സാനിയ മിര്‍സയുമായുള്ള വിവാഹമോചനം, പുതിയ കല്യാണം; പിന്നാലെ ട്വന്‍റി 20 റെക്കോര്‍ഡിട്ട് ഷൊയ്ബ് മാലിക്

By Web TeamFirst Published Jan 20, 2024, 7:23 PM IST
Highlights

ടി20 ക്രിക്കറ്റില്‍ 463 മത്സരങ്ങളില്‍ 14,562 റണ്‍സുമായി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് റണ്‍വേട്ടയില്‍ മുന്നില്‍

ധാക്ക: പാക് നടി സന ജാവേദിനെ വിവാഹം കഴിച്ചെന്നും ഇന്ത്യന്‍ മുന്‍ ടെന്നീസ് സ്റ്റാര്‍ സാനിയ മിര്‍സയുമായി വഴിപിരിഞ്ഞെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ ക്രിക്കറ്റ് മൈതാനത്ത് പുത്തന്‍ റെക്കോര്‍ഡുമായി ക്രിക്കറ്റര്‍ ഷൊയ്ബ് മാലിക്. ട്വന്‍റി 20 ക്രിക്കറ്റില്‍ 13,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം താരം എന്ന നേട്ടം മാലിക് സ്വന്തമാക്കി. ധാക്കയില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഫോര്‍ച്യൂണ്‍ ബാരിഷാല്‍ ടീമിനായി കളിക്കവെയാണ് ഷൊയ്ബ് മാലിക് ഈ റെക്കോര്‍ഡിട്ടത്. റാങ്‌പുര്‍ റൈഡേഴ്‌സിനെതിരെ ഫോര്‍ച്യൂണ്‍ 5 വിക്കറ്റിന് വിജയിച്ചപ്പോള്‍ മാലിക് 18 പന്തില്‍ രണ്ട് ബൗണ്ടറികളോടെ 17* റണ്‍സുമായി പുറത്താവാതെ നിന്നു. 

ടി20 ക്രിക്കറ്റില്‍ 463 മത്സരങ്ങളില്‍ 14,562 റണ്‍സുമായി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് റണ്‍വേട്ടയില്‍ മുന്നില്‍. രാജ്യാന്തര ട്വന്‍റി 20യിലെയും വിവിധ ഫ്രാഞ്ചൈസി ലീഗുകളിലെയും ആകെ റണ്‍ സമ്പാദ്യമാണിത്. 525 കളികളില്‍ 13,000 റണ്‍സ് പൂര്‍ത്തിയാക്കിയ ഷൊയ്ബ് മാലിക് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 641 മത്സരങ്ങളില്‍ 12,454 റണ്‍സുള്ള വിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡാണ് പട്ടികയില്‍ മൂന്നാമന്‍. രാജ്യാന്തര ടി20യിലും ഐപിഎല്ലിലും ഏറ്റവും കൂടുതല്‍ റണ്‍സുള്ള ഇന്ത്യന്‍ റണ്‍ മെഷീന്‍ വിരാട് കോലിയാണ് (376 കളികളില്‍ 11,994 റണ്‍സ്) നാലാം സ്ഥാനത്ത്. 41 വയസുകാരനായ മാലിക് ടെസ്റ്റിലും ഏകദിനത്തിലും നിന്ന് വിരമിച്ചെങ്കിലും ട്വന്‍റി 20 ക്രിക്കറ്റില്‍ ഇപ്പോഴും ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഫ്രാഞ്ചൈസി ലീഗുകള്‍ കളിച്ചുവരികയാണ്. 

Latest Videos

പാക് നടി സന ജാവേദിനെ ഷൊയ്ബ് മാലിക് വിവാഹം കഴിച്ചതായി അടുത്തിടെയാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. വെള്ളിയാഴ്ച ഷൊയ്ബ് മാലിക് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വിവാഹച്ചിത്രങ്ങളിലൂടെയാണ് ആരാധകര്‍ താരത്തിന്‍റെ വിവാഹ വാര്‍ത്ത അറിഞ്ഞത്. വിവാഹ വാര്‍ത്തക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ സന ജാവേദ് പ്രൊഫൈല്‍ പേര് സന ഷൊയ്ബ് മാലിക്ക് എന്നാക്കുകയും ചെയ്തു. മാലിക്കിന്‍റെ മൂന്നാമത്തെയും സന ജാവേദിന്‍റെ രണ്ടാം വിവാഹവുമാണിത്. 2010ല്‍ ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സയുമായി ഷൊയ്ബ് വിവാഹിതനായിരുന്നു. ഈ വിവാഹത്തില്‍ ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. കുറച്ചു കാലമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ദുബായില്‍ സാനിയയും മാലിക്കും മകൻ ഇഹ്സാന്‍റെ ജന്മദിനം ആഘോഷിക്കാനായി ഒരുമിച്ചപ്പോള്‍ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിച്ചുവെന്നായിരുന്നു ആരാധകര്‍ കരുതിയത്.

Read more: ഷൊയ്ബുമായുള്ള വിവാഹമോചനം; തീരുമാനമെടുത്തത് സാനിയ; കാരണം വ്യക്തമാക്കി പിതാവ് ഇമ്രാന്‍ മിര്‍സ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!