ബിസിസിഐ സെക്രട്ടറി ജയ് ഷാ പുതിയ ഐസിസി പ്രസിഡന്‍റാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു
മുംബൈ: ജയ് ഷാ ഐസിസി പ്രസിഡന്‍റായി നിയമിതനാവുമ്പോൾ പകരം രോഹൻ ജെയ്റ്റ്‍ലി ബിസിസിഐ സെക്രട്ടറി ആയേക്കുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ രണ്ട് ലൈംഗികാരോപണ കേസുകൾ ഉള്ളത് രോഹൻ ജെയ്റ്റ്‍ലിക്ക് തിരിച്ചടിയായേക്കും. ബിസിസിഐ സെക്രട്ടറി സ്ഥാനത്തേക്ക് മറ്റ് ചില പേരുകളും സജീവമായുണ്ട്.
സ്ഥാനമൊഴിയുന്ന ഗ്രെഗ് ബാർക്ലേയ്ക്ക് പകരം ബിസിസിഐ സെക്രട്ടറി ജയ് ഷാ പുതിയ ഐസിസി പ്രസിഡന്‍റാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഐസിസി ബോർഡിലെ പതിനാറ് അംഗരാജ്യങ്ങളിൽ പതിനഞ്ചും മുപ്പത്തിയഞ്ചുകാരനായ ജയ് ഷായ്ക്ക് പിന്തുണ നൽകിയിട്ടുണ്ട്. ഇതോടെയാണ് പുതിയ ബിസിസിഐ സെക്രട്ടറി ആരാവും എന്ന ചോദ്യമുയർന്നത്. നിലവിൽ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്നത് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് രോഹൻ ജെയ്റ്റ്‍ലിക്കാണ്. ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അരുൺ ജെയ്റ്റ്‍ലിയുടെ മകനാണ് ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷകനായ രോഹൻ ജെയ്റ്റ്‍ലി. 2023ല്‍ രോഹന്‍ ജെയ്റ്റ്‌ലി ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
എന്നാൽ ലൈംഗിക, സാമ്പത്തിക ക്രമക്കേടുകളിൽ ആരോപണം നേരിടുന്നത് രോഹൻ ജെയ്റ്റ്‍ലിക്ക് തിരിച്ചടിയായേക്കും. ദില്ലിയിൽ നിന്നുള്ള യുവതിയും മുംബൈയിൽ നിന്നുള്ള മോഡലുമാണ് രോഹനെതിരെ ബിസിസിഐയ്ക്ക് മുമ്പ് പരാതി നൽകിയിരുന്നത്. ഇതേസമയം ഈ പരാതികൾ പൊലീസിന് കൈമാറിയിട്ടില്ല.
ബിസിസിഐ മുൻ പ്രസിഡന്‍റ് ജഗ്‍മോഹൻ ഡാൽമിയയുടെ മകനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റുമായ അവിഷേക് ഡാൽമിയ, പഞ്ചാബിൽ നിന്നുള്ള ദിൽഷേർ ഖന്ന, ഛത്തിസ്ഗഡിൽ നിന്നുള്ള പ്രഭ്തേജ് ഭാട്ടിയ എന്നിവരും ബിസിസിഐ സെക്രട്ടറിയാവാൻ രംഗത്തുണ്ട്. 2019ല്‍ ബിസിസിഐ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ് കൂടിയാണ്. 2022ല്‍ ബിസിസിഐ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് മുമ്പ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറിയായിരുന്നു.
Read more: രോഹിത് ശര്‍മ്മയെ മുംബൈ ഇന്ത്യന്‍സ് കൈവിട്ടാല്‍ ചൂണ്ടാന്‍ തയ്യാറായി ഒരു ടീം; പ്ലാന്‍ ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം