ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നീ വെറ്ററന്‍ താരങ്ങളിലേക്ക് സെലക്ടര്‍മാര്‍ ഇനി തിരിച്ചുപോകില്ല എന്ന് ഉറപ്പായ സാഹചര്യത്തില്‍ പുറത്തിരിക്കേണ്ടി വന്നാല്‍ ഗില്ലിന് പകരം ആരാവും ടെസ്റ്റ് ഇലവനിലെത്തുക. 

Latest Videos

നിലവില്‍ ടെസ്റ്റ് സ്ക്വാഡിലുള്ള രജത് പാടിദാറിനെ പരീക്ഷിക്കാനുള്ള അവസരം ടീം ഇന്ത്യക്ക് മുന്നിലുണ്ട്. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ അടുത്തിടെ ഇന്ത്യ എയ്ക്കായി 111, 151 എന്നീ തകര്‍പ്പന്‍ ഇന്നിംഗ്സുകള്‍ പാടിദാര്‍ കളിച്ചിരുന്നു. ഇതോടെ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്ക്വാഡില്‍ വിരാട് കോലിക്ക് പകരം രജത് പാടിദാറിനെ ഉള്‍പ്പെടുത്തിയിരുന്നു. 2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടീം ഇന്ത്യക്കായി പാടിദാര്‍ ഏകദിന അരങ്ങേറ്റം കുറിച്ചിരുന്നുവെങ്കിലും അന്ന് തിളങ്ങാനായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിരാട് കോലി തിരിച്ചെത്തിയാലും ആഭ്യന്തര ഫോം വച്ച് പാടിദാറിനെ ഇന്ത്യക്ക് സ്ക്വാഡില്‍ നിലനിര്‍ത്താവുന്നതാണ്. ഗില്ലിന് പുറമെ മറ്റൊരു ബാറ്റര്‍ ശ്രേയസ് അയ്യരും ഫോമില്ലായ്മയിലാണ്.

Read more: പൂജാര, സര്‍ഫറാസ് ഔട്ട്; ഇംഗ്ലണ്ട് ലയണ്‍സിനെ വിറപ്പിച്ച രജത് പാടിദാര്‍ വിരാട് കോലിക്ക് പകരം ടെസ്റ്റ് ടീമില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!